Friday, July 14, 2006

വരയാട്


മൂന്നാറില്‍ വൈകുന്നേരത്തെ ചായസമയത്ത്‌ മഴ പെട്ടെന്ന് നിന്ന് ചെറുചൂടുള്ള വെയില്‍ തെളിഞ്ഞു. വരയാടുകളെ കാണാന്‍ പറ്റിയ സമയം. 15 കിലോമീറ്റര്‍ മറയൂര്‍ ഭാഗത്തേക്ക്‌ സഞ്ചരിച്ച്‌ ഇരവികുളം വന്യജീവിസംരക്ഷണകേന്ദ്രത്തിലെ പൊതുജനത്തിനു സന്ദര്‍ശനാനുമതിയുള്ള ‌രാജമലയില്‍ ചെന്നെത്തി. സജിച്ചേട്ടന്റെ പരിചയക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍സുരക്ഷാപ്രശ്നങ്ങളാല്‍ വാഹനങ്ങളെ കടത്തിവിടാത്ത മലമ്പാതകളും ഞങ്ങള്‍ക്ക് തുറന്നു കിട്ടിയതിനാല്‍ ആടുകള്‍ക്കടുത്തുവരെ കാറില്‍ പോകാനായി.

നീല്‍ഗിരി താര്‍ hemitragus hylocrius എന്ന വരയാട്‌ ചെമ്മരിയാടിനോട്‌ വളരെ അടുത്ത ബന്ധമുള്ള മലയാട്‌ (tahr കുലത്തിലെ മൂന്നു വംശങ്ങളില്‍ ഒന്നാണ്‌. ഹിമാലയന്‍ മലയാട്‌ (hemitragus jemlahicus) അറേബ്യന്‍ മലയാട്‌ (hemitragus jayakari) എന്നിവയാണ്‌ tahr ജനുസ്സിലെ മറ്റു സ്പീഷീസ്‌.

പറ്റമായി വെയില്‍ കായുന്ന വരയാടുകളെ കണ്ടപ്പോള്‍ ഇഗ്നീഷന്‍ ഓഫ്‌ ചെയ്ത്‌ അവയ്ക്ക്‌ ശല്യമാകാത്ത കാഴ്ചക്കാരായി ഞങ്ങള്‍. "ഇവയ്ക്കെല്ലാം ചാരനിറം മൂടിയ തോലല്ലേ, വരയൊന്നുമില്ലല്ലോ. പിന്നെ വരയാട്‌ എന്ന പേരെങ്ങനെ വന്നു ഈ ജീവിക്ക്‌?" ഞാന്‍ അന്വേഷിച്ചു.

"വരൈ എന്നാല്‍ തമിഴില്‍ പാറക്കെട്ട്‌ എന്നാണര്‍ത്ഥം. ഇവറ്റ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്ക്‌ മുകളിലാണു വാസം. വലിയ പാറകള്‍ക്ക്‌ മുകളിലൂടെ മിന്നല്‍ വേഗത്തില്‍ പാഞ്ഞുകളിക്കുന്ന ഇവയെ പാറക്കെട്ടിലെ ആട്‌ എന്ന അര്‍ത്ഥത്തിലാണ്‌ വരൈ ആടെന്നു വിളിക്കുന്നത്‌, വരയുള്ള ആടെന്നല്ല" സജിച്ചേട്ടന്‍ പറഞ്ഞു.

പശ്ചിമഘട്ടത്തിലെ പുല്ലു നിറഞ്ഞ പാറച്ചെരുവുകളില്‍ മാത്രമേ ലോകത്ത്‌ വരയാടുകളുള്ളു. (തിരുവനന്തപുരം സൂവിലും അമേരിക്കയിലെ രണ്ടു സൂവിലും വരയാടുകളെ അടച്ചു വളര്‍ത്തുന്നുണ്ടെന്ന് താര്‍ ഫൌണ്ടേഷന്‍ സൈറ്റില്‍ http://www.tahrfoundation.org വായിച്ചു. അതു കണക്കില്‍ പെടില്ലല്ലോ) രണ്ടായിരത്തോളം ആടുകളേ അവശേഷിച്ചിട്ടുള്ളു. അവയില്‍ മിക്കവയും ഇരവികുളം വൈല്‍ഡ്‌ ലൈഫ്‌ പാര്‍ക്കിലാണ്‌. നീലഗിരിയിലെ ഈ മലയാടുളും ഹിമാലയത്തിലേതും അറേബ്യയിലേയും തന്റെ ബന്ധുക്കളെപ്പോലെ വേട്ടക്കാരുടെയും കുടിയേറ്റക്കാരുടെയും ക്രൂരതക്കു മുന്നില്‍ കുലം നശിച്ച സാധുക്കളാണ്‌. ഇരുനൂറു വര്‍ഷം മുന്‍പ്‌ കേരളത്തിന്റെ 75% ഉം വനഭൂമിയായിരുന്നു. ഇന്നത്‌ നാലിലൊന്നായി ചുരുങ്ങി. വരയാടിന്റെ വരൈകള്‍, ഈ ലോകത്തെ എല്ലാം ഭോഗിച്ച്‌ ഇല്ലാതാക്കുന്ന രാക്ഷസര്‍- മനുഷ്യര്‍-കയ്യാളിയപ്പോള്‍ ലക്ഷങ്ങളുടെ അംഗബലം ഉണ്ടായിരുന്ന അവന്റെ കുലം മുടിഞ്ഞു. ഇറച്ചിക്കും പിന്നെ വെറും വിനോദത്തിനും വന്‍ തോതില്‍ അവ നായാടപ്പെട്ടപ്പോള്‍ വംശം അന്യം നിന്നുപോകാറാകുകയും ചെയ്തു.

മലയിറങ്ങാന്‍ നേരം വരയാട്ടില്‍പറ്റം എഴുന്നേറ്റു നിന്ന് ഞങ്ങളെ യാത്രയാക്കി. കാറ് സ്റ്റാര്‍ട്ടാകുന്ന ഇരമ്പം കേട്ട് രണ്ട് ആട്ടിന്‍‌കുട്ടികള്‍ തുള്ളിക്കളിക്കലുപേക്ഷിച്ച് അമ്മയുടെ നേര്‍ക്ക് ഓടി.

6 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ദേവന്‍ മാഷേ, ഇവ കുത്തനെയുള്ള പാറക്കെട്ടുകളില്‍ ബാലന്‍സ് ചെയ്ത് കേറുന്നതിന്റെ ഗുട്ടന്‍സെന്താ? എവയുടെ കാലിനോ കുളമ്പുകള്‍ക്കോ ഇതിനായി എന്തെങ്കിലും പ്രത്യ്യ്കതയുണ്ടോ?

Friday, July 14, 2006  
Blogger ദേവന്‍ said...

സാധാരണ ഷീപ്പിലും വത്യസ്ഥമായി ഷൂസിന്റെ റബ്ബര്‍ സോള്‍ പോലെ പിതുങ്ങുന്ന ഗ്രിപ്പ്‌ കിട്ടുന്ന കുളമ്പുകള്‍ താര്‍ ജെനുസ്സിനു ഉണ്ട്‌ ശനിയന്‍ ഭായി. പോരെങ്കില്‍ നീളം കുറഞ്ഞ കാല്‍ ഉള്ളതിനാല്‍ ബാലന്‍സിംഗ്‌ എളുപ്പമ്മാന്‌ 100 കിലോ വരെ തൂക്കം വരുന്ന ഇവന്റെ പേശീബലം കുത്തനെ ഓടിക്കയറാനും സഹായിക്കുന്നുണ്ടാവണം.

Friday, July 14, 2006  
Blogger കലേഷ്‌ കുമാര്‍ said...

ദേവേട്ടാ, ആ ഫോട്ടത്തിന്റെ അടീല്‍ ചൊവന്ന അക്ഷരത്തില്‍ എന്തെര് എഴുതിവച്ചിരിക്കണത്? വായിക്കാന്‍ പറ്റണില്ല.

Saturday, July 15, 2006  
Blogger ദേവന്‍ said...

കലേഷേ.
അത്‌ പടത്തിന്റെ കോപ്പിറൈറ്റ്‌ സ്റ്റാമ്പ്‌ ആണേ. ക്ലിക്കിയാല്‍ പടം വലുതാകും. അപ്പോ വായിക്കാമല്ലോ.

Wednesday, July 19, 2006  
Blogger ദേവന്‍ said...

ഹൈലൊക്രിയസിനെയും ജയകരിയേയും അവനവന്റെ നാട്‌ (യഥാക്രമം നീലഗിരിയും അറേബ്യയും ചേര്‍ത്ത്‌) പുതിയ പേരിടുന്നെന്ന് കഴിഞ്ഞാഴ്ച്ച റ്റി വി യില്‍ കേട്ടിരുന്നു. കൂടുതല്‍ വിവരങ്ങങ്ങള്‍ അറിയാവുന്ന കോയി ഹേ?"

Sunday, September 17, 2006  
Blogger ഇലക്ട്രോണിക്സ് കേരളം said...

{സജിച്ചേട്ടന്റെ പരിചയക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍സുരക്ഷാപ്രശ്നങ്ങളാല്‍ വാഹനങ്ങളെ കടത്തിവിടാത്ത മലമ്പാതകളും ഞങ്ങള്‍ക്ക് തുറന്നു കിട്ടിയതിനാല്‍ ആടുകള്‍ക്കടുത്തുവരെ കാറില്‍ പോകാനായി.} അനധികൃധമായി പാര്‍ക്കില്‍ വണ്ടി കയറ്റിയതും പോരാഞ്ഞ് അത്ര നല്ലതല്ലാത്ത ഒരു പടത്തിനു കോപ്പി റൈറ്റും ..ഇനി എങ്ങാനും ആനിമല്‍ പ്ലാനറ്റ് കാര് ബിരിയാണി തന്നാലോ??????????

Monday, February 04, 2013  

Post a Comment

Links to this post:

Create a Link

<< Home