Sunday, July 02, 2006

എക്കോക്കണ്‍ഫ്യൂഷന്‍

ബാറ്റ്‌ റഡാറിനെക്കുറിച്ച്‌ ആകസ്മികമയി ഒരു "പരാമര്‍ ചാം" ഉണ്ടായിരുന്നല്ലോ, ഇത്തവണത്തെ പോസ്റ്റ്‌ ഒച്ചവച്ച്‌ തടി സംരക്ഷിക്കുന്ന ഒരു ജന്തുവിനെക്കുറിച്ചാകട്ടെ. [പലതരം ജീവികള്‍ ഒച്ചവച്ച്‌ ജീവിക്കുന്നുണ്ട്‌, ഉദാ. പിച്ചക്കാര്‍:- "അമ്മാ, സാറേ" എന്ന ഒച്ചകൊണ്ട്‌ അവര്‍ നിത്യവൃത്തി കഴിക്കുന്നു].

ബാറ്റ്‌ റഡാര്‍ ശരിക്കു പറഞ്ഞാല്‍ ഒരു റഡാര്‍ അല്ല, സോണാര്‍ ആണ്‌. റഡാര്‍ റേഡിയോ തരംഗങ്ങള്‍ അയച്ച്‌, അവ എന്തെങ്കിലും ഒരു വസ്തുവില്‍ തട്ടി തിരിച്ചു വരുന്നതിനെ ഒരു റിസീവര്‍ കൊണ്ട്‌ സ്വീകരിച്ച്‌, പഠിച്ച്‌ വസ്തുവിലേക്കുള്ള ദൂരവും മറ്റും തിരിച്ചറിയുന്നു. സോണാറും ഇങ്ങനെ തന്നെയാണു പ്രവര്‍ത്തിക്കുന്നത്‌, ചെറിയൊരു വത്യാസം മാത്രം- റേഡിയോ തരംഗങ്ങള്‍ക്കുപകരം സോണാര്‍ യന്ത്രങ്ങള്‍ ശബ്ദവീചികള്‍ അയച്ച്‌ മാറ്റൊലി സ്വീകരിക്കുന്നു എന്നു മാത്രം.

പരശ്ശതം ഇനം വാവലുകള്‍ ഈ ഭൂമുഖത്തുണ്ട്‌, അവയില്‍ ഒട്ടുി മുക്കാലും അള്‍ട്രാസോണിക്‌ തരംഗങ്ങള്‍ ആണ്‌ ഉപയോഗിക്കാറ്‌.ശബ്ദവീചികളുടെ മാറ്റൊലി പഠിച്ച്‌ ഇരയെയും വൈതരണികളേയും കണ്ടുപിടിക്കുന്ന വാവലുകളുടേയും ഡോള്‍ഫിന്‍ പോലെ ജല സസ്തനികളുടെയും മറ്റും പരിപാടിക്ക്‌ "മാറ്റൊലീ സ്ഥാനനിര്‍ണ്ണയം" echolocation എന്നാണു പറയാറ്‌. വാവലുകളുടെ എക്കോലൊക്ക്കേഷന്‍ അതിശയകരമാം വിധം കൃത്യതയുള്ളതാണ്‌. പട്ടുനൂലുകള്‍ തലങ്ങും വിലങ്ങും കെട്ടിയ ഇരുട്ടു മുറിയില്‍ പറത്തിവിട്ട വാവലുകള്‍ ഒറ്റ നൂലും പൊട്ടാതെ പറന്നു നടന്ന് മനുഷ്യന്‌ സോണാര്‍/ റഡാര്‍ രംഗത്തുള്ള യാന്ത്രിക മികവിനെ കൊച്ചാക്കി തള്ളിക്കളഞ്ഞു.

ഇത്രയും കെങ്കേമനാണു വാവലെങ്കില്‍ "എക്കോ പെര്‍ഫെക്ഷന്‍ "എന്നാണ്‌ ഈ പോസ്റ്റിനു പേരിടേണ്ടിയുന്നതെന്ന് ചിന്തിക്കുകയല്ലേ. ഈ പോസ്റ്റ്‌ വവ്വാലിനെക്കുറിച്ചല്ല. അതിലും കേമനായ ഒരുത്തനെക്കുറിച്ചാണ്‌.തൊണ്ട അള്‍ട്രാസോണിക്ക്‌ സൌണ്ട്‌ ജെനറേറ്റര്‍ ആക്കിയും ചെവി എക്കോ റിസീവര്‍ ആക്കിയും ബാറ്റ്‌ യുദ്ധവിമാനം ഹൈ ഫൈ യുദ്ധത്തിനു വരുമ്പോള്‍ പുലിപ്പൂച്ചി (tiger moth) എന്ന ചെറു ഷഡ്പദം ചിറകടിച്ച്‌ ഇവന്റെ മനുഷ്യകര്‍ണ്ണത്തിനു കേള്‍ക്കാനാവാത്ത ശബ്ദം അനുകരിച്ച്‌ തന്നെ പിടിച്ചു തിന്നാന്‍ വരുന്ന വാവലിന്റെ മാറ്റൊലിക്കണക്ക്‌ മൊത്തത്തില്‍ തെറ്റിച്ചു കളയും . "ചക്ക" എന്നു പറയുമ്പോള്‍ "ചുക്ക്‌" എന്ന് എക്കോ വരുന്നതു കണ്ട്‌ ബാറ്റേട്ടന്‍ "ഹ്യൂസ്റ്റണ്‍ വീ ഹാവ്‌ ഏ പ്രോബ്ലം." എന്നു പറഞ്ഞ്‌ മാറിപ്പോയിക്കോളും. സാക്ഷാല്‍ പുലിയായ പുലിപ്പൂച്ചിയുടെ എക്കോ കണ്‍ഫ്യൂഷന്‍ വിദ്യയുടെ പ്രാകൃതമായ അനുകരണങ്ങള്‍ യുദ്ധവിമാനങ്ങള്‍ മുതല്‍ റോഡ്‌ റഡാര്‍ ജാമര്‍ വരെയുള്ള യന്ത്രങ്ങളില്‍ മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ട്‌. പുലിപ്പക്കി ഇതുവരെ ഇന്റലക്ച്യുവല്‍ പ്രോപര്‍ട്ടി റൈറ്റ്‌ സംരക്ഷിക്കാന്‍ കേസ്‌ കൊടുത്തിട്ടില്ല. ഇതു വായിച്ച്‌ ശലഭങ്ങള്‍ കേസിനിറങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയുമല്ല.

15 Comments:

Blogger Sreejith K. said...

"ചക്ക" എന്നു പറയുമ്പോള്‍ "ചുക്ക്‌" എന്ന് എക്കോ വരുന്നതു കണ്ട്‌ ബാറ്റേട്ടന്‍ "ഹ്യൂസ്റ്റണ്‍ വീ ഹാവ്‌ ഏ പ്രോബ്ലം." എന്നു പറഞ്ഞ്‌ മാറിപ്പോയിക്കോളും.

ദേവേട്ടാ, നര്‍മ്മ കലക്കി. ലേഖനവും അസ്സല്‍. വിജ്ഞാനപ്രദങ്ങളായാ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Sunday, July 02, 2006  
Blogger സിദ്ധാര്‍ത്ഥന്‍ said...

വിദ്യയെ കണ്ടതിപ്പൊഴാണു്‌.
കലക്കി!
എല്ലാ കണ്‍ഫ്യൂഷ‍നും ഇതോടെ തീരട്ടെ.

ഈ വക്കാരീടേം ദേവന്റേം വരാനിരിക്കുന്ന ലേഖനങ്ങള്‍ പൊക്കി പാഠപുസ്തകങ്ങളാക്കാന്‍ വേണ്ടി മാത്രം എന്നെ ഒരു ദിവസത്തേക്കു്‌ വിദ്യഭ്യാസമന്ത്രിയാക്കണേ ദൈവമേ.

Sunday, July 02, 2006  
Blogger രാജ് said...

വെക്കേഷനായകാരണം വിദ്യ ബ്ലോഗു തുടങ്ങി എന്നാ ഞാന്‍ കരുതിയതു്. എന്തായാലും ഇതു നന്നായി ദേവാ, മികച്ച രണ്ടു ലേഖനങ്ങള്‍ വായിക്കാനായി. സന്തോഷം.

Sunday, July 02, 2006  
Blogger Kalesh Kumar said...

ദേവേട്ടാ, നന്നായിട്ടുണ്ട്!
ഇന്‍ഫോര്‍മേറ്റീവ്!

Monday, July 03, 2006  
Blogger myexperimentsandme said...

അടിപൊളി. നല്ല ഒരു വിവരം കിട്ടി.

വിവരാകാശ അവകാശ നിയമപ്രകാരം ഈ വിവരങ്ങളൊക്കെ ദേവേട്ടന് എങ്ങിനെ കിട്ടുന്നു എന്നറിയാനുള്ള അവകാശം വിനിയോഗിക്കാന്‍ എത്ര അവകാശ ഫീസ് അടച്ച് ഏതാപ്പീസിലാ അന്വേഷിക്കേണ്ടത്? റഡാറും സോണാറുമൊക്കെ ഉണ്ട്, അതുകാരണം രാജ്യരക്ഷയെ ബാധിക്കും, അതുകൊണ്ട് തരൂല്ലാ എന്നൊക്കെ പറഞ്ഞാല്‍.........

....പിന്നെ എന്നാ പറയാനാ...

Monday, July 03, 2006  
Blogger അരവിന്ദ് :: aravind said...

നല്ല സംരഭം..നല്ല വിവരണം..
ദേവ്‌ജി ബാക്ക് ഇന്‍ ഫുള്‍ ഫോം..

കീറ്റിപപ്പ്! ;-)

Monday, July 03, 2006  
Blogger ഡാലി said...

അമ്മമ്മേ .... ബാറ്റ്മാനെ തോല്‍പ്പിക്കുന്ന പുലിപൂച്ചി ഇവന്‍ പുലിയല്ല പുപ്പുലി ആണല്ലോ ദേവേട്ടാ.. അവന്റെ പടം ഗൂഗ്ലി നോക്കിയപ്പോള്‍ ആകെ രണ്ടെ രണ്ട് പടം ശലഭങലുടെ ...ബാക്കി ഒക്കെ ബീമനങളപ്പാ.. അപ്പോള്‍ ഈ ടെക്നൊളൊജിയില്‍ ഒരുപാടു ഗവേഷണം നടക്കുന്നുടാവണം... എന്നാലും കണ്ട രണ്ടു പേരും സുന്ദരന്മാര്‍ തന്നെ.
അപ്പോള്‍ ബാറ്റ്മാന്‍ & തൊട്ടവാടി research project തുടങല്ലെ?

Monday, July 03, 2006  
Blogger ചില നേരത്ത്.. said...

പുലിയെ കുറിച്ചാണെന്ന് കരുതിയാണ് വായിച്ച് തുടങ്ങിയത്..പക്ഷേ പുപ്പുലിയെ പറ്റിയാണെന്നറിഞ്ഞ് അതിശയപ്പെട്ടു..താറാവിന്റെ ശബ്ദത്തിന് പ്രതിധ്വനിയില്ലെന്ന് വായിച്ചതോര്‍ക്കുന്നു..കാരണവും കണ്ടെത്തിയിട്ടില്ലത്രെ!!!
ജന്തുലോകം വിചിത്രലോകം!!!..പഠനാര്‍ഹം ഈ ലേഖനം.

Monday, July 03, 2006  
Blogger Shiju said...

ഇതിലും നന്നായും ലളിതമായും echolocation-ഉം മറ്റും ആര്‍ക്കെങ്കിലും വിശദീകരിക്കാന്‍ പറ്റുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. നമ്മുടെ അദ്ധ്യാപര്‍ എല്ലാം ഈ വിധത്തില്‍ ക്ലാസ്സുകള്‍ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ദേവേട്ടാ പോസ്റ്റ്‌ നന്നായി അഭിനന്ദങ്ങള്‍

Monday, July 03, 2006  
Blogger സ്നേഹിതന്‍ said...

This comment has been removed by a blog administrator.

Monday, July 03, 2006  
Blogger സ്നേഹിതന്‍ said...

ഇന്നത്തെ വിദ്യാരംഭം ഇവിടെ നിന്നാകട്ടെ. ഇതൊരു നല്ല സംരംഭം എന്ന് പ്രത്യേകം പറയട്ടെ.

Monday, July 03, 2006  
Blogger Santhosh said...

ദേവാ, ബ്ലൊഗുകള്‍ തുറന്നാല്‍ വിവരം വയ്ക്കുമെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. നന്ദി, നന്ദി!

ഞാന്‍ കരുതി, ഒച്ച വച്ചു ജീവിക്കുന്ന ജീവികളുടെ കൂട്ടത്തില്‍ നമ്മുടെ പിന്നണി ഗായകരെയും ഉള്‍പ്പെടുത്തുമെന്ന്.

Monday, July 03, 2006  
Blogger ദേവന്‍ said...

ഇത്ര വലിയ പ്രോത്സാഹനത്തിനു അത്ര തന്നെ വലിയ നന്ദി കൂട്ടുകാരേ.

വക്കാരിയേ
തൊട്ടാവാടിയിന്‍ഫോ ഞാന്‍ പറഞ്ഞല്ലോ പരിഷത്തിലെ ഒരു ചേട്ടന്‍ പറഞ്ഞു തന്നതാ.

ചെറുപ്പത്തിലൊരിക്കല്‍ ബാറ്റണ്‍ ബോസിനെ ഒരിക്കല്‍ "ഇണ്ടൂ" എന്ന എന്റെ കുളിക്കാട്ടുകാരന്‍ (ക്രെഡിറ്റ്‌ ഹരിശ്രീ അശോകന്‌) കയറി പിടിച്ച്‌ അസ്സലൊരു കടി വാങ്ങി. അന്ന് ഇവന്‍ പേവിഷം ഉണ്ടാക്കും എന്നൊക്കെയുള്ള സേഫ്റ്റി ഇന്‍ഫോക്ക്‌ ശകലം മസാലയായി അച്ഛന്‍ പറഞ്ഞു തന്നത എക്കോലൊക്കേഷന്‍. റഡാര്‍ ഇന്‍ഫോ - ഊഹിക്കാമല്ലോ എന്റെ ചോറു സംബന്ധിയാണേ. കുട്ടിത്തേവാങ്കിനെപ്പറ്റി ഇപ്പോ ഒരെണ്ണമിട്ടത്‌ ജയന്റ്‌ ബുക്ക്‌ ഓഫ്‌ ഫാക്റ്റ്‌ എന്ന ഒരു പുസ്തകത്തീന്നാ. എന്റെ ചേച്ചി ബസ്സില്‍ കയറാതെ സ്കൂളില്‍ നടന്നു പോയി മിച്ചം പിടിച്ച പത്തു പൈസകളും വിഷുക്കൈനീട്ടവും ഒക്കെ കൂട്ടി വച്ച്‌ എനിക്കു മേടിച്ചു തന്നതാ ആ പുസ്തകം.

സാല്വഡോര്‍ ഡാലിയേ
തൊട്ടാവാടിയേല്‍ റിസര്‍ച്ചാം, ആര്‍ക്കും കൃത്യമായി ഇതുവരെ മനസ്സിലാകാത്ത കാര്യമല്ലേ. എന്നാല്‍
echolocationല്‍ ഇനി ഗവേഷണത്തിനു സ്കോപ്പുണ്ടോ എന്തോ , ഒരുമാതിരിപ്പെട്ടവരെല്ലാം അതില്‍ പ്രബന്ധമെഴുതിക്കഴിഞ്ഞു . ഇന്റര്‍നെറ്റില്‍ തന്നെ ഇഷ്ടമ്പോലെ പേപ്പറുകള്‍ കാണാം.

കുട്ടികളെ ബൂലോഗം കുറേശ്ശെ മറന്നെന്നു തോന്നിയതുകൊണ്ട്‌ കുട്ടികള്‍ക്ക്‌ താല്‍പ്പര്യം തോന്നുന്ന കാര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുക്കുന്നു . മടുക്കുമ്പോള്‍ പറയണേ നമുക്ക്‌
അടുത്ത പ്ലേറ്റ്‌ ഇടാം.

ഇബ്രൂ
വ്യാജ വിവരങ്ങള്‍ തന്ന് ചിലപ്പോ ഇന്റര്‍നെറ്റ്‌ നമ്മളെ പറ്റിക്കും, എതോ ട്രൈവിയ സൈറ്റ്‌ താറാവിന്റെ ക്വാക്കിനു എക്കോയില്ല എന്നു പറഞ്ഞത്‌ ആളുകളെ മൊത്തത്തില്‍ വഴി തെറ്റിച്ചു കളഞ്ഞു (ഒരു പുസ്തകത്തിലും ഇല്ലാതെ ഇന്റര്‍നെറ്റില്‍ മാത്രം കാണുന്ന വിവരങ്ങളില്‍ നല്ലൊരളവും ചുമ്മാ തട്ടിവിടുന്നതാണേ)

ഒടുക്കം ഇത്‌ ബീ ബീ സീ ബ്രോഡ്കാസ്റ്റ്‌ ചെയ്യുന്നിടം വരെ എത്തിയപ്പോള്‍ ആളുകള്‍ ആളുകള്‍ക്ക്‌ തെറ്റാണെന്നു തെളിയിച്ചു കൊടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക്‌ ഇറങ്ങേണ്ടി വന്നു (പല തെളിയിക്കലില്‍ ഒന്ന് ഇവിടെ കാണാം/ കേള്‍ക്കാംhttp://www.acoustics.salford.ac.uk/acoustics_world/duck/duck.htm)

Wednesday, July 05, 2006  
Blogger myexperimentsandme said...

ഡാലീടെ അടുത്ത കമന്റിന് ഡാലിയെ സാല്‍‌വഡോര്‍ ഡാലിയെന്ന് വിളിക്കണെമെന്നോര്‍ത്തതാ, അത് ദേവേട്ടന്‍ കൊണ്ടുപോയി (സ്വല്പം വെയിറ്റു ചെയ്യൂ എന്ന എന്റെ തിയറി എനിക്കു തന്നെ പാരയായി) :)

Wednesday, July 05, 2006  
Blogger ഡാലി said...

ദേവെട്ടാ, വക്കാരി.. ഈ സാല്‍‌വഡോര്‍ വിളി വളരെ പരിചിതം. സത്യത്തില്‍ ആരാ ഈ സാല്‍‌വഡോര്‍.. എന്താ ഒരു വര.... ഈയടുത്ത് ഒന്നു കണ്ടു സമയം എന്നൊ മറ്റൊ തലക്കെട്ട്. ഉരികിയൊഴുകുന്ന മഞ്ഞയും നീലയും കലര്‍ന്ന ക്ലോക്കുകള്‍.. അമ്മെ അന്തിച്ചു പോയി.. അപ്പൊ പരഞ്ഞു വന്നത് സാല്‍‌വഡോര്‍ വിളി സന്തോഷം ആണെന്ന്

Wednesday, July 05, 2006  

Post a Comment

<< Home