Monday, July 24, 2006

കീര്‍ത്തിയളവ്‌

സ്കൂളവധി തുടങ്ങാനിനി രണ്ടു ദിവസമേയുള്ളു. നമ്മളിതുവരെ അണ്ണാനേം മരപ്പട്ടിയേം നോക്കി നടന്നതേയുള്ളു. അതുകൊണ്ട്‌ ഇന്ന് ഒരു അക്കൌണ്ടന്‍സി ക്ലാസ്സ്‌ ആയാലോ? ശരി, ഇരി.

ഒരു സ്ഥാപനത്തിന്റെ വസ്തു വില എന്നത്‌ അതിന്റെ ആസ്തികളില്‍ നിന്നും ബാദ്ധ്യതകള്‍ കുറക്കുന്നതാണ്‌. പക്ഷേ പെരിങ്ങോടന്റെ ശരവണഭവന്‍ എന്നു പറയുന്ന ഓട്ടലിന്റെ വില അതിനകത്തെ 25 റ്റേബിളും നൂറു ചെയറും ക്യാഷ്‌ രെജിസ്റ്ററും വിലയിട്ട്‌ അതില്‍ നിന്ന് ബാങ്ക്‌ ലോണ്‍ കുറക്കുന്നതാണോ? അല്ലല്ലോ. ആ അദൃശ്യമായ കൂടുതല്‍ വില, അല്ലെങ്കില്‍ കീര്‍ത്തിക്ക്‌ (ഓണറുടെ മകളുടെ പേരല്ല, സല്‍പ്പേരെന്നയര്‍ത്ഥത്തില്‍) അക്കൌണ്ടിംഗ്‌ ഭാഷയില്‍ ഗുഡ്‌വില്‍ എന്നു പേര്‍വിളിക്കുന്നു.

ഒരു സ്ഥാപനത്തിന്റെ ഗുഡ്‌വില്‍ പല രീതിയില്‍ അളക്കാം. തത്വത്തില്‍ ഞാന്‍ ഇന്ന് ശരവണഭവന്‍ പോലൊരു കട അവിടെ തുടങ്ങിയാല്‍ ഉണ്ടാവുന്ന ലാഭത്തെക്കാള്‍ എത്ര കൂടുതല്‍ ശരവണഭവനു കിട്ടുന്നുണ്ടോ അതാണ്‌ ആ കടയുടെ ഗുഡ്‌വില്‍. ഇത്രയും ഏതു പോസീലുകാരന്‍ എഴുതിയ അക്കൌണ്ടിംഗ്‌ പുസ്തകത്തിലും കാണും, പിന്നെ ക്ലാസ്സ്‌ എന്തിന്‌ എന്നാണോ? പറയട്ടെ.

എങ്ങനെ ഗുഡ്‌വില്‍ ഉണ്ടാകുന്നു അല്ലെങ്കില്‍ എന്തെല്ലാം തരം ഗുഡ്‌വില്‍ ഉന്റെന്ന് ഗൂഗിളിനൊടോ കോളേജ്‌ ലൈബ്രറിയോടോ ചോദിച്ചേ. ഉത്തരം വരാന്‍ ഇത്തിരി വിഷമിക്കും, കാരണം അക്കൌണ്ടറുമാര്‍ക്ക്‌ എങ്ങനെ എന്നല്ലാതെ എന്തുകൊണ്ട്‌ എന്നു ചോദിച്ച്‌ ശീലമില്ല.

ഗുഡ്‌വില്‍ നാലുതരമുണ്ട്‌. അതറിയുന്നതോടെ അതിന്റെ വിലയും മനസ്സിലാകും.

1. ഡോഗ്‌ ഗുഡ്‌വില്‍
കുട്ടന്‍പിള്ള മരിക്കുംവരെ ഞാന്‍ നാട്ടില്‍ പോകുമ്പോഴെല്ലാം അയാളുടെ ചായക്കടയില്‍ കയറും. മൂപ്പര്‍ വിശേഷങ്ങളെല്ലാം തിരക്കും ഞാന്‍ ചായ കുടിക്കും. മെലിഞ്ഞു/തടിച്ചു/വെളുത്തു/കറുത്തു എന്നിങ്ങനെ എന്നെ അംഗപ്രത്യംഗം അളന്ന് അഭിപ്രായവും പറയും. ഇങ്ങനെ ഒരു ലോയല്‍ കസ്റ്റമര്‍ ബേസാണ്‌ കുട്ടന്‍പിള്ളയുടെ കടയുടെ ഗുട്ടന്‍പിള്ള. മൂപ്പര്‍ മരിച്ചു. വേരൊരാള്‍ കട വാങ്ങി. നാലു ഉണ്ണിയപ്പവും കേക്കും നിരത്തി ഈച്ചയടിക്കുന്നു. ഞാനും കയറാറില്ല, തൊട്ടടുത്ത്‌ എന്റെ വീടുള്ളപ്പോ എന്തിനാ കടയിലെ ചായ?

ഇതാണു ഡോഗ്‌ ഗുഡ്‌വില്‍. കുട്ടന്‍പിള്ള എന്ന വ്യക്തിയിലാണു കസ്റ്റമര്‍ക്ക്‌ ലോയല്‍റ്റി. പട്ടിക്ക്‌ അതിന്റെ യജമാനനോടുള്ള സ്നേഹം പോലെ അത്‌ വ്യക്തിയിലാണ്‌. ആ സ്നേഹം കണ്ട്‌ നമ്മള്‍ പോയി ആ പട്ടിയെ വാങ്ങിയാലോ? കാര്യമില്ല. അതിന്റെ സ്നേഹം ട്രാന്‍സ്ഫറബിള്‍ അല്ല. ഒന്നേന്നടിച്ച്‌ അതിനെ നമ്മളും തിരിച്ചും സ്നേഹിച്ചു തുടങ്ങണം.


2. ക്യാറ്റ്‌ ഗുഡ്‌വില്‍
കൊല്ലം കുമാര്‍ തീയറ്റര്‍ ഒരു പഴഞ്ചനാണ്‌ എങ്കിലും തിരക്കിനു കുറവില്ല. കണ്ണായ സ്ഥലത്തല്ലേ. കൊല്ലം റെയില്‍വേ ക്യാന്റീനില്‍ ഇരിക്കാന്‍ പോലും ഇടമില്ല, ചോറിനു പകരം പഞ്ചാമൃതം കൊടുക്കുന്നതുകൊണ്ടാണോ? കുമാര്‍ തീയറ്റര്‍ എസ്‌ കെ രാധാകൃഷ്ണന്‍ വിറ്റു, അചാണി രവി വാങ്ങി
എന്നതൊന്നും ആ ഗൂഡ്‌വില്ലിനെ ബാധിക്കുന്നില്ല. പൂച്ചക്ക്‌ ഒരു വ്യക്തിയോടല്ല, അത്‌ താമസിക്കുന്ന വീടിനോടാണ്‌ അടുപ്പം. അതിപ്പോ ആര്‍ ആ വീട്ടില്‍ താമസിച്ചാലും പൂച്ചക്ക്‌ വലിയൊരു പ്രശ്നമല്ല.

3. റാറ്റ്‌ ഗുഡ്‌വില്‍
ഞാന് ‍ഇന്ത്യയില്‍ സിഗററ്റ്‌ വലിച്ചിരുന്ന കാലം മുഴുവന്‍ "വിത്സ്‌" ആണു വലിച്ചത്‌. അതു കിട്ടാനില്ലെങ്കില്‍ ഉള്ള കട തിരക്കി പോകും. വിദ്യ "നെന്മണി" അരി മാത്രമേ വീട്ടില്‍ വാങ്ങൂ. പക്ഷേ അവര്‍ അരിക്കു പുറമേ മോട്ടോര്‍ ബൈക്ക്‌ ഇറക്കിയാലോ? വിദ്യ വാങ്ങിക്കുമോ?

രാമന്റേയൊ അബ്ദുള്ളയുടേതോ പറമ്പില്‍ നിന്നും പിഴുതതാവട്ടേ, മൈതാനത്തോ മച്ചുമ്പുറത്തോ കൊണ്ടിട്ടതാവട്ടെ, കപ്പയാണോ, പെരിച്ചാഴി തിരക്കി വരും. അവനു ആ പ്രോഡക്റ്റില്‍ മാത്രമാണു ലോയല്‍റ്റി. റാറ്റ്‌ ഗുഡ്‌വില്ലിന്റെ കളി അത്രേയുള്ളു. ബ്രാന്‍ഡ്‌ നെയിമിന്റെ വിലയാണ്‌ ഇതിന്റെ വില.

4. റാബിറ്റ്‌ ഗുഡ്‌വില്‍‍
മുയല്‍ക്കുട്ടന്‌ ഇതൊന്നും ഒരു പ്രശ്നമേയല്ല. എവിടെകൊണ്ട്‌‌ വളര്‍ത്തിയാലും അവന്‍ വളര്‍ന്നോളും. റ്റാറ്റാ ഉപ്പ്‌, റ്റാറ്റാ മണ്‍വെട്ടി, റ്റാറ്റാ തേയില, റ്റാറ്റാ സഫാരി, റ്റാറ്റാ സ്റ്റ്രക്ചറല്‍ സ്റ്റീല്‍. ആ പേരു കണ്ടാല്‍ എന്തൊരു വിശ്വാസമാ. "പ്രകൃതിയുടെ മിശ്രിതം റ്റാറ്റായുടെ പാക്കിങ്ങും" എന്നു കേള്‍ക്കുമ്പോ പൊന്നുംകുടത്തിനു പൊട്ടും എന്നു നമുക്കു തോന്നുന്നില്ലേ.

ഇവനാണു വിലയെങ്കില്‍ വില. പൊന്മുട്ടയിടുന്ന താറാവല്ലേ, ചാകാതെ മാത്രം നോക്കിയാല്‍ മതി, എന്തും വില്‍ക്കാം എന്തു കണ്‍സള്‍റ്റന്‍സിയും സര്‍വീസും നടത്താം. ഇതിനു വില കണക്കുകൂട്ടാറില്ല, വിലപേശി ഉറപ്പിക്കാനേ കഴിയൂ..

ദേ ബെല്ലടിച്ചല്ലോ.

Friday, July 14, 2006

വരയാട്


മൂന്നാറില്‍ വൈകുന്നേരത്തെ ചായസമയത്ത്‌ മഴ പെട്ടെന്ന് നിന്ന് ചെറുചൂടുള്ള വെയില്‍ തെളിഞ്ഞു. വരയാടുകളെ കാണാന്‍ പറ്റിയ സമയം. 15 കിലോമീറ്റര്‍ മറയൂര്‍ ഭാഗത്തേക്ക്‌ സഞ്ചരിച്ച്‌ ഇരവികുളം വന്യജീവിസംരക്ഷണകേന്ദ്രത്തിലെ പൊതുജനത്തിനു സന്ദര്‍ശനാനുമതിയുള്ള ‌രാജമലയില്‍ ചെന്നെത്തി. സജിച്ചേട്ടന്റെ പരിചയക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍സുരക്ഷാപ്രശ്നങ്ങളാല്‍ വാഹനങ്ങളെ കടത്തിവിടാത്ത മലമ്പാതകളും ഞങ്ങള്‍ക്ക് തുറന്നു കിട്ടിയതിനാല്‍ ആടുകള്‍ക്കടുത്തുവരെ കാറില്‍ പോകാനായി.

നീല്‍ഗിരി താര്‍ hemitragus hylocrius എന്ന വരയാട്‌ ചെമ്മരിയാടിനോട്‌ വളരെ അടുത്ത ബന്ധമുള്ള മലയാട്‌ (tahr കുലത്തിലെ മൂന്നു വംശങ്ങളില്‍ ഒന്നാണ്‌. ഹിമാലയന്‍ മലയാട്‌ (hemitragus jemlahicus) അറേബ്യന്‍ മലയാട്‌ (hemitragus jayakari) എന്നിവയാണ്‌ tahr ജനുസ്സിലെ മറ്റു സ്പീഷീസ്‌.

പറ്റമായി വെയില്‍ കായുന്ന വരയാടുകളെ കണ്ടപ്പോള്‍ ഇഗ്നീഷന്‍ ഓഫ്‌ ചെയ്ത്‌ അവയ്ക്ക്‌ ശല്യമാകാത്ത കാഴ്ചക്കാരായി ഞങ്ങള്‍. "ഇവയ്ക്കെല്ലാം ചാരനിറം മൂടിയ തോലല്ലേ, വരയൊന്നുമില്ലല്ലോ. പിന്നെ വരയാട്‌ എന്ന പേരെങ്ങനെ വന്നു ഈ ജീവിക്ക്‌?" ഞാന്‍ അന്വേഷിച്ചു.

"വരൈ എന്നാല്‍ തമിഴില്‍ പാറക്കെട്ട്‌ എന്നാണര്‍ത്ഥം. ഇവറ്റ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്ക്‌ മുകളിലാണു വാസം. വലിയ പാറകള്‍ക്ക്‌ മുകളിലൂടെ മിന്നല്‍ വേഗത്തില്‍ പാഞ്ഞുകളിക്കുന്ന ഇവയെ പാറക്കെട്ടിലെ ആട്‌ എന്ന അര്‍ത്ഥത്തിലാണ്‌ വരൈ ആടെന്നു വിളിക്കുന്നത്‌, വരയുള്ള ആടെന്നല്ല" സജിച്ചേട്ടന്‍ പറഞ്ഞു.

പശ്ചിമഘട്ടത്തിലെ പുല്ലു നിറഞ്ഞ പാറച്ചെരുവുകളില്‍ മാത്രമേ ലോകത്ത്‌ വരയാടുകളുള്ളു. (തിരുവനന്തപുരം സൂവിലും അമേരിക്കയിലെ രണ്ടു സൂവിലും വരയാടുകളെ അടച്ചു വളര്‍ത്തുന്നുണ്ടെന്ന് താര്‍ ഫൌണ്ടേഷന്‍ സൈറ്റില്‍ http://www.tahrfoundation.org വായിച്ചു. അതു കണക്കില്‍ പെടില്ലല്ലോ) രണ്ടായിരത്തോളം ആടുകളേ അവശേഷിച്ചിട്ടുള്ളു. അവയില്‍ മിക്കവയും ഇരവികുളം വൈല്‍ഡ്‌ ലൈഫ്‌ പാര്‍ക്കിലാണ്‌. നീലഗിരിയിലെ ഈ മലയാടുളും ഹിമാലയത്തിലേതും അറേബ്യയിലേയും തന്റെ ബന്ധുക്കളെപ്പോലെ വേട്ടക്കാരുടെയും കുടിയേറ്റക്കാരുടെയും ക്രൂരതക്കു മുന്നില്‍ കുലം നശിച്ച സാധുക്കളാണ്‌. ഇരുനൂറു വര്‍ഷം മുന്‍പ്‌ കേരളത്തിന്റെ 75% ഉം വനഭൂമിയായിരുന്നു. ഇന്നത്‌ നാലിലൊന്നായി ചുരുങ്ങി. വരയാടിന്റെ വരൈകള്‍, ഈ ലോകത്തെ എല്ലാം ഭോഗിച്ച്‌ ഇല്ലാതാക്കുന്ന രാക്ഷസര്‍- മനുഷ്യര്‍-കയ്യാളിയപ്പോള്‍ ലക്ഷങ്ങളുടെ അംഗബലം ഉണ്ടായിരുന്ന അവന്റെ കുലം മുടിഞ്ഞു. ഇറച്ചിക്കും പിന്നെ വെറും വിനോദത്തിനും വന്‍ തോതില്‍ അവ നായാടപ്പെട്ടപ്പോള്‍ വംശം അന്യം നിന്നുപോകാറാകുകയും ചെയ്തു.

മലയിറങ്ങാന്‍ നേരം വരയാട്ടില്‍പറ്റം എഴുന്നേറ്റു നിന്ന് ഞങ്ങളെ യാത്രയാക്കി. കാറ് സ്റ്റാര്‍ട്ടാകുന്ന ഇരമ്പം കേട്ട് രണ്ട് ആട്ടിന്‍‌കുട്ടികള്‍ തുള്ളിക്കളിക്കലുപേക്ഷിച്ച് അമ്മയുടെ നേര്‍ക്ക് ഓടി.

Tuesday, July 11, 2006

ബിയാവക്‌ രാക്ഷസാ*ഒന്നു ക്ലിക്കി വലിയ ഫോട്ടോ കാണൂ ഇല്ലെങ്കില്‍ ഇവനെ ശരിക്കറിയാന്‍ കഴിയില്ല. ഇവന്‍ കൊമോഡോ ഡ്രാഗണ്‍ varanus komodoensis.

ഈ പിശാചാണെന്നു കരുതിയാണ്‌ ഏവൂരാന്‍ ഉടുമ്പിനെ കണ്ടു വിരണ്ടത്‌. ഇന്നു ഭൂമുഖത്തുള്ളവരില്‍ ഏറ്റവും വലിയ പല്ലിയാണ്‌ കൊമോഡോ വ്യാളി. ഇന്തോനേഷ്യയിലെ കൊമൊഡോയിലും പരിസരത്തുള്ള മറ്റ്‌ ആള്‍താമസമില്ലാത്ത ദ്വീപുകളിലും മാത്രം കാണപ്പെടുന്ന ഇവയില്‍ മൂന്നേകാല്‍ മീറ്റര്‍ വരെ നീടലും നൂറ്ററുപത്താറു കിലോ വരെ തൂക്കവുമുള്ള ഒന്നാണു കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലുതെന്ന് സയന്റിഫിക്‌ അമേരിക്കന്‍ മാഗസിന്‍ പറയുന്നു.

ഏഴുമാസം കാത്തു വച്ചാണു ഡ്രാഗത്തി കുഞ്ഞിനെ വിരിക്കുന്നതെന്നും ഡ്രാഗര്‍ ഒരു നായയുടെ വേഗത്തിലോടുമെന്നും മനുഷ്യനെ തരത്തിനു കിട്ടിയാല്‍ അപ്പോള്‍ തട്ടുമെന്നും വിക്കി തരുന്ന വിവരം

പഴകി അളിഞ്ഞ മാംസം തിന്നുന്നതും കോന്ത്രമ്പല്ലിന്റെ ഇടയില്‍ മാംസം ഇരുന്നു ചീയുന്നതും ഇവറ്റയുടെ വായിലെ സെപ്റ്റിക്ക്‌ ബാക്റ്റീരിയ കൃഷിക്ക്‌ കാരണമാകുന്നെന്ന് ദില്‍ബാസുരന്റെ റിപ്പോര്‍ട്ട്‌. (പോലീസുകാരന്റെ തൊപ്പിയെ തോല്‍പ്പിക്കാന്‍ പോന്ന ഈ മുടിഞ്ഞവന്റെ ഒടുക്കത്തെ വായ്‌ നാറ്റം ആയിരിക്കും ഡ്രാഗണ്‍ ബ്രീത്ത്‌ എന്നു പറയുന്നത്‌)

സീയാറ്റില്‍ സൂവില്‍ മൂപ്പര്‍ സൂപ്പെര്‍സ്റ്റാര്‍ ആണെന്ന് അവിടത്തെ പ്രതിനിധി സന്തോഷ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

[ഇത്‌ വായനക്കാരാല്‍ നിര്‍മ്മിതമായ ഒരു പോസ്റ്റ്‌. ചിത്രമൊഴികെ
എല്ലാത്തിനു ക്രെഡിറ്റ്‌ മുകളിലത്തെ പോസ്റ്റില്‍ കമന്റ്‌ ഇട്ടവര്‍ക്കും, വിക്കിക്കും സയന്‍സ്‌ മാഗിനും. *biawak rakshasa is the indonesian name for komodo dragon, literally meaning demon lizard]

Sunday, July 09, 2006

കടുംപിടുത്തക്കാരന്‍

പത്തു വര്‍ഷം മുന്‍പ്‌ ആന്ധ്രയിലൊരു കമ്പനിയില്‍ താമസിച്ചു ജോലി ചെയ്യുന്ന ദിവസങ്ങളിലൊന്നില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ്‌ ആഹ്ലാദത്തോടെ താനൊരു ഗോഥയെ കെണിയില്‍ പെടുത്തി തല്ലികൊന്നെന്ന് അറിയിച്ചു. അതു കഴിച്ചാല്‍ എല്ലാ അസുഖവും ശമിക്കുമെന്ന് ഒരു പ്രലോഭനം സഹിതം നന്ദ്യാലാ അരി കൊണ്ടുണ്ടാക്കിയ ഊണിനൊരു ക്ഷണവും നടത്തി. ഗോഥാ എന്താണെന്നറിയില്ലാത്തതുകൊണ്ട്‌ ശവം വീണ സ്ഥലം വരെ പോയി നോക്കി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ഗോയ്‌ഥേ. ആളെപ്പിടി കിട്ടി- നമ്മുടെ ഉടുമ്പ്‌ (common indian monitor lizard bn. varanus bengalensis)

ഉടുമ്പിന്റെ ഇറച്ചി ചതച്ചു തിന്നാല്‍ മസില്‍ വേദന ശമിക്കുമെന്നും ചാട്ട പോലെ നീണ്ട നാക്ക്‌ കഴിച്ചാല്‍ അടിയും ഇടിയും കൊണ്ട ചതവും മറ്റും മാറുമെന്നും ഇന്ത്യയിലാകെ വിശ്വസിക്കപ്പെടുന്നു. ഇതില്‍ കഴമ്പുണ്ടെന്നും ഇല്ലെന്നും ആയുര്‍വേദികളായ പലരും പറയുന്നു. എന്തായാലും ഉടുമ്പ്‌ ഇന്നു അന്യം നില്‍ക്കുകയാണ്‌- കഴിവതും അവനെ വെറുതേ വിടാം.

ഏതോ മറാത്താ പോരാളി മുതല്‍ കായം കുളം കൊച്ചുണ്ണി വരെ ഉടുമ്പിനെ കയറില്‍ കെട്ടി കയറ്റി വിട്ട്‌ അതില്‍ തൂങ്ങി കോട്ടമതിലുകള്‍ കടന്നിട്ടുണ്ടെന്ന് ഐതിഹ്യങ്ങളുണ്ട്‌. ഉടുമ്പിന്റെ അള്ളിപ്പിടുത്തത്തിനു ഒരാളെ താങ്ങാനുള്ള കെല്‍പ്പുള്ളതുകൊണ്ട്‌ വിശ്വസിക്കാവുന്നതേയുള്ളു.

ഗഞ്ചിറ എന്ന വാദ്യോപകരണം ഉണ്ടാക്കാന്‍ ഉടുമ്പിന്‍ തോല്‌ ഉപയോഗിച്ചു വരുന്നു. എന്നാലത്‌ നിയമവിരുദ്ധമാണ്‌. അടുത്തസമയത്ത്‌ കൊല്ലം മവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ആയിരത്തോളം ഗഞ്ചിറകള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പിടിച്ചെടുത്ത്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്തിരുന്നു.


കാരുടുമ്പ്‌ പൊന്നുടുമ്പ്‌ എന്നു രണ്ടിനമുണ്ട്‌. വലിപ്പവും കറുത്ത നിറവും ഉള്ള
കാരുടുമ്പിനാണത്രേ ഗുണവും കൂടുതല്‍. ചിത്രത്തില്‍ കാണുന്നത്‌ കാരുടുമ്പ്‌ ഇനമാണ്‌. പൊന്നുടുമ്പിനെയാണ്‌ കൂടുതലായും കണ്ടു വരുന്നത്‌.

മോണിട്ടര്‍ എന്ന പേര്‍ ഇത്തരം പല്ലികള്‍ക്ക്‌ കിട്ടിയത്‌ മുതലയുള്ള സ്ഥലങ്ങളില്‍ ഇവന്‍ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകോണ്ടാണ്‌.(മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ട ഭോജ്യങ്ങളില്‍ ഒന്നാണെന്നതിനാല്‍ ഇത്‌ മുതലമടകള്‍ തിരഞ്ഞു കണ്ടുപിടിക്കും)

ഉടുമ്പ്‌ എന്ന പേരില്‍ ഒരു ഗുസ്തിക്കാരനില്ലാത്ത ഒരു നാടും കേരളത്തിലും തമിഴു നാട്ടിലും കാണില്ല, ഉടുമ്പിന്‍പിടി അത്ര കേമമാണ്‌.

ഭക്ഷണവും മരുന്നുമായും തുകലിനു വേണ്ടിയും ഉടുമ്പുകളെ ഉപയോഗിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌ .

മുതലമുട്ടകള്‍, ചെറു ചീങ്കണ്ണികള്‍, പാമ്പ്‌, എലി, തേള്‍ തുടങ്ങിയ ജീവികളെ പിടിച്ചു തിന്ന് നാട്ടിന്‍പുറങ്ങള്‍ സുരക്ഷിതവും വാസയോഗ്യവുമാക്കുക എന്ന നിയോഗമാണ്‌ ഉടുമ്പുകളുടേത്‌ . എന്നാല്‍ കോഴിമുട്ടയും കോഴിക്കുഞ്ഞുങ്ങളും ചിലപ്പോഴൊക്കെ ഉടുമ്പിന്റെ തീറ്റയാകാറുണ്ട്‌. പോളിത്തീന്‍ കവറുകള്‍ വഴിയില്‍ ഉപേക്ഷിക്കുന്ന കാലം സംജാതമായതോടെ ഇറച്ചി-മീന്‍ മണമുള്ള കവറുകള്‍ തിന്ന് ഉടുമ്പുകള്‍ വളരെയേറെ അംഗബലം കുറഞ്ഞ ജന്തുവര്‍ഗ്ഗമായി.

ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളര്‍ത്താം. കോഴിമുട്ടയും മീന്‍-ഇറച്ചി കഷണങ്ങളും കൊടുത്താല്‍ മതിയാവും. കൊമൊഡോ
ഡ്രാഗണ്‍ എന്ന ആള്‍പ്പിടിയന്‍ പല്ലി ഉടുമ്പിന്റെ മൂത്ത ഒരേട്ടനാണ്‌. ആളൊഴിഞ്ഞമൂലയിലെ പാറപ്പുറത്ത്‌ നാക്കു പുറത്തേക്കിട്ടു ചുഴറ്റി ചെറു വെയില്‍ കൊണ്ടിരിക്കുന്ന്ന ഉടുമ്പ്‌ ഇന്ന് അപൂര്‍വമായ ഒരു കാഴ്ച്ചയായി.

[വിട്ടുപോയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത കുറുമാനും അക്ഷരപ്പിശാചിനെ ഉച്ചാടനം ചെയ്ത ശനിയനും നന്ദി]

ബുദ്ധന്റെ ഉടവാള്‍ സൂക്ഷിപ്പുകാര്‍


ക്രി. വ അഞ്ഞൂറോടടുത്ത്‌ ബോധിധര്‍മ്മന്‍ (തമോ എന്ന് മന്‍ഡറിന്‍ പേര്‍)പേര്‍ഷ്യന്‍* ബുദ്ധഭിക്ഷു ജാപ്പനീസില്‍ സെന്‍ എന്നറിയപ്പെടുന്ന ധ്യാന്‍ രീതിയിലുള്ള മഹായാന ബുദ്ധമതം പ്രചരിപ്പിക്കാന്‍ ഹേനന്‍ നഗരത്തിലെത്തിയെന്നും അവിടെനിന്നും സഞ്ചരിച്ച്‌ ഷാവൊലിന്‍ (യുവ വനങ്ങള്‍ എന്ന് വാഗര്‍ത്ഥം) എന്നറിയപ്പെട്ടിരുന്ന ബുദ്ധവിഹാരത്തിനടുത്ത്‌ ധ്യാനിക്കവേ വിഹാരത്തിലുണ്ടായിരുന്ന ഭിക്ഷുക്കള്‍ ആ ശക്തി മനസ്സിലാക്കി അദ്ദേഹത്തെ നായകനാക്കിയെന്നും ഷാവൊലിന്‍ ചരിതങ്ങള്‍ പറയുന്നു.ബുദ്ധഭിക്ഷുക്കള്‍ വ്യായാമവും ഭക്ഷണവുമില്ലാതെ അശക്തരായിരിക്കുന്നത്‌ നിര്‍വ്വാണത്തിനൊരു തടസ്സമാവുമെന്ന് കണ്ട ബോധിധര്‍മ്മന്‍ ഹഠയോഗാധിഷ്ടിഠമായ ചിട്ടയില്‍ ജന്തുക്കളുടെ ചലനങ്ങള്‍ക്കനുസരിച്ച്‌ യോഗ മുദ്രകള്‍ വ്യായാമവുമാക്കി അതില്‍ നിലവിലുണ്ടായിരുന്ന ചൈനീസ്‌ പയറ്റുമുറകള്‍ വിളക്കിച്ചേര്‍ത്ത്‌ ഷാവൊലിന്‍ അഭ്യാസരീതിയെ ക്രോഡീകരിച്ചു.

ആയിരത്തോളം വര്‍ഷം യോഗചര്യയിലൂന്നിയ ഈ മുറകള്‍ ജംഖിസ്‌ ഖാന്റെ ആക്രമണകാലത്ത്‌ പെട്ടന്ന് ആയോധനകലയായ ഷാവൊലിന്‍ ക്വാന്‍ ആയി രൂപം മാറുകയായിരുന്നു. മംഗോള്‍ സാമ്ര്യാജ്യo നിലം പതിച്ച ശേഷം മിംഗ്‌ സാമ്രാജ്യം സ്ഥാപിച്ചത്‌ യുന്‍ ചാങ്ങ്‌ എന്ന സെന്‍ സന്യാസിയായിരുന്നു. ഈ വംശം ഭരിച്ച സമയത്ത്‌ ഷാവോലിന്‍ വിഹാരം ഏറ്റവും വലിയ വളര്‍ച്ചയും കണ്ടു.

ഷാവോലിന്‍ പയറ്റു വിദ്യ
ഇന്നു കാണുന്ന 170 തരം മുഷ്ടിതന്ത്രവും 130 ആയുധപ്പയറ്റു വിദ്യയും അടങ്ങുന്ന 300 ഇന ആയോധനാതന്ത്രത്തില്‍
പയറ്റുവാള്
‍ത്രിശൂലം
ഇരുതലവാള്‍ തുടങ്ങി 5 തരം വാളുകള്‍
ദണ്ഡ്‌
നാരായക്കത്തി
വാക്കിംഗ്‌ സ്റ്റിക്ക്‌
പൈപ്പ്‌ ഡാര്‍ട്ട്‌
അള്ളേറ്‌
അരിവാള്‍
കുന്തം
വാള്‍ക്കുന്തം
ആണിച്ചാട്ട
വെണ്മഴുഎന്നിങ്ങനെ പതിനെട്ടു തരം ആയുധങ്ങളും
പതിനെട്ടു മൃഗങ്ങളെ (പ്രധാനമായും കൊറ്റി, പുലി, ഡ്രാഗണ്‍, പാമ്പ്‌, കടുവ, കുതിര, കുരങ്ങ്‌, മാന്‍, കരടി, പക്ഷി, ) അനുകരിക്കുന്ന ചലനങ്ങളും
പതിനെട്ടു പയറ്റു നിലകളും
മുപ്പത്താറ്‌ അടവുകളും അടങ്ങുന്നു.
എഴുപത്തിരണ്ട്‌ പരിശീലന രീതികളാലെയാണ്‌ ഷാവൊലിന്‍ ക്വാന്‍ പരിശീലിപ്പിക്കുന്നത്‌. ഇതില്‍ മിക്കതും അതി കഠിനവും ദശാബ്ദങ്ങളോളം പരിശീലിച്ചാല്‍ മാത്രം സിദ്ധമാകുന്നതുമാണ്‌.

മൂന്നു പതനങ്ങള്‍
രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു തവണ കലാപകാരികളോട്‌ തോറ്റ്‌ ഷാവോലിന്‍ വിഹാരം നിശ്ശേഷം കീഴടങ്ങിയിട്ടുണ്ട്‌. ഓരോതവണയും ഒടുങ്ങിയതിനെക്കാള്‍ വേഗത്തില്‍ അതില്‍ സന്യാസികള്‍ പുനപ്രവേശവും നടത്തി. ഔദ്യോഗിക ചരിത്രം ഇന്ന് ചുവര്‍ ചിത്രങ്ങളിലും നാശകോശമായ രേഖകളിലും ഒതുങ്ങിയതിന്റെ കാരണം അതാണ്‌.

നാശവും പുനരുദ്ധാരണവും
കമ്യൂണിസ്റ്റ്‌ റെവല്യൂഷന്‍ കാലത്ത്‌ മതം സന്യാസം എന്നിവ ഭോഷ്കായും ആയൊധന പരിശീലനം സര്‍ക്കാരുകളോടുള്ള വെല്ലുവിളിയായും കാണപ്പെട്ടതിനാല്‍ 13000 എക്കര്‍ വിസ്റ്റീര്‍ണ്ണമുള്ള ഷാവോലിന്‍ വിഹാര പരിസരം വിപ്ലവകാരികള്‍ കയ്യേറി പൊതുമുതലാക്കുകയും പുറപ്പെടാ ധ്യാനികളൊഴിയെ മിക്കവാറും എല്ലാ സന്യാസികളും വിഹാരമൊഴിയുകയും ചെയ്തു. വിലപ്പെട്ട ഷാവൊലിന്‍ പുസ്തകശാല ഇതില്‍ നശിപ്പിക്കപ്പെട്ടു പോയി.നാല്‍പ്പതു വര്‍ഷത്തിനു ശേഷം ഷാവൊലിന്‍ റ്റെമ്പിള്‍, 36ത്‌ ചേമ്പര്‍ ഓഫ്‌ ഷാവൊലിന്‍, മാഡ്‌ മങ്കി കുങ്ങ്‌ ഫൂ, സ്നേക്‌ ഇന്‍ ദ മങ്കീസ്‌ ഷാഡോ എന്നിങ്ങ (മുഖ്യമായും ജെറ്റ്‌ ലീ ചിത്രങ്ങള്‍) ഷാവോലിനു ലോക ശ്രദ്ധ നേടിക്കൊടുത്ത ശേഷമാണ്‌ കമ്യൂണിസ്റ്റ്‌ ചൈനീസ്‌ സര്‍ക്കാരിനു തങ്ങള്‍ക്കു നഷ്ടമായ അമൂല്യ നിധിയെ തിരിച്ചറിയാനായത്‌. ഇതെ തുടര്‍ന്ന് പലായനം ചെയ്ത സന്യാസിമാരില്‍ ജീവിച്ചിരിക്കുന്നവരെ തിരിച്ച്‌ വിഹാരത്തിലെത്തിക്കുകയും നാല്‍പ്പതു വര്‍ഷം മുന്‍പ്‌ നശിപ്പിച്ച ഗ്രന്ധങ്ങളില്‍ ഒട്ടു മുക്കാലും ഈ ഭിക്ഷുക്കളുടെ ഓര്‍മ്മയില്‍ നിന്നും വീണ്ടും എഴുതിയെടുക്കുകയും ചെയ്തു. ഇന്നത്തെ ഷാവൊലിന്‍ റ്റെമ്പിളിനു മിംഗ്‌ കാലത്തില്‍ നിന്നും പല വലിയ വത്യാസങ്ങളുമ്മുണ്ട്‌. ടിക്കറ്റെടുത്ത്‌ സന്ദര്‍ശിക്കാവുന്ന ഒരു ടൂറിസ്റ്റ്‌ കേന്ദ്രവും, പാശ്ചാത്യരീതിയില്‍ മാനേജ്‌മന്റ്‌ ബിരുദങ്ങള്‍ കൂടി കൈവശമുള്ള എക്സിക്യൂട്ടീവ്‌ സന്യാസിമാരുടെ ഭരണവും ഇതിനെല്ലാം നടുവില്‍ ധ്യാനവും അഭ്യാസവുമൊക്കെയായി ഏറെക്കുറെ ഒരു തിരക്കു പിടിച്ച കേന്ദ്രമായിരിക്കുന്നു ആധുനിക ഷാവോലിന്‍ വിഹാരം. ഇങ്ങനെ ഇതൊരു university style ബുദ്ധവിഹാരമായി മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഷാവോലിന്‍ എല്ലാക്കാലത്തും അതിശയകരമായിരുന്ന വത്യസ്തത പുലര്‍ത്തിയിരുന്നിട്ടില്ലേ എന്നാണത്രേ ഭാരവാഹികളുടേ മറുചോദ്യം.

* he is either persian or south indian as per wikipedia, which is not in accordance with official web page of shaolin temple
[ലേഖനത്തിനാധാരം
1. 2004ഇല്‍ നാഷണള്‍ ജ്യോഗ്രഫിക്‌ ചാനല്‍ ഷാവോലിന്‍ വിഹാരത്തിലെ ലൈബ്രറി പുന്ര്നിര്‍മ്മാണത്തെക്കുറിച്ചും തുടര്‍ന്ന് 72 പഠനരീതികളെക്കുറിച്ചും പുറത്തിറക്കിയ പരമ്പര

2. ഷാവോലിന്‍ വിഹാരത്തിന്റെ ഔദ്യോഗിക വെബ്‌ പേജ്‌
3. http://www.kungfulibrary.com/
4. ഷാവോലിന്‍ റ്റെമ്പിള്‍ എന്ന ചലചിത്രം]

Tuesday, July 04, 2006

ഉള്‍ട്ടാപ്പുള്‍ട്ടാ


ചിത്രത്തില്‍ കാണുന്നത്‌ കടവാതില്‍ (flying fox) എന്ന ലോകത്തിലെ ഏറ്റവും വലിയ ഇനം വവ്വാല്‍.
കഴിഞ്ഞ പോസ്റ്റ്‌ വായിച്ച ഒരാള്‍ വവ്വാലെന്തിനു തല കീഴായി കിടക്കുന്നു എന്നു ചോദിച്ചിരുന്നു. സാധാരണ പറക്കുന്ന ജീവികള്‍ തല മുകളറ്റം വരുന്ന രീതിയിലും, നാല്‍ക്കാലികളും ഇഴജന്തുക്കളും തല മുന്‍വശത്തേക്കു നീട്ടിയുമാണല്ലോ വിശ്രമിക്കാറ്‌. വവ്വാലിന്റെ ചിറകുകള്‍ ചര്‍മ്മനിര്‍മ്മിതമാകയാലും കാലുകള്‍ക്ക്‌ പക്ഷികളെ പോലെ റ്റേക്‌ ഓഫ്‌ ചെയ്യിക്കാന്‍ ത്രാണിയില്ലാത്തതിനാലും ഹാങ്ങ്‌ ഗ്ലൈഡര്‍ പോലെ ലൌഞ്ച്‌ ചെയ്യുകയേ നിവര്‍ത്തിയുള്ളു. എറ്റവും എളുപ്പം പറന്നു തുടങ്ങാന്‍ തലകീഴായി കിടക്കുകയാണ്‌ വെറുതേ പിടി വിട്ട്‌ കുട തുറന്ന് പറന്നു തുടങ്ങുകയാണല്ലോ. പകല്‍ ഉറക്കക്കാരനാകയാല്‍ മറ്റു ജന്തുക്കള്‍ സഞ്ചരിക്കാനിടയില്ലാത്ത അടിഭാങ്ങളിലും മറ്റും തൂങ്ങിക്കിടന്നാല്‍ അപായഭീഷണി കുറയുമെന്നത്‌ രണ്ടാമത്തെ കാരണം.
അപ്പോള്‍ തേവാങ്ക്‌ പറക്കില്ലല്ലോ, പിന്നെന്തിനു വാവലിനെ പോലെ കിടക്കുന്നു?

തേവാങ്ക്‌ വാവലിനെപ്പോലെ തക കിഴുക്കായിട്ടല്ല, മരക്കൊമ്പില്‍ നാലു കാലുകൊണ്ടും കെട്ടിപ്പിടിച്ച്‌ തൂങ്ങിക്കിടക്കുകയാണ്‌ ചെയ്യുന്നത്‌. ദിവസത്തില്‍ പത്തു പതിനെട്ടു മണിക്കൂര്‍ ഉറങ്ങിക്കളയുന്ന, മിനുട്ടില്‍ അഞ്ചാറടി മാത്രം വേഗതയുള്ള പേശീ ശക്തി വളരെ കുറഞ്ഞ തേവാങ്കിന്‌ മരത്തില്‍ കിടക്കാനും സഞ്ചരിക്കാനും ഏറ്റവും കുറവ്‌ ആയാസമുള്ള രീതി തൂങ്ങിക്കിടക്കല്‍ തന്നെ.
പേശികളുടെയും എല്ലുകളുടെയും പ്രത്യേകതയാല്‍ സഞ്ചാരികള്‍ വടിമേല്‍ കെട്ടിയിടുന്ന തുണിപ്പൊഴി പോലെ സുഖമായി ഇവന്‍ തൂങ്ങി കിടന്നോളും ഒട്ടും ആയാസമില്ലാതെ തന്നെ. ഓടി രക്ഷപ്പെടാന്‍ കഴിവില്ലത്ത ഇവന്റെ രക്ഷാ തന്ത്രം ഒളിച്ചു കിടക്കല്‍ ആണെന്നതിനാല്‍ ഒരിലക്കൂട്ടമോ തേനീച്ചക്കൂടോ പോലെ തൂങ്ങിക്കിടക്കല്‍ ജന്തു സഞ്ചാരമുള്ള ഇടങ്ങള്‍ ഒഴിവാക്കാനും ഇരതേടുന്ന മൃഗങ്ങളുടെ കണ്ണില്‍ പെടാതെയിരിക്കാനും തേവാങ്കിനെ സഹായിക്കുന്നു.

ഓ ടോ.
"സ്ലോത്ത്ഫുള്‍നസ്സ്‌" എന്ന സായിപ്പിന്റെ പ്രയോഗം മനസ്സിലാകണമെങ്കില്‍ പത്തു മിനുട്ട്‌ ഇവനെക്കുറിച്ച്‌ എന്തെങ്കിലും റ്റീവീ പ്രോഗ്രാം കാണുക. അങ്ങാന്‍ മടി കാരണം പട്ടിണികിടക്കാനും മടിക്കാത്തവന്‍, നിലത്തിറങ്ങാന്‍ മടി കാരണം മൂത്രമൊഴിക്കല്‍ പത്തു പതിനഞ്ചു ദിവസത്തില്‍ ഒരിക്കലാക്കിയ പഹയന്മാര്‍. എഴുതിയത്‌ ശരിയാണോ എന്ന് വിക്കി നോക്കിയപ്പോള്‍ അതിരസം - തേവാങ്കില്‍ കുഞ്ഞ്‌ തെന്നി നിലത്തു വീണാല്‍ തള്ള ചിലപ്പോള്‍ ഇറങ്ങി വന്നെടുക്കാന്‍ മടി കാട്ടുന്നതിനാലെ തറയില്‍ കിടന്ന് പട്ടിണി കോണ്ടോ ജന്തുക്കള്‍ പിടിച്ചോ സിദ്ധികൂടാറുണ്ടത്രേ (ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല)

Sunday, July 02, 2006

എക്കോക്കണ്‍ഫ്യൂഷന്‍

ബാറ്റ്‌ റഡാറിനെക്കുറിച്ച്‌ ആകസ്മികമയി ഒരു "പരാമര്‍ ചാം" ഉണ്ടായിരുന്നല്ലോ, ഇത്തവണത്തെ പോസ്റ്റ്‌ ഒച്ചവച്ച്‌ തടി സംരക്ഷിക്കുന്ന ഒരു ജന്തുവിനെക്കുറിച്ചാകട്ടെ. [പലതരം ജീവികള്‍ ഒച്ചവച്ച്‌ ജീവിക്കുന്നുണ്ട്‌, ഉദാ. പിച്ചക്കാര്‍:- "അമ്മാ, സാറേ" എന്ന ഒച്ചകൊണ്ട്‌ അവര്‍ നിത്യവൃത്തി കഴിക്കുന്നു].

ബാറ്റ്‌ റഡാര്‍ ശരിക്കു പറഞ്ഞാല്‍ ഒരു റഡാര്‍ അല്ല, സോണാര്‍ ആണ്‌. റഡാര്‍ റേഡിയോ തരംഗങ്ങള്‍ അയച്ച്‌, അവ എന്തെങ്കിലും ഒരു വസ്തുവില്‍ തട്ടി തിരിച്ചു വരുന്നതിനെ ഒരു റിസീവര്‍ കൊണ്ട്‌ സ്വീകരിച്ച്‌, പഠിച്ച്‌ വസ്തുവിലേക്കുള്ള ദൂരവും മറ്റും തിരിച്ചറിയുന്നു. സോണാറും ഇങ്ങനെ തന്നെയാണു പ്രവര്‍ത്തിക്കുന്നത്‌, ചെറിയൊരു വത്യാസം മാത്രം- റേഡിയോ തരംഗങ്ങള്‍ക്കുപകരം സോണാര്‍ യന്ത്രങ്ങള്‍ ശബ്ദവീചികള്‍ അയച്ച്‌ മാറ്റൊലി സ്വീകരിക്കുന്നു എന്നു മാത്രം.

പരശ്ശതം ഇനം വാവലുകള്‍ ഈ ഭൂമുഖത്തുണ്ട്‌, അവയില്‍ ഒട്ടുി മുക്കാലും അള്‍ട്രാസോണിക്‌ തരംഗങ്ങള്‍ ആണ്‌ ഉപയോഗിക്കാറ്‌.ശബ്ദവീചികളുടെ മാറ്റൊലി പഠിച്ച്‌ ഇരയെയും വൈതരണികളേയും കണ്ടുപിടിക്കുന്ന വാവലുകളുടേയും ഡോള്‍ഫിന്‍ പോലെ ജല സസ്തനികളുടെയും മറ്റും പരിപാടിക്ക്‌ "മാറ്റൊലീ സ്ഥാനനിര്‍ണ്ണയം" echolocation എന്നാണു പറയാറ്‌. വാവലുകളുടെ എക്കോലൊക്ക്കേഷന്‍ അതിശയകരമാം വിധം കൃത്യതയുള്ളതാണ്‌. പട്ടുനൂലുകള്‍ തലങ്ങും വിലങ്ങും കെട്ടിയ ഇരുട്ടു മുറിയില്‍ പറത്തിവിട്ട വാവലുകള്‍ ഒറ്റ നൂലും പൊട്ടാതെ പറന്നു നടന്ന് മനുഷ്യന്‌ സോണാര്‍/ റഡാര്‍ രംഗത്തുള്ള യാന്ത്രിക മികവിനെ കൊച്ചാക്കി തള്ളിക്കളഞ്ഞു.

ഇത്രയും കെങ്കേമനാണു വാവലെങ്കില്‍ "എക്കോ പെര്‍ഫെക്ഷന്‍ "എന്നാണ്‌ ഈ പോസ്റ്റിനു പേരിടേണ്ടിയുന്നതെന്ന് ചിന്തിക്കുകയല്ലേ. ഈ പോസ്റ്റ്‌ വവ്വാലിനെക്കുറിച്ചല്ല. അതിലും കേമനായ ഒരുത്തനെക്കുറിച്ചാണ്‌.തൊണ്ട അള്‍ട്രാസോണിക്ക്‌ സൌണ്ട്‌ ജെനറേറ്റര്‍ ആക്കിയും ചെവി എക്കോ റിസീവര്‍ ആക്കിയും ബാറ്റ്‌ യുദ്ധവിമാനം ഹൈ ഫൈ യുദ്ധത്തിനു വരുമ്പോള്‍ പുലിപ്പൂച്ചി (tiger moth) എന്ന ചെറു ഷഡ്പദം ചിറകടിച്ച്‌ ഇവന്റെ മനുഷ്യകര്‍ണ്ണത്തിനു കേള്‍ക്കാനാവാത്ത ശബ്ദം അനുകരിച്ച്‌ തന്നെ പിടിച്ചു തിന്നാന്‍ വരുന്ന വാവലിന്റെ മാറ്റൊലിക്കണക്ക്‌ മൊത്തത്തില്‍ തെറ്റിച്ചു കളയും . "ചക്ക" എന്നു പറയുമ്പോള്‍ "ചുക്ക്‌" എന്ന് എക്കോ വരുന്നതു കണ്ട്‌ ബാറ്റേട്ടന്‍ "ഹ്യൂസ്റ്റണ്‍ വീ ഹാവ്‌ ഏ പ്രോബ്ലം." എന്നു പറഞ്ഞ്‌ മാറിപ്പോയിക്കോളും. സാക്ഷാല്‍ പുലിയായ പുലിപ്പൂച്ചിയുടെ എക്കോ കണ്‍ഫ്യൂഷന്‍ വിദ്യയുടെ പ്രാകൃതമായ അനുകരണങ്ങള്‍ യുദ്ധവിമാനങ്ങള്‍ മുതല്‍ റോഡ്‌ റഡാര്‍ ജാമര്‍ വരെയുള്ള യന്ത്രങ്ങളില്‍ മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്‌. പുലിപ്പക്കി ഇതുവരെ ഇന്റലക്ച്യുവല്‍ പ്രോപര്‍ട്ടി റൈറ്റ്‌ സംരക്ഷിക്കാന്‍ കേസ്‌ കൊടുത്തിട്ടില്ല. ഇതു വായിച്ച്‌ ശലഭങ്ങള്‍ കേസിനിറങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയുമല്ല.

Saturday, July 01, 2006

ഹിലഹില


തൊട്ടാവാടി sensitive plant/ touch-me-not bn- mimosa pudica) പയര്‍ കുലത്തില്‍ പെടുന്നതും നമ്മുടെ മൈലാഞ്ചിയുമായി വളരെ അടുത്ത ബന്ധമുള്ളതുമായ ഒരു മുള്‍ച്ചെടിയാണ്‌. ഒട്ടുമിക്ക ഭാഷയിലും നാണം കുണുങ്ങി (ഹിലഹില എന്നതു ഇവളുടെ ഹവായിയിലെ പേര്‍) എന്നര്‍ത്ഥംവരുന്ന പേരുള്ള ഈ ചെടി ആയുര്‍വേദവും ചൈനീസ്‌ ഹെര്‍ബല്‍ ചികിസ്ലയും ഹോമിയോപ്പതിയും തൊട്ടാവാടിച്ചെടി മരുന്നായി ഉപയോഗിച്ചുവരുന്നു. മിമോസിന്‍ എന്ന ചെറുവിഷം അടങ്ങിയിരിക്കുന്നതിനാല്‍ തൊട്ടാവാടി ചേര്‍ന്ന മരുന്നുകള്‍ സ്ഥിരോപയോഗത്തിനല്ലാതെ അടിയന്തിരഘട്ടങ്ങള്‍ തരണം ചെയ്യാന്‍ (ഉദാ. സ്ത്രീകളിലെ അമിത രക്തസ്രാവം) ആണ്‌ ഉപയോഗിക്കാറ്‌. വിഷാദരോഗത്തിന്‌ തൊട്ടാവാടി ഏറെ ഫലപ്രദമാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും വിഷഭയത്താല്‍ അത്തരം പ്രയോഗങ്ങള്‍ നിലവിലില്ല.

ബ്രസീലാണ്‌ ഈ ചെടിയുടെ ജന്മദേശം എന്ന് ഒട്ടു മിക്ക പുസ്തകങ്ങളിലും (വിക്കിയിലും) കാണാം, അത്‌ ആദ്യമായി ദ്വിധനാമം നല്‍കിയത്‌ ബ്രസീലില്‍ ആണെന്ന അര്‍ത്ഥത്തില്‍ അറിയേണ്ടതാണ്‌. തൊട്ടാവാടി എതാണ്ട്‌ എല്ലാ ഉഷ്ണമേഖലാ രാജ്യങ്ങളിലും എന്നും കണ്ടുവന്നിരുന്നു. വലിയ ഉപകാരിയൊന്നുമല്ലെങ്കിലും പയര്‍ വര്‍ഗ്ഗത്തിന്റെ പൊതു കര്‍മ്മമായ നൈട്രജന്‍ ഫിക്സേഷന്‍ നടത്തി ലജ്‌വന്തിയും തന്നാലാവും വിധം മണ്ണിനെ സഹായിക്കുന്നു.
വിദ്യ:
തൊട്ടാല്‍ ക്ഷണം വാടുന്ന വിദ്യ ഇവള്‍ എങ്ങനെ കാട്ടുന്നെന്ന് ഇപ്പോഴും കൃത്യമായി അറിവില്ല. ഇലകളുടേ ചുവട്ടിലെ പള്‍വിനസ്‌ കോശങ്ങള്‍ക്ക്‌ ടര്‍ഗര്‍ പ്രഷര്‍ (ദ്രാവകങ്ങള്‍ ഭിത്തിയില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം) കൂട്ടിയും കുറച്ചും ഇലകളെ കൂമ്പാനും വീണ്ടും അമ്പാനും ഉള്ള കഴിവുണ്ടെന്നും. ചെടി എന്തെങ്കിലും സ്പര്‍ശിച്ചാല്‍ ആക്റ്റിന്‍ എന്ന പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിച്ച്‌ ഈ പ്രക്രിയ ട്രിഗര്‍ ചെയ്യുന്നെന്നുമാണ്‌ ഇന്നുള്ളതില്‍ ഏറ്റവും വിശ്വസനീയമായ വാദം.
നുണുക്കുവിദ്യ:
വവ്വാലുകള്‍ വീടിന്റെ ഉത്തരത്തിലും കഴുക്കോലിലും ലാമ്പ്‌ ഷേഡിലും രാത്രി വന്നു തൂങ്ങി വീടു വൃത്തികേടാക്കുന്നുണ്ടോ? തൊട്ടാവാടി മൂടോടെ വെട്ടി ഉണക്കി
അവറ്റ വന്നു തൂങ്ങുന്ന സ്ഥാനത്ത്‌ കെട്ടിത്തൂക്കുക. ഇരുട്ടുവാക്കിന്‌ വാവലേട്ടന്‍ വന്ന് ലജ്ജാവതിയെ ആഷ്ലേഷിച്ച്‌ മുള്ളുകൊണ്ട്‌ കുടത്തുണിയും കീറി പമ്പകടക്കും. ശിഷ്ടകാലം ആ യേരിയ കണ്ടാല്‍ വാവല്‍ മൂത്രമൊഴിക്കും! ഒരു പട്ടുനൂലു കെട്ടിയാല്‍ അതു പൊട്ടാതെ പറക്കാന്‍ മാത്രം കിറു കൃത്യതയുള്ള റഡാര്‍ കൈവശമുള്ള വാവലിനെ ഈ ചെടി മൂക്കുകൊണ്ട്‌ ക്ഷാ റാ വരപ്പിക്കുന്നത്‌ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌.