ഹിലഹില
തൊട്ടാവാടി sensitive plant/ touch-me-not bn- mimosa pudica) പയര്‍ കുലത്തില്‍ പെടുന്നതും നമ്മുടെ മൈലാഞ്ചിയുമായി വളരെ അടുത്ത ബന്ധമുള്ളതുമായ ഒരു മുള്‍ച്ചെടിയാണ്. ഒട്ടുമിക്ക ഭാഷയിലും നാണം കുണുങ്ങി (ഹിലഹില എന്നതു ഇവളുടെ ഹവായിയിലെ പേര്‍) എന്നര്‍ത്ഥംവരുന്ന പേരുള്ള ഈ ചെടി ആയുര്‍വേദവും ചൈനീസ് ഹെര്‍ബല്‍ ചികിസ്ലയും ഹോമിയോപ്പതിയും തൊട്ടാവാടിച്ചെടി മരുന്നായി ഉപയോഗിച്ചുവരുന്നു. മിമോസിന്‍ എന്ന ചെറുവിഷം അടങ്ങിയിരിക്കുന്നതിനാല്‍ തൊട്ടാവാടി ചേര്‍ന്ന മരുന്നുകള്‍ സ്ഥിരോപയോഗത്തിനല്ലാതെ അടിയന്തിരഘട്ടങ്ങള്‍ തരണം ചെയ്യാന്‍ (ഉദാ. സ്ത്രീകളിലെ അമിത രക്തസ്രാവം) ആണ് ഉപയോഗിക്കാറ്. വിഷാദരോഗത്തിന് തൊട്ടാവാടി ഏറെ ഫലപ്രദമാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും വിഷഭയത്താല്‍ അത്തരം പ്രയോഗങ്ങള്‍ നിലവിലില്ല.
ബ്രസീലാണ് ഈ ചെടിയുടെ ജന്മദേശം എന്ന് ഒട്ടു മിക്ക പുസ്തകങ്ങളിലും (വിക്കിയിലും) കാണാം, അത് ആദ്യമായി ദ്വിധനാമം നല്‍കിയത് ബ്രസീലില്‍ ആണെന്ന അര്‍ത്ഥത്തില്‍ അറിയേണ്ടതാണ്. തൊട്ടാവാടി എതാണ്ട് എല്ലാ ഉഷ്ണമേഖലാ രാജ്യങ്ങളിലും എന്നും കണ്ടുവന്നിരുന്നു. വലിയ ഉപകാരിയൊന്നുമല്ലെങ്കിലും പയര്‍ വര്‍ഗ്ഗത്തിന്റെ പൊതു കര്‍മ്മമായ നൈട്രജന്‍ ഫിക്സേഷന്‍ നടത്തി ലജ്‌വന്തിയും തന്നാലാവും വിധം മണ്ണിനെ സഹായിക്കുന്നു.
വിദ്യ:
തൊട്ടാല്‍ ക്ഷണം വാടുന്ന വിദ്യ ഇവള്‍ എങ്ങനെ കാട്ടുന്നെന്ന് ഇപ്പോഴും കൃത്യമായി അറിവില്ല. ഇലകളുടേ ചുവട്ടിലെ പള്‍വിനസ് കോശങ്ങള്‍ക്ക് ടര്‍ഗര്‍ പ്രഷര്‍ (ദ്രാവകങ്ങള്‍ ഭിത്തിയില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം) കൂട്ടിയും കുറച്ചും ഇലകളെ കൂമ്പാനും വീണ്ടും അമ്പാനും ഉള്ള കഴിവുണ്ടെന്നും. ചെടി എന്തെങ്കിലും സ്പര്‍ശിച്ചാല്‍ ആക്റ്റിന്‍ എന്ന പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിച്ച് ഈ പ്രക്രിയ ട്രിഗര്‍ ചെയ്യുന്നെന്നുമാണ് ഇന്നുള്ളതില്‍ ഏറ്റവും വിശ്വസനീയമായ വാദം.
നുണുക്കുവിദ്യ:
വവ്വാലുകള്‍ വീടിന്റെ ഉത്തരത്തിലും കഴുക്കോലിലും ലാമ്പ് ഷേഡിലും രാത്രി വന്നു തൂങ്ങി വീടു വൃത്തികേടാക്കുന്നുണ്ടോ? തൊട്ടാവാടി മൂടോടെ വെട്ടി ഉണക്കി
അവറ്റ വന്നു തൂങ്ങുന്ന സ്ഥാനത്ത് കെട്ടിത്തൂക്കുക. ഇരുട്ടുവാക്കിന് വാവലേട്ടന്‍ വന്ന് ലജ്ജാവതിയെ ആഷ്ലേഷിച്ച് മുള്ളുകൊണ്ട് കുടത്തുണിയും കീറി പമ്പകടക്കും. ശിഷ്ടകാലം ആ യേരിയ കണ്ടാല്‍ വാവല്‍ മൂത്രമൊഴിക്കും! ഒരു പട്ടുനൂലു കെട്ടിയാല്‍ അതു പൊട്ടാതെ പറക്കാന്‍ മാത്രം കിറു കൃത്യതയുള്ള റഡാര്‍ കൈവശമുള്ള വാവലിനെ ഈ ചെടി മൂക്കുകൊണ്ട് ക്ഷാ റാ വരപ്പിക്കുന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
8 Comments:
ദേവേട്ടാ, വായിക്കുന്നതിനു മുന്‍പ് എന്തുകൊണ്ടും അര്‍ത്ഥവത്തായ ഈ ബ്ലോഗ് പേരിന് ഒരു സ്വാഗതം! ഇതില്‍ പരം നല്ലൊരു പേര് ഇതിനെങ്ങിനെ കൊടുക്കാന്‍.. ഇനി വായിക്കട്ടെ.
വളരെ വിജ്ഞാനപ്രദം.. നുണുക്കുവിദ്യ വായിച്ച് ചിരിച്ച് ചിരിച്ച് ഒരു പരുവമായി. വാവലേട്ടന്‍ കുണുങ്ങിക്കുണുങ്ങി ലഞ്ചാവന്തിയേ, നിന്റെ കള്ളക്കൂടക്കണ്ണീല്‍ എന്നൊക്കെ പാടി, തൊട്ടാവാടി ചേച്ചിയുടെ അടുത്ത് വരുന്നതും ചേച്ചി ലജ്ഞാവതിയായി, അതിലും കുണുങ്ങി ചേനവരച്ച് നമ്രമുഖിയായി വ്രീളാവിവശയായി പരവശയായി നില്‍ക്കുന്നതും വാവലേട്ടന്‍ ലഞ്ചാവന്തിയെ ആശ്ലേഷിക്കുന്നതും “ഹെന്റമ്മച്ചീ” എന്ന് വിളിച്ചുകൂവി ദേഹമാസകലം നീറ്റലുമായി ശൂ ശൂ എന്ന് വെച്ച് പറന്നുപോകുന്നതും ഞാന്‍ ശരിക്കും ഇമാജിന്‍ ചെയ്‌തു.
ദേവേട്ടോ, ഉഗ്രന്‍ പേരും ഉഗ്രന്‍ പോസ്റ്റും!
ആശംസകള്‍!
തൊട്ടാവാടി നിന്നെയെനിക്കെന്തിഷ്ടമാണെന്നൊ.........
ഒരു ഗൃഹാതുരത്തിനും അപ്പുറം ഈ ലഞ്ചാവന്തിയുടെ കയ്യില്‍ ഇത്രയൊക്കെയുണ്ടല്ലെ? അപ്പൊ നമ്മുടെ ബാറ്റ് മാന്ണ്ടെ റഡാര്‍ ഇവളെ കണ്ടുപിടിക്കാത്തതിനു ഉത്തരം ഉണ്ടൊ? അല്ലെങ്കില്‍ ഒരു ഗവേഷണതിനു scope കാണുന്നു.
വിദ്യക്കും ദേവേട്ടനും കീജയ്....
വക്കാരീ, കലേഷേ, ഡാലീ,
നന്ദി നന്ദി നന്ദി
ഡാലി എന്റെ ചേച്ചി വീടു വച്ചപ്പോള്‍ വരാന്ത നിറയെ ചെടിച്ചട്ടി തൂക്കാനുള്ള ഹൂക്ക് വയ്പ്പിച്ചു. പുത്തന്‍ വീടിന്റെ നാലു വശവും രാത്രിയായിക്കഴിഞ്ഞാല്‍ വാവലിന്റെ തോരണം. ലവന്മാരുടെ കാഷ്ടവും മൂത്രവും യൂറിക്ക് ആസിഡാല്‍ സമ്പുഷ്ടമാകയാല്‍ ന്യൂ രാജസ്ഥാന്‍ മാര്‍ബിളൊക്കെ പഴുത്തൊഴുത്തിലെ കല്ലിന്റെ പരുവമാകാന്‍ തുടങ്ങി. പടക്കം പൊട്ടിച്ചു നോക്കിയിട്ട് രുരുബാഹുലേയന്‍ പോയപോലെ അഞ്ചു മിനുട്ടില്‍ തിരിച്ചു വന്നുകളഞ്ഞു.
എം എന്‍ നമ്പ്യാരെപ്പോലെ പ്രതികാരദാഹിയായ ഞാന്‍ "ഇവന്മാര്‍ക്കു ബദാം കായയില്‍ വിഷം വയ്ക്കും" എന്നു പ്രഖ്യാപിച്ചപ്പോഴാണ് (ഞാന്‍ ചിമ്പ്രി പയ്യന്‍ ആയിരുന്ന സമയത്ത് ആശാനോടും എന്റെ പ്രാവിനോടുമല്ലാതെ ഒരു ജീവിയോടും വലിയ സഹതാപമൊന്നും ഇല്ലായിരുന്നു) ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദ്‌മകുമാര്‍ തൊട്ടാവാടിക്കെണി പറഞ്ഞു തന്നത്. നൂലും കാണുന്ന ഇവന്‍ തൊട്ടാവാടി മുള്ള് കാണാത്തതെന്തെന്ന് അന്നു ചോദിക്കാന്‍ വിട്ടുപോയി. മൂപ്പരെ ഇനി കാണുമ്പോ ചോദിക്കാം.
ഹില ഹിലയെന്ന് ആദ്യം കണ്ടപ്പോ വക്കാരിയുടെ നാട്ടിലെ വല്ല ഭാഷയുമാകുമെന്നാ ആദ്യം കരുതിയത്.
ദേവന്‍ മാഷേ നിങ്ങടെ രീതി പെരുത്തിഷ്ടമാണെനിയ്ക്ക്.
അറിവും,ആഹ്ലാദവും,ആലോചനയും എല്ലാം ഓരോ പോസ്റ്റിലും, കമന്റിലും കാണാം.
പ്രത്യേകിച്ച്, കമന്റുന്ന രീതി അത്യാകര്‍ഷകം.
അപ്പോ ഇവളെക്കൊണ്ട് വാവലിനെ ഓടിക്കാം അല്ലേ..?
എന്റെ അമ്മാവനൊരു ഭാര്‍ഗവീനിലയമുണ്ട്. വാടകക്കാരാണ് നിറയെ.മേജര്‍ ഷെയര്‍ ഇപ്പറഞ്ഞ കഷികള്‍ക്കായതു കൊണ്ട് അവരാ ഭരണം.
ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കാം.
ദേവെട്ടനോട് ഇങ്ങിനെ ഒരെണ്ണം തുടങ്ങൂ എന്ന് കെഞ്ചാന്‍ ഇരിക്കുവായിരുന്നു..മനസ്സ് വായിച്ച് കളഞ്ഞല്ലൊ! താങ്ക്സ്...ഫോട്ടോ സഹിതം തൊടിയിലെ എല്ലാ കുഞ്ഞി ചെടികള്‍ക്കു ഇവിടെ സ്ഫോട്ട് ലൈറ്റ് കിട്ടുമെന്ന് കരുതട്ടെ. ഫോട്ടൊ വേണം, അല്ലെങ്കില്‍ എന്നെപ്പോലെ സിമന്റ് തറ മാത്രം കണ്ടോര്‍ക്ക് ഒന്നും മനസ്സിലാവില്ല.
നന്ദി വര്‍ണ്ണമേഘങ്ങളേ.
ആ വീട്ടില്‍ തൊട്ടാവാടിയൊന്നു പരീക്ഷിച്ച് അമ്മാവനോട് കമ്മീഷന്‍ വാങ്ങൂ :)
എല്‍ജ്ജി പടങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് . ഒന്നുകില്‍ കയ്യിലുള്ള പഴഞ്ചന്‍ പടങ്ങള്‍ തപ്പണം ഇല്ലേല്‍ അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍..
പല ചെടികളും അന്യം നിന്നുപോകുന്നെന്നതിനാല്‍ എന്റെ ചേച്ചി പറമ്പില്‍ പാഴ്മരം വളര്‍ത്തല്‍ തുടങ്ങി. വാഴേം ചേനേം നടുന്നതിനു പകരം ഇപ്പോ പറമ്പില്‍
ചാരുമരം (ചാര് ആട്ടുമെന്ന് ഇപ്പോഴുള്ളവര്‍ക്ക് അറിയില്ലാത്തതിനാല്‍ വേലി കെട്ടി ഐസൊലേറ്റും ചെയ്തു)തേരകം, പേഴ്, പൈയ്യാഴാന്ത, കടമ്പു മരം, കാട്ടു ചെമ്പകം, എടന, കുളമാവ്, പൂച്ചപ്പഴം, കഠാരമുള്ള് ഒക്കെയായി കൃഷി :)
Post a Comment
<< Home