Monday, July 24, 2006

കീര്‍ത്തിയളവ്‌

സ്കൂളവധി തുടങ്ങാനിനി രണ്ടു ദിവസമേയുള്ളു. നമ്മളിതുവരെ അണ്ണാനേം മരപ്പട്ടിയേം നോക്കി നടന്നതേയുള്ളു. അതുകൊണ്ട്‌ ഇന്ന് ഒരു അക്കൌണ്ടന്‍സി ക്ലാസ്സ്‌ ആയാലോ? ശരി, ഇരി.

ഒരു സ്ഥാപനത്തിന്റെ വസ്തു വില എന്നത്‌ അതിന്റെ ആസ്തികളില്‍ നിന്നും ബാദ്ധ്യതകള്‍ കുറക്കുന്നതാണ്‌. പക്ഷേ പെരിങ്ങോടന്റെ ശരവണഭവന്‍ എന്നു പറയുന്ന ഓട്ടലിന്റെ വില അതിനകത്തെ 25 റ്റേബിളും നൂറു ചെയറും ക്യാഷ്‌ രെജിസ്റ്ററും വിലയിട്ട്‌ അതില്‍ നിന്ന് ബാങ്ക്‌ ലോണ്‍ കുറക്കുന്നതാണോ? അല്ലല്ലോ. ആ അദൃശ്യമായ കൂടുതല്‍ വില, അല്ലെങ്കില്‍ കീര്‍ത്തിക്ക്‌ (ഓണറുടെ മകളുടെ പേരല്ല, സല്‍പ്പേരെന്നയര്‍ത്ഥത്തില്‍) അക്കൌണ്ടിംഗ്‌ ഭാഷയില്‍ ഗുഡ്‌വില്‍ എന്നു പേര്‍വിളിക്കുന്നു.

ഒരു സ്ഥാപനത്തിന്റെ ഗുഡ്‌വില്‍ പല രീതിയില്‍ അളക്കാം. തത്വത്തില്‍ ഞാന്‍ ഇന്ന് ശരവണഭവന്‍ പോലൊരു കട അവിടെ തുടങ്ങിയാല്‍ ഉണ്ടാവുന്ന ലാഭത്തെക്കാള്‍ എത്ര കൂടുതല്‍ ശരവണഭവനു കിട്ടുന്നുണ്ടോ അതാണ്‌ ആ കടയുടെ ഗുഡ്‌വില്‍. ഇത്രയും ഏതു പോസീലുകാരന്‍ എഴുതിയ അക്കൌണ്ടിംഗ്‌ പുസ്തകത്തിലും കാണും, പിന്നെ ക്ലാസ്സ്‌ എന്തിന്‌ എന്നാണോ? പറയട്ടെ.

എങ്ങനെ ഗുഡ്‌വില്‍ ഉണ്ടാകുന്നു അല്ലെങ്കില്‍ എന്തെല്ലാം തരം ഗുഡ്‌വില്‍ ഉന്റെന്ന് ഗൂഗിളിനൊടോ കോളേജ്‌ ലൈബ്രറിയോടോ ചോദിച്ചേ. ഉത്തരം വരാന്‍ ഇത്തിരി വിഷമിക്കും, കാരണം അക്കൌണ്ടറുമാര്‍ക്ക്‌ എങ്ങനെ എന്നല്ലാതെ എന്തുകൊണ്ട്‌ എന്നു ചോദിച്ച്‌ ശീലമില്ല.

ഗുഡ്‌വില്‍ നാലുതരമുണ്ട്‌. അതറിയുന്നതോടെ അതിന്റെ വിലയും മനസ്സിലാകും.

1. ഡോഗ്‌ ഗുഡ്‌വില്‍
കുട്ടന്‍പിള്ള മരിക്കുംവരെ ഞാന്‍ നാട്ടില്‍ പോകുമ്പോഴെല്ലാം അയാളുടെ ചായക്കടയില്‍ കയറും. മൂപ്പര്‍ വിശേഷങ്ങളെല്ലാം തിരക്കും ഞാന്‍ ചായ കുടിക്കും. മെലിഞ്ഞു/തടിച്ചു/വെളുത്തു/കറുത്തു എന്നിങ്ങനെ എന്നെ അംഗപ്രത്യംഗം അളന്ന് അഭിപ്രായവും പറയും. ഇങ്ങനെ ഒരു ലോയല്‍ കസ്റ്റമര്‍ ബേസാണ്‌ കുട്ടന്‍പിള്ളയുടെ കടയുടെ ഗുട്ടന്‍പിള്ള. മൂപ്പര്‍ മരിച്ചു. വേരൊരാള്‍ കട വാങ്ങി. നാലു ഉണ്ണിയപ്പവും കേക്കും നിരത്തി ഈച്ചയടിക്കുന്നു. ഞാനും കയറാറില്ല, തൊട്ടടുത്ത്‌ എന്റെ വീടുള്ളപ്പോ എന്തിനാ കടയിലെ ചായ?

ഇതാണു ഡോഗ്‌ ഗുഡ്‌വില്‍. കുട്ടന്‍പിള്ള എന്ന വ്യക്തിയിലാണു കസ്റ്റമര്‍ക്ക്‌ ലോയല്‍റ്റി. പട്ടിക്ക്‌ അതിന്റെ യജമാനനോടുള്ള സ്നേഹം പോലെ അത്‌ വ്യക്തിയിലാണ്‌. ആ സ്നേഹം കണ്ട്‌ നമ്മള്‍ പോയി ആ പട്ടിയെ വാങ്ങിയാലോ? കാര്യമില്ല. അതിന്റെ സ്നേഹം ട്രാന്‍സ്ഫറബിള്‍ അല്ല. ഒന്നേന്നടിച്ച്‌ അതിനെ നമ്മളും തിരിച്ചും സ്നേഹിച്ചു തുടങ്ങണം.


2. ക്യാറ്റ്‌ ഗുഡ്‌വില്‍
കൊല്ലം കുമാര്‍ തീയറ്റര്‍ ഒരു പഴഞ്ചനാണ്‌ എങ്കിലും തിരക്കിനു കുറവില്ല. കണ്ണായ സ്ഥലത്തല്ലേ. കൊല്ലം റെയില്‍വേ ക്യാന്റീനില്‍ ഇരിക്കാന്‍ പോലും ഇടമില്ല, ചോറിനു പകരം പഞ്ചാമൃതം കൊടുക്കുന്നതുകൊണ്ടാണോ? കുമാര്‍ തീയറ്റര്‍ എസ്‌ കെ രാധാകൃഷ്ണന്‍ വിറ്റു, അചാണി രവി വാങ്ങി
എന്നതൊന്നും ആ ഗൂഡ്‌വില്ലിനെ ബാധിക്കുന്നില്ല. പൂച്ചക്ക്‌ ഒരു വ്യക്തിയോടല്ല, അത്‌ താമസിക്കുന്ന വീടിനോടാണ്‌ അടുപ്പം. അതിപ്പോ ആര്‍ ആ വീട്ടില്‍ താമസിച്ചാലും പൂച്ചക്ക്‌ വലിയൊരു പ്രശ്നമല്ല.

3. റാറ്റ്‌ ഗുഡ്‌വില്‍
ഞാന് ‍ഇന്ത്യയില്‍ സിഗററ്റ്‌ വലിച്ചിരുന്ന കാലം മുഴുവന്‍ "വിത്സ്‌" ആണു വലിച്ചത്‌. അതു കിട്ടാനില്ലെങ്കില്‍ ഉള്ള കട തിരക്കി പോകും. വിദ്യ "നെന്മണി" അരി മാത്രമേ വീട്ടില്‍ വാങ്ങൂ. പക്ഷേ അവര്‍ അരിക്കു പുറമേ മോട്ടോര്‍ ബൈക്ക്‌ ഇറക്കിയാലോ? വിദ്യ വാങ്ങിക്കുമോ?

രാമന്റേയൊ അബ്ദുള്ളയുടേതോ പറമ്പില്‍ നിന്നും പിഴുതതാവട്ടേ, മൈതാനത്തോ മച്ചുമ്പുറത്തോ കൊണ്ടിട്ടതാവട്ടെ, കപ്പയാണോ, പെരിച്ചാഴി തിരക്കി വരും. അവനു ആ പ്രോഡക്റ്റില്‍ മാത്രമാണു ലോയല്‍റ്റി. റാറ്റ്‌ ഗുഡ്‌വില്ലിന്റെ കളി അത്രേയുള്ളു. ബ്രാന്‍ഡ്‌ നെയിമിന്റെ വിലയാണ്‌ ഇതിന്റെ വില.

4. റാബിറ്റ്‌ ഗുഡ്‌വില്‍‍
മുയല്‍ക്കുട്ടന്‌ ഇതൊന്നും ഒരു പ്രശ്നമേയല്ല. എവിടെകൊണ്ട്‌‌ വളര്‍ത്തിയാലും അവന്‍ വളര്‍ന്നോളും. റ്റാറ്റാ ഉപ്പ്‌, റ്റാറ്റാ മണ്‍വെട്ടി, റ്റാറ്റാ തേയില, റ്റാറ്റാ സഫാരി, റ്റാറ്റാ സ്റ്റ്രക്ചറല്‍ സ്റ്റീല്‍. ആ പേരു കണ്ടാല്‍ എന്തൊരു വിശ്വാസമാ. "പ്രകൃതിയുടെ മിശ്രിതം റ്റാറ്റായുടെ പാക്കിങ്ങും" എന്നു കേള്‍ക്കുമ്പോ പൊന്നുംകുടത്തിനു പൊട്ടും എന്നു നമുക്കു തോന്നുന്നില്ലേ.

ഇവനാണു വിലയെങ്കില്‍ വില. പൊന്മുട്ടയിടുന്ന താറാവല്ലേ, ചാകാതെ മാത്രം നോക്കിയാല്‍ മതി, എന്തും വില്‍ക്കാം എന്തു കണ്‍സള്‍റ്റന്‍സിയും സര്‍വീസും നടത്താം. ഇതിനു വില കണക്കുകൂട്ടാറില്ല, വിലപേശി ഉറപ്പിക്കാനേ കഴിയൂ..

ദേ ബെല്ലടിച്ചല്ലോ.

25 Comments:

Blogger പെരിങ്ങോടന്‍ said...

ഉദാത്തം എന്ന വാക്ക് കലാസൃഷ്ടികള്‍ക്കു മാത്രം പാകമാകുന്ന ഗുണമല്ലെന്നു് ഇപ്പോള്‍ വ്യക്തമായി മനസ്സിലാകുന്നു. ദേവനെ ഏതെങ്കിലും മാഗസിനുകളുടെ പബ്ലിഷര്‍ പൊക്കുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ടു്.

Monday, July 24, 2006  
Blogger ദില്‍ബാസുരന്‍ said...

കാരണം അക്കൌണ്ടറുമാര്‍ക്ക്‌ എങ്ങനെ എന്നല്ലാതെ എന്തുകൊണ്ട്‌ എന്നു ചോദിച്ച്‌ ശീലമില്ല.

ദേവേട്ടാ നമ്മളെ ഇങ്ങനെ താങ്ങേണ്ടിയിരുന്നില്ല. ഞാന്‍ ഇപ്പോള്‍ ചോദിക്കുന്നു. ദേവേട്ടാ എന്ത് കോണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട്?

പോലീസുകാരനെഴുതിയ പുസ്തകം എവിടെ കിട്ടും? Jain and Narang നേക്കാള്‍ ഉഷാറാണോ? ശരവണഭവന്റെ മുതലാളിക്ക് ഒരു മകളുണ്ട് ? ഒരു പാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

ദേവേട്ടന് ബൂലോഗത്ത് നിന്ന് ജാമ്യമില്ലെന്ന് പറയാന്‍ കാരണം: ഡോഗ് ഗുഡ് വില്‍ !

Monday, July 24, 2006  
Blogger സങ്കുചിത മനസ്കന്‍ said...

ഗംഭീരം..... അതിഗംഭീരം......

കുറച്ച്‌ സംശയങ്ങള്‍ കൂടി ഉണ്ട്‌.

ലാലു അലക്സായി ചോദിക്കാമ്പോവുകയാ ദേവേട്ടാ...

Monday, July 24, 2006  
Blogger വക്കാരിമഷ്‌ടാ said...

അക്കൌണ്ടന്‍‌സിയെന്ന് കേട്ടാല്‍ അപ്പോള്‍ “ഛേ” എന്നു പറയുമായിരുന്ന ഞാന്‍ ഇതുപോലാരെങ്കിലും പത്തു കഴിഞ്ഞപ്പോള്‍ ഒരു ബ്ലോഗ് എഴുതിയിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒരു നോട്ടീസ് അടിച്ചിരുന്നുവെങ്കില്‍ സെക്കന്റ് ഗ്രൂപ്പ് എടുത്ത് ഫോര്‍ത്ത് എസ്റ്റേറ്റ് കണക്കും പഠിച്ചിരുന്ന സമയത്ത് മിക്കവാറും ഫോര്‍ത്ത് ഗ്രൂപ്പെടുത്തേനെ.

എന്തൊരു സിമ്പിള്‍ ദേവേട്ടാ.. നാല് മൃഗങ്ങളെക്കൊണ്ട് ഇതുപോലുള്ള ഉദാഹരണങ്ങള്‍ നിരത്തി ഇതുപോലെ പറയുന്നതിനെ പെരിങ്ങോടര്‍ പറഞ്ഞതുപോലെ ഉദാത്തം എന്നു മാത്രമേ പറയാന്‍ പറ്റൂ.

ഫന്റാസ്റ്റിക്, വാക്കിംഗ്‌സ്റ്റിക്, മാര്‍വലാസ്, ഡബ്ബാവാലാസ്, ബ്യൂട്ടിഫൂള്‍, ഏപ്രില്‍ഫൂള്‍, വണ്ടര്‍ഫൂള്‍, എക്‍സലന്റ്, എറ്റിലസാറ്റ്, സ്റ്റണ്ണിംഗ്, ഇന്‍‌ക്രെഡിബിള്‍, അസ്റ്റോണിഷിംഗ്, അമേസിംഗ്, സെയിത്സിംഗ്, മനമോഹന്‍സിംഗ്, മൈന്‍ഡ് ബ്ലോവിംഗ്, മൈന്‍ഡ് ബോഗ്ഗ്‌ളിംഗ്, മൈന്‍ഡ് ബ്ലോഗ്ഗിംഗ്, ഉഗ്രന്‍ ബ്ലോഗ്ഗിംഗ്, ഉഗ്രന്‍ പോസ്റ്റിംഗ്, ദ കിംഗ് ദേവേട്ടന്‍

(ഓവറായോ...)

Monday, July 24, 2006  
Blogger ഗന്ധര്‍വ്വന്‍ said...

ഇണ്ടേഞ്ചിബിള്‍ പട്ടി, പൂച്ച, എലി, മുയല്‍.
സ്പര്‍ശിച്ചറിയന്‍ പറ്റില്ല. ദര്‍ശിക്കാന്‍ ആവില്ല.
പഞ്ചേന്ദ്രിയങ്ങള്‍ വഴി അറിയാനാവില്ല.
ഇതൊരു ആറാമിന്ദ്രിയം വഴി അറിയുന്ന ഒന്ന്‌ . അതാണ്‌ ഗുഡ്വില്‍.

എന്നാല്‍ അഞ്ചിന്ദിര്യവും + വെര്‍ചുല്‍ ആറാം ഇന്ദ്രിയവും ഒന്നിച്ചു പ്രവര്‍ത്തിക്കുനത്‌ ഒന്നില്‍ മാത്രം. ഏതില്‍?.

ബെഡ്വില്ലില്‍

ഉമേശന്‍ സാറിന്റെ ചൂരല്‍ അകലെ ഉയര്‍ന്നു ഉയര്‍ന്നു ....

വേണ്ട. ഉച്ചക്കിറുക്കാണെ..

ഒരു വളിപ്പടിച്ചതാണേ- സ്വാാാറി .


ഗന്ധര്‍വന്‍ ഗയ്പ്‌ .

Monday, July 24, 2006  
Blogger ബിന്ദു said...

അക്കൌണ്ടെന്‍സി ദേവന്‍ മാഷു പഠിപ്പിച്ചാല്‍ മതിയായിരുന്നു എന്നെനിക്കു തോന്നിയാല്‍ കുറ്റം പറയാനൊക്കുമോ? ഇല്ല...
:)

Monday, July 24, 2006  
Blogger അത്തിക്കുര്‍ശി said...

ഗുഡ്‌ വില്‍ ക്ലാസ്സ്‌ നന്നായിട്ടുണ്ട്‌..

നാട്ടിലെ ' പ്രതിഭ കോളേജി'ലെ മുഹമ്മദലി മാഷുടെ അക്കൌണ്ടന്‍സി ക്ലാസ്സ്‌ ഒര്‍മ്മയിലെത്തി.

സൂപ്പര്‍ + സിംബിള്‍ അവതരണം!!

Monday, July 24, 2006  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ലളിതമായ ഭാഷയില്‍ പട്ടിയേയും പൂച്ചയേയും മുന്നില്‍ നിര്‍ത്തി GOODWILL-നെ പറ്റി പറഞ്ഞപ്പേൊള്‍ പണ്ട്‌ college-ല്‍ ഒന്നും മനസ്സിലാവാതെ വായും പൊളിച്ചിരുന്ന കാലം ഓര്‍ത്തുപോയി.

ദേവന്‍ മാഷെ..... നമിച്ചു...........

Monday, July 24, 2006  
Blogger ഏറനാടന്‍ said...

ദേവരാഗമേ.. നല്ല രസം.. വായിച്ച്‌ പെട്ടെന്നുതീര്‍ന്നപ്പോള്‍ ഒരിത്‌, അല്‍പംകൂടിയാവാമായിരുന്നു..

Monday, July 24, 2006  
Blogger Adithyan said...

മാഷേ ഞാനുമുണ്ടേ അക്കൌണ്ടന്‍സി പഠിയ്ക്കാന്‍....

ഈ ക്ലാസ്സ് മനസിലായി.. അടുത്ത ക്ലാസ്സ് പ്ലീസ്സ്...

Monday, July 24, 2006  
Anonymous Anonymous said...

ഈ കിളവന്‍ പരുന്തിന്റെ ദൃഷ്ടി 5 കിലൊമെറ്ററിനും അപ്പുറം ആണല്ലൊ ദൈവമേെ ...
വേഗം തിരിച്ചു വാ നമുക്കിനിയും ഗുഡ്‌ വില്‍ ഉണ്ടാക്കാം
Kunji parunthu

Monday, July 24, 2006  
Blogger സു | Su said...

ഗുണപാഠം അഥവാ ഒടുവില്‍ കിട്ടിയ ‘വിവരം’

1) ഡോഗ് ഗുഡ്‌വില്‍ --- ദേവന്റെ ബ്ലോഗ് ദേവന് മാത്രം. അതിനെ സ്വന്തമാക്കിയാലും നമ്മളെ അത് സ്നേഹിക്കില്ല. ദൂരെ നിന്ന് കാണുക. കടിപ്പിക്കാതിരിക്കുക.

2)ക്യാറ്റ് ഗുഡ്‌വില്‍-- ആര്‍ക്ക് വേണമെങ്കിലും കമന്റടിക്കാം. കമന്റിനോടാണ് ബ്ലോഗിന് താല്പര്യം. കമന്റടിക്കുന്ന ആളെ അത് കണക്കാക്കുന്നില്ല.

3)റാറ്റ് ഗുഡ്‌വില്‍- ദേവന്‍ നിര്‍ത്തിപ്പോയാലും ദേവന്റെ ആരാധകര്‍ ദേവന്‍ എഴുതുന്ന വാക്കുകളും തേടിപ്പോകും. വേറെ ആള്‍ക്കാര്‍ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല.

4)റാബിറ്റ് ഗുഡ്‌വില്‍--എവിടെ എത്തിയാലും ദേവനു പ്രശ്നമില്ല. ബ്ലോഗ് വായിക്കും, കമന്റടിക്കും, ബ്ലോഗ് എഴുതും.

5 )ഉറുമ്പ് ഗുഡ്‌വില്‍- ദേവന്‍ പോകുന്നതിനുമുന്‍പ് സുവിന് എന്തെങ്കിലും കിട്ടും.

ഓടട്ടെ.

Monday, July 24, 2006  
Blogger prapra said...

ഇപ്പോള്‍ എനിക്ക്‌ പലതും മനസ്സിലായി. ബ്രാന്റ്‌ ലോയല്‍റ്റി കുറച്ച്‌ കൂടുതല്‍ ഉള്ളവര്‍ ആണ്‌ മലയാളികള്‍. 'സോണി' തന്നെ ഉദാഹരണം. പക്ഷേ റ്റാറ്റ കഴിഞ്ഞേ എന്തും ഉള്ളൂ.

പണ്ട്‌ പറഞ്ഞ്‌ കേട്ട ഒരു തമാശ. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ തരംഗം ആരംഭിക്കുന്നതിന്‌ മുമ്പ്‌ റ്റാറ്റ, ഐ.ബി.എമ്മും ആയി കൂടി ചേരുന്നു, റ്റാറ്റ-ഐ.ബി.എം ഉണ്ടാക്കാന്‍. ടൈയും സൂട്ടും ഇട്ട സായിപ്പ്‌ ഏമാന്മാര്‍ പറഞ്ഞു, നമ്മുടെ കമ്പനിയുടെ പേരിന്റെ കൂടെ റ്റാറ്റ എന്നു ചേര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്ക്‌ റോയല്‍റ്റി ചാര്‍ജ്ജ്‌ തരണം. റ്റാറ്റ പറഞ്ഞു, മോനേ ഇത്‌ ഇന്ത്യാ മഹാരാജ്യമാണ്‌, റ്റാറ്റയുടെ കൂടെ പേര്‌ വയ്ക്കാന്‍ ഞങ്ങള്‍ കാശ്‌ ഇങ്ങോട്ട്‌ വാങ്ങുകയാണ്‌ പതിവ്‌. അത്‌ ഏതായാലും തെറ്റിക്കേണ്ടാന്ന്.

Monday, July 24, 2006  
Blogger സ്നേഹിതന്‍ said...

കൊള്ളാം ക്ലാസ്സിഫിക്കേഷന്‍.
എഴുത്തിലെ ലാളിത്യം ശ്രദ്ധേയം.

Monday, July 24, 2006  
Blogger സന്തോഷ് said...

കാര്യങ്ങള്‍-അത് എന്തുമാവട്ടെ--വ്യക്തമായി, ലളിതമായി, ക്ലിഷ്ടതയില്ലാതെ പറഞ്ഞു മനസ്സിലാക്കിക്കുവാനുള്ള കഴിവ് എല്ലാര്‍ക്കും കിട്ടില്ല. ദേവന് അത് വേണ്ടുവോളവും അതിലധികവും കിട്ടിയിട്ടുണ്ട്.

- “നിനക്ക് അവിടെ എന്ത് പണിയാ?” എന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ ചോദിക്കുമ്പോള്‍ തപ്പിത്തടയുന്ന ഒരു കമ്പ്യൂട്ടര്‍ തൊഴിലാളി.

Monday, July 24, 2006  
Anonymous Anonymous said...

ഓ, പിന്നെ പിന്നെ..വെറുതെ ഈ മനുഷ്യന്മാര്‍ പൊക്കണതാ ദേവേട്ടാ.അത്രക്കൊന്നും ഇല്ല..
ഇനി ഇതുപോലെ അടുപ്പിച്ച് ഒരു പത്ത് പോസ്റ്റിടൂ..അപ്പൊ നോക്കട്ടെ നന്നാവുന്നുണ്ടൊന്ന്. :)

Monday, July 24, 2006  
Blogger സന്തോഷ് said...

കാര്യങ്ങള്‍-അത് എന്തുമാവട്ടെ--വ്യക്തമായി, ലളിതമായി, ക്ലിഷ്ടതയില്ലാതെ മറ്റു മനുഷ്യരെപറഞ്ഞു മനസ്സിലാക്കിക്കുവാനുള്ള കഴിവ് എല്ലാര്‍ക്കും കിട്ടില്ല.

എന്ന് തിരുത്തി വായിക്കാനപേക്ഷ.

എല്‍ജീ, എന്നോടാണോ കളി :)

Monday, July 24, 2006  
Blogger അരവിന്ദ് :: aravind said...

ദേവ്‌ജീ...എന്റെ നമസ്കാരം.
ശരിക്കും പറഞ്ഞാല്‍ ബൂലോഗത്തിലെ യഥാര്‍ത്ഥപുലികള്‍ ദേവ്‌ജിയും ഉമേഷ്‌ജിയുമാണ്.
എവിടേയും പ്രയോഗിക്കാന്‍ പറ്റുന്ന, വിജ്ഞാനത്തിന്റെ, വേറെയെവിടെ നിന്നും എനിക്കൊന്നും ഒരിക്കലും കിട്ടാന്‍ സാധിക്കാത്ത നുറുങ്ങുകളല്ലേ ഇങ്ങനെ മനോഹരമായി മനസ്സിലാകും വിധം വിവരിച്ച് തരുന്നത്!!

അപ്പൊ എന്താ പറഞ്ഞേ? ലീവോ? ജാമ്യോ? ഈ ദേവ്‌ജീടെ ഒരു കാര്യം...
ദേവ്‌ജി എടക്കെടെ ഇങ്ങനോരോ കാച്ച് കാച്ചും..നമ്മളാണേ ചിരിച്ച് ചിരിച്ച്......:-))

Tuesday, July 25, 2006  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

അറിവുകളാര്‍ജ്ജിയ്ക്കുന്നതും അവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനുള്ള മനസ്ഥിതിയുമുള്ളത്‌ മഹത്തരമാണ്‌.

അറിവിന്റെ, അനുഭവത്തിന്റെ വ്യാപ്തിയാല്‍ ദേവരാഗം എന്നും അമ്പരപ്പിയ്ക്കുന്നു എന്നെ!

Friday, July 28, 2006  
Blogger ദേവന്‍ said...

സ്കൂളു തിടുക്കത്തിലടച്ചുപോയ പോക്കില്‍ ഇവിടത്തെ കമന്റേറ്ററുമാരെ വിട്ടു പോയി!.
രാജേ, എന്നെ ആകെ പൊക്കിയ പബ്ലീഷര്‍ ഗൌമസ്തിക സാഹിത്യ(ക്രെഡിറ്റ്‌ എന്റെ ചേട്ടച്ചാര്‍ക്ക്‌) പ്രസിദ്ധീകരണമായ ഞങ്ങളുടെ ന്യൂസ്‌ലെറ്ററുകാരാ.

ഡില്‍ബാ
നമ്മള്‍ ഒരേ കൂവല്‍ .. സോറി തൂവല്‍ പക്ഷികള്‍ അല്ലേ ശകലം അങ്ങോട്ടുമിങ്ങോട്ടും താങ്ങാം. പക്ഷേ പുറത്തുന്നൊരുത്തന്‍ താങ്ങിയാല്‍ ഒരു വപുസ്സു നമ്മള്‍ക്കൊരു വചസ്സു നമ്മള്‍ക്കൊരു മനസ്സുനമ്മള്‍ക്കൊരുതരം വിചാരം..

പോലീസുകാരന്‍ എഴുതിയ പുസ്തകം ഒരു കോപ്പി ഓര്‍ഡര്‍ ചെയ്യാം. ജെയിന്‍ & നരംഗ്‌ ന്റെ അക്കൌണ്ടിംഗ്‌ നെ കാള്‍ കോസ്റ്റിംഗ്‌ പുസ്തകം ആണു നല്ലതെന്ന് തോന്നുന്നു.

സങ്കുമാഷേ
ഒരു മെയില്‍ പെന്‍ഡിംഗ്‌ ഉണ്ട്‌. കുറ്റബോധവും അതിലുണ്ട്‌. ജീമെയില്‍ എന്റെ ഓഫീസില്‍ സെക്യൂരിറ്റി പ്രശ്നങ്ങളാല്‍ ബാനില്‍ പോയ വിഷമവും ഉണ്ട്‌. എല്ലാ വിഷമത്തിനും പരിഹാരം കാണുന്നുണ്ട്‌. ഇനി അവധി ചോദിക്കാന്‍ നാണമാവുന്നു എന്നാലും.. ബ്ലേഡ്കാരന്റെ മുന്നില്‍ തലചൊറിയുന്നതുപോലെ കുറച്ച്‌ ദിവസം....

വക്കാരിയേ
ഇതിന്റെ മൂലത്തിന്റെയൊരു മൂല, എന്റെ ഗുരു ഗൌതമന്‍ സാറിനും അവകാശപ്പെട്ടതാണേ. ക്രെഡിറ്റ്‌ എല്ലാം ഡെബിറ്റ്‌ ആക്കി മൂപ്പര്‍ക്ക്‌ അയച്ചു കൊടുക്കാം... (ഓവറായോന്നോ അണ്ടര്‍ പോലുമായില്ല, ബാക്കിക്കൂടെ എഴുതോ)

ഗന്ധര്‍വ്വരേ.
ഈ ആറാം ഇന്ദ്രിയം വിഷ്വലൈസ്‌ ചെയ്തു നോക്കിയിട്ടുണ്ടോ? അതൊരു പാമ്പിനെപ്പോലെയാവും.. ഇങ്ങനെ ചുരുണ്ട്‌
ചുമ്മാ കിടക്കും ന്നിട്ട്‌ സമയമാകുമ്പോ ഒരൊറ്റ ചീറ്റല്‍! (എനിക്കും വട്ടാണേ)

ബിന്ദു, അത്തിക്കുറിശ്ശി, ബിജോയ്‌, ഏറനാടന്‍ ഒക്കെ നമ്മുടെ ആള്‍ക്കാരാണല്ലേ? നുമ്മക്ക്‌ ഒരു യൂണിയന്‍ ഉണ്ടാക്കി ഈ കമ്പ്യൂട്ടറെഞ്ചിനീയറുമാരേം പത്ര പ്രവര്‍ത്തകരേയും ബൂലോഗത്തിട്ട്‌ ഒതുക്കാം...

ആദിത്തമ്പിയേ
വരീ ഇരി. ബ്രഹ്മശ്രീ ലൂക്കാ പസിയോളി ഭഗവാന്റെ അനുഗ്രഹത്താലെ അക്കൌണ്ടന്‍സിജ്ഞാനം ഉടനുണ്ടാകട്ടെ.

ങേ പട്ടേരിപ്പരുന്ത്‌ അനോണിയായിപ്പോയോ... കണ്ടല്ല്ലോ പത്തിരുപത്തഞ്ചു കണക്കപ്പിള്ളമാരും ഒരു കണക്കമ്മയും (പിള്ള എന്നതിന്റെ ഫെമിനിന്‍ ജ.)
ഇവിടുണ്ട്‌. കമ്പ്യൂടേട്ടന്മാര്‍ മലയാളം സോഫ്റ്റ്വെയര്‍ ഉണ്ടാക്കുന്നു, ഫോണ്ടെഴുതുന്നു. പത്രര്‍ പരസ്യം കൊടുക്കുന്നു. കവികള്‍ ബൂലോഗത്തിന്റെ അപവാദങ്ങള്‍.. സോറി അപദാനങ്ങള്‍ പാടുന്നു.. നമുക്കെന്തു ചെയ്യാന്‍ കഴിയും?

നമുക്ക്‌ ഒരു അക്കൌണ്ടന്‍സി പുസ്തഹം മലയാളത്തിലെഴുതാം. ഒരൊറ്റ ഇംഗ്ലീഷു വാക്കും കണക്കെഴുതാന്‍ വേണ്ട. പത്തയ്യായിരം കൊല്ലം പഴക്കമുള്ള തൊഴില്‍ അല്ലേ. പാസ്യോളേട്ടന്റെ "ഇരട്ടപ്പെരുവഴി" കണക്ക്‌ 2000 വര്‍ഷം മുന്നേ വെനീസില്‍ നിന്നും കേരളത്തിലുമെത്തിയായിരുന്നു. ഇംഗ്ലീഷു പിന്നെത്രം കൊല്ലം കഴിഞ്ഞാ വന്നത്‌!

എത്ര പേര്‍ റെഡി?

സൂ,
ഇതാ വിദ്യ പഠിച്ചു, ആശാനിട്ടു തന്നെ പയോഗവും നടത്തി!!

പ്രബേഷേ
ബ്രാന്‍ഡ്‌ ലോയല്‍റ്റി എറ്റവും കൂടുതല്‍ നമുക്കു തന്നെ ആകും.
ഡിറ്റര്‍ജന്റ്‌ എന്ന വാക്കിനു പകരം "സര്‍ഫും" സിഗററ്റ്‌ എന്നത്‌ "സിസ്സറും" ഒക്കെ ആയ നാടല്ലേ.

സന്തോഷേ
"അവിടെ എന്തു പണിയാ" എന്നൂ കേട്ടപ്പോഴാ ഓര്‍ത്തത്‌.

ചെറിയ ടെര്‍മിനസ്സിലും മറ്റും വിമാനത്തെ ഡോക്ക്‌ ചെയ്യുമ്പോള്‍ REMOVE THIS BEFORE FLIGHT എന്നൊരു റിബണ്‍ കെട്ടാറുണ്ട്‌. പണി തീരുമ്പോള്‍ ഗ്രൌണ്ട്‌ മാര്‍ഷലന്മാര്‍ ആരേലും ഈ റിബണ്‍ അഴിച്ചു പൈലറ്റിനെ വീശിക്കാട്ടും "ഇറങ്ങിപ്പോടാ" എന്നയര്‍ത്ഥത്തില്‍. ഫ്ലൈറ്റു ടാക്സി തുടങ്ങുകയും ചെയ്യും.

ഒരു മലബാറി മാര്‍ഷല്‍ അവധിക്കു നാട്ടില്‍ ചെന്നപ്പോല്‍ അയലോക്കത്തെ ഒരു കിഴവി ചോദിച്ചു "ഡാ മോനേ, പത്തു വരെ പോലും പഠിച്ചിട്ടില്ലാത്ത്‌ നിനക്ക്‌ വിമാനത്താവളത്തില്‍ എന്താ ജോലി?"

മാര്‍ഷനു കലി കയറി "വല്യമ്മേ, ഞാന്‍ തുണിയൂരി വീശിക്കാണിച്ചാലേ വിമാനം പോകൂ അതു തന്നെ ജോലി"

എല്‍ജി!
ആഹ ഇവിടെ ഇപ്പോഴും എല്‍ ജീന്നു തന്നെയാണല്ലോ!!

അരവിന്ദേ, മഴനൂത്സേ
നന്ദി . (ഞാന്‍ മുങ്ങാതിരിക്കാന്‍ വെറുതേ ആനയാണ്‌ ചേനയാണെന്നൊക്കെ പറഞ്ഞതാണെന്നറിയാം. എന്നാലും കേള്‍ക്കാന്‍ എന്താ ഒരു സുഖം)

Tuesday, August 29, 2006  
Blogger വക്കാരിമഷ്‌ടാ said...

അനിയന്‍ വാഡാ, ചേട്ടന്‍ പോഡായ്ക്കാത്തല്ലിയോ ഇന്ദ്രന്‍സ് പറയുന്നത്, “നമുക്ക് തുണിപൊക്കിക്കാണിച്ചാലോ“ എന്ന്.

പ്രാപ്രാ ഒരു റ്റാറ്റാരാധകനാണെന്നുള്ള കാര്യം എന്റെ കൃതിസമയത്ത് ഓര്‍ത്തില്ല (ഇനി അല്ല എന്നൊന്നും പറയരുതേ, ലച്ചമൊന്നും പിന്നാലെയില്ല :)).

Tuesday, August 29, 2006  
Blogger ദേവന്‍ said...

ഉവ്വ പുള്ളി "പ്രാ പ്രാ" എന്ന പേരിട്ടതു തന്നെ "റ്റാ റ്റാ" എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ലേ..

Tuesday, August 29, 2006  
Blogger വക്കാരിമഷ്‌ടാ said...

അതു ശരിയാ.

പണ്ട് ഉപ്പായിമാപ്ലയ്ക്കകത്ത് കാറില്‍ ആരോ പോകുമ്പോള്‍ കാറിനകത്തിരുന്ന് റ്റാറ്റാ എന്ന് പറഞ്ഞപ്പോള്‍ ഉമ്മായിമാപ്ലേച്ചി ബിര്‍ളാ എന്ന് തിരിച്ച് പറഞ്ഞു (ഒട്ടും കുറയ്ക്കരുതല്ലോ) എന്നതില്‍നിന്നായിരുന്നു റ്റാറ്റാ എന്ന് പറഞ്ഞാല്‍ തഗണം പൊഗണം വരുന്നതുപോലെ ബിര്‍ളാ എന്ന് അറിയാതെ വന്നത്.

Tuesday, August 29, 2006  
Blogger ദില്‍ബാസുരന്‍ said...

നമുക്ക്‌ ഒരു അക്കൌണ്ടന്‍സി പുസ്തഹം മലയാളത്തിലെഴുതാം. ഒരൊറ്റ ഇംഗ്ലീഷു വാക്കും കണക്കെഴുതാന്‍ വേണ്ട. പത്തയ്യായിരം കൊല്ലം പഴക്കമുള്ള തൊഴില്‍ അല്ലേ. പാസ്യോളേട്ടന്റെ "ഇരട്ടപ്പെരുവഴി" കണക്ക്‌ 2000 വര്‍ഷം മുന്നേ വെനീസില്‍ നിന്നും കേരളത്തിലുമെത്തിയായിരുന്നു. ഇംഗ്ലീഷു പിന്നെത്രം കൊല്ലം കഴിഞ്ഞാ വന്നത്‌!

എത്ര പേര്‍ റെഡി?


ദേവേട്ടാ,
എന്നാലാവുന്ന വിധത്തില്‍ ഞാന്‍ റെഡി.

ഈ പുസ്തകത്തിനെ പറ്റി കൂലങ്കുഷമായി (ദൈവമേ..ഇതെന്ത് ജന്തു?) ചര്‍ച്ച ചെയ്യുന്ന വേളകളിലെ ചായ ആന്റ് കടി ലക്ഷ്യമിട്ടല്ല ഇത് പറയുന്നത്. വിശ്വസിക്കൂ...പ്ലീസ്..

Tuesday, August 29, 2006  
Blogger ദേവന്‍ said...

കരീം മാഷും കൂടാമെന്ന് ഏറ്റിട്ടുണ്ട്‌.

ഒരു കൂട്ടുകൃഷി ബ്ലോഗ്‌ തുടങ്ങീട്ട്‌ സംഭവം ബുക്കുപരുവമാകുമ്പോല്‍ ബുക്കിപ്പീടികയിലോ എവിടാന്നു വച്ചാല്‍ ഇട്ടാലോ?

Sunday, September 03, 2006  

Post a Comment

Links to this post:

Create a Link

<< Home