Saturday, January 29, 2011

കടവും അപകടവും

ഒരു സ്കൂള്‍ കുട്ടി ചോദിച്ചതാണ്‌ " ആളുകള്‍ കയ്യില്‍ കാശുള്ള‌പ്പോഴും ബിസിനസ്സ് നടത്താന്‍ കടമെടുക്കുന്നത് എന്തിനാണ്‌?"

ന്യായമായ ചോദ്യം. കയ്യില്‍ കാശുണ്ടെങ്കില്‍ പിന്നെ അതെടുത്ത് ബിസിനസ്സ് ചെയ്യരുമോ?

ഒരാള്‍ ഒരു ബിസിനസ്സ് തുടങ്ങുകയാണെന്നു വയ്ക്കാം. ചെറിയ ഒരു ഉപകരണം വില്‍ക്കാനാണ്‌ ഉദ്ദേശം. നല്ല ബിസിനസ്സ്. സാധനം ഒന്നിനു ഇരുന്നൂറ്റി ഇരുപത്തഞ്ച് രൂപയ്ക്ക് വാങ്ങി മുന്നൂറ്റി അമ്പതു രൂപയ്ക്ക് വില്‍ക്കാം. ഒരെണ്ണം വില്‍ക്കുമ്പോള്‍ നൂറ്റി ഇരുപത്തഞ്ചു രൂപ ലാഭം. ഒരു കൊല്ലം അയ്യായിരം എണ്ണം ന്യായമായും വിറ്റു പോകേണ്ടതാണ്‌. പതിനഞ്ചു ലക്ഷം  മുതല്‍ മുടക്കുണ്ട്.

ഇദ്ദേഹത്തിന്റെ ഒരാണ്ട് വരവു ചിലവ് നോക്കാം നമുക്ക്:


പതിനഞ്ചു ലക്ഷം രൂപ മുടക്കിയാല്‍ ഇദ്ദേഹത്തിനു മുടക്കിനു പതിനെട്ടു ശതമാനം ലാഭം കിട്ടും. നല്ലത്, പക്ഷേ ഇതേ ബിസിനസ്സ് ഇങ്ങനെ തന്നെ നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ എന്തു വഴി?

 ഈ വ്യക്തി പത്തു ലക്ഷം രൂപ ബാങ്കില്‍ നിന്നും പത്തു ശതമാനം പലിശയ്ക്ക് എടുക്കാന്‍ പദ്ധതി ഇടുന്നെന്ന് വയ്ക്കുക. ഒരാണ്ട് വരവു ചിലവ് ഇങ്ങനെ.
 
പദ്ധതി രണ്ട് പ്രകാരം ഇയാള്‍ ഇതേ ബിസിനസ്സ് അഞ്ചു ലക്ഷം രൂപ മാത്രം മുടക്കി മുടക്കു മുതലിനു മുപ്പത്തഞ്ച് ശതമാനം ലാഭം ഉണ്ടാക്കുന്നു!

ഇതെന്താണിങ്ങനെ? ഇയാളുടെ ബിസിനസ്സിനു പതിനെട്ടു ശതമാനം ലാഭമുണ്ട്. ബാങ്ക് ലോണിനു ചിലവ് പത്തു ശതമാനം പലിശയാണ്‌.

 അതായത് ബാങ്ക് ലോണിനെക്കാള്‍ കൂടിയ ലാഭമുള്ള ബിസിനസ്സ് ആണെങ്കില്‍ ലോണ്‍ നല്ലതാണെന്ന് വരുന്നു. എങ്കില്‍ പിന്നെ പണം മുടക്കുന്നതെന്തിന്‌, ലോണല്ലേ എപ്പോഴും നല്ലത് എന്ന് തോന്നുന്നോ? വരട്ടെ, എല്ലാ ബിസിനസ്സിനും റിസ്ക് ഉണ്ട്.    അയ്യായിരം യൂണിറ്റ് വില്‍ക്കാമെന്നു കരുതി ഇദ്ദേഹം കട തുറന്നപ്പോള്‍ അടുത്ത് വേറൊരുത്തന്‍ ഇതേല്‍ സ്വല്പ്പം ലോ ക്വാളിറ്റി ആണെങ്കിലും വില കുറവുള്ള ചൈനീസ് ഉപകരണം വില്‍ക്കാന്‍ തുടങ്ങി. വിചാരിച്ചതുപോലെ അയ്യായിരം വില്‍ക്കാന്‍ അതുകാരണം കഴിഞ്ഞില്ല,  മൂവായിരത്തി ഒരുനൂറ് എണ്ണമേ വിറ്റുള്ളൂ. നമുക്ക് രണ്ട് പദ്ധതിയും ഒന്നുകൂടെ നോക്കാം.










കടമില്ലെങ്കില്‍ ബിസിനസ്സ് ഒരു തരത്തില്‍ ഓടിപ്പോകുന്നുണ്ട്, പക്ഷേ കടമെടുത്താല്‍ സംഗതി നഷ്ടമാകും.

കടത്തിന്റെ കളി കൊണ്ട് ലാഭം കൂട്ടുന്ന ഇടപാടിനു ഫൈനാല്‍ഷ്യല്‍ ലീവറേജ് എന്നാണു പറയുക. ലാഭത്തില്‍ നിന്നും അടയ്ക്കേണ്ട പലിശ നിശ്ചിതമാണ്‌, നിങ്ങള്‍ എന്തു ചെയ്താലും ബാങ്കിനു തിരിച്ചടവും വേണം പലിശയും വേണം. ലീവറേജ് കൂടുന്തോറും റിസ്കും കൂടി വരും. ലീവറേജ് എത്ര വേണം എന്നു നിശ്ചയിക്കുന്നതിലെ ഒരു പ്രധാന മാനദണ്ഡം നിങ്ങളുടെ ഓപ്പറേഷന്‍ എത്ര കണ്ട് അത് താങ്ങും എന്നതാണ്‌.

ഫൈനാന്‍ഷ്യല്‍ ലീവറേജ് എന്താണെന്നു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു ലളിത ഉദാഹരണം മാത്രമാണ്‌. ശരിക്കുള്ള ബിസിനസ്സില്‍, പ്രത്യേകിച്ച് വന്‍ കമ്പനികള്‍ എത്ര മുടക്കണം എത്ര കടമെടുക്കണം എന്നു നിശ്ചയിക്കുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ്‌. അതിനു സ്പെഷ്യലിസ്റ്റുകള്‍ തന്നെയുണ്ട്.

ഇനി-എന്തുകൊണ്ട് ബ്ലേഡില്‍ നിന്നു കടമെടുക്കുന്ന ബിസിനസ്സുകള്‍ പൊളിയാന്‍ സാദ്ധ്യത വളരെക്കൂടുന്നു? ഇവര്‍ മുപ്പതു മുതല്‍ നാല്പ്പത് ശതമാനം വരെ ഒക്കെ പലിശ വാങ്ങുന്നു. ഇത്രയും ലാഭം-മുടക്ക് ശതമാനമുള്ള ബിസിനസ്സുകള്‍ തീരെ കുറവാണെന്നു മാത്രമല്ല, ഇത്രയും പലിശയുള്ള കടം കൊണ്ട് എന്തു ചെയ്താലും അതിലെ ഫൈനാന്‍ഷ്യല്‍ റിസ്ക് മൂലം ബിസിനസ്സില്‍ വരുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിധം മാരകമായിരിക്കും.

ഒട്ടും കടമെടുക്കാത്തവര്‍  അവസരം നഷ്ടപ്പെടുത്തും പക്ഷേ  വകതിരിവില്ലാത്തെ കടമെടുക്കുന്നവര്‍ ബിസിനസ്സ് തന്നെ നഷ്ടപ്പെടുത്തും എന്നു ചുരുക്കം

Thursday, April 16, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 11


ചണ്ണ / കാട്ടുകൂവ
ശാസ്ത്രനാമം curcuma zingiberaceae
കണ്ടെത്തിയത് പരുന്തു പാറ , ഇടുക്കി

മഞ്ഞളിന്റെ പോല്യുള്ള ചെടിയും വര്‍‌ണ്ണവൈവിദ്ധ്യമുള്ള പൂക്കുറ്റിയും കണ്ടാല്‍ തിരിച്ചറിയാം

എന്റെ ഡിപീഈപി പ്രോജക്റ്റ് - 10


പൂവാങ്കുറുന്തല്‍ / പൂവാങ്കുരുന്ന്
ശാസ്ത്രനാമം veronina cineria
കണ്ടെത്തിയത് കുണ്ടറയിലെ വീട്ടുപറമ്പില്‍
മൊട്ടു പോലെയുള്ള ഇളം പിങ്ക് പൂക്കളുടെ ശേഖരമാണ്‌ ഈ ചെടിയാകെ. എപ്പോഴും പൂക്കളുള്ള ചെയ്യുമെന്നതിനാല്‍ ഇതിനെ വേഗം തിരിച്ചറിയാം.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 9


കുന്നിക്കുരു
ചെടിയുടെ ശാസ്ത്രനാമം : abrus precatorius
ചുവപ്പില്‍ കറുത്ത പൊട്ടുള്ള പയര്‍മണികളില്‍ നിന്നും തിരിച്ചറിയാം ഉപരിചിതമായ ഈ വള്ളിയെ.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 8



ഇതെന്തെന്ന് എനിക്കു കണ്ടെത്താനായിട്ടില്ല. കുണ്ടറയിലെ വീട്ടുപറമ്പില്‍ വിരിഞ്ഞത്. heliotropium indicum നോട് വളരെ സാമ്യമുള്ള പൂക്കള്‍, എന്നാല്‍ നീളമുള്ള പൂങ്കുല കാണാനുമില്ല.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 7


നിലപ്പന
curculigo orchioides
കണ്ടെത്തിയ സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ
ദശപുഷ്പങ്ങളില്‍ ഒന്നായതിനാല്‍ നിഷ്പ്രയാസം തിരിച്ചറിയാം. നിലത്തു നിന്നുള്ള ഓലകളും നിലം തൊട്ടു വിരിയുന്ന ചെറു മഞ്ഞ പ്പൂക്കളും ലക്ഷണം

എന്റെ ഡിപീഈപി പ്രോജക്റ്റ് - 6



കായാമ്പൂവിന്റെ മൊട്ട്
ശാസ്ത്രനാമം : memecylon edule

സ്ഥലം : വീട്ടുപറമ്പ്, കുണ്ടറ

വിചിത്രമായ ഡിസൈനുള്ള മൊട്ടും ചെടിയുടെ ഇലയും വള്ളിയും കണ്ടാല് തിരിച്ചറിയാം. മനോഹരമായ നീലയുടെ ഒരു ഷേഡാണ് ഈ മൊട്ടുകള് വിരിയുന്ന പൂക്കള്‍ക്ക്.

വിടര്‍ന്നതും മൊട്ടും ചേര്‍ന്ന കായാമ്പൂക്കുലകളുടെ ഒരു ചിത്രം ശ്രീമതി റിയ ടാന്‍ ചെക്ക് ജാവയില്‍ വച്ച് എടുത്തത് ഇവിടെ കാണാം ( ആ പോസ്റ്റ് പൂക്കളെക്കുറിച്ചല്ല)

എന്റെ ഡിപീഈപി പ്രോജക്റ്റ് - 5



അമ്മൂമ്മപ്പഴം
ശാസ്ത്രനാമം : passiflora foetida

കണ്ടെത്തിയ സ്ഥലം - വീട്ടുപറമ്പ്, കുണ്ടറ
പാഷന്‍ ഫ്രൂട്ടിന്റേതു പോലെയുള്ള എന്നാല്‍ ആകൃതിയില്‍ ചെറിയ പൂക്കള്‍, പച്ചവല മൂടിയ പാഷന്‍ ഫ്രൂട്ട് രുചിയുള്ള പഴം എന്നിവകൊണ്ട് തിരിച്ചറിയാം. ഈ ചെടിയുടെ സ്പ്രിങ്ങ് വലകള്‍ ചെറു പ്രാണികളെ കുരുക്കി കൊല്ലാറുണ്ടന്നും എന്നാല്‍ ഇത് മാംസഭോജിയാണോ അല്ലയോ എന്ന് ആര്‍ക്കും ഉറപ്പില്ലെന്നും കേള്‍ക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 4


കലമ്പി പൂവ് (പലതരം മോണിങ്ങ് ഗ്ലോറിപ്പൂക്കളില് ഒന്ന്)
ശാസ്ത്രനാമം : ipomoea indica
കണ്ടെത്തിയ സ്ഥലം: വഴിയോരം, കോട്ടയം.
പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് തിരിച്ചറിയാം.

എന്റെ ഡിപീഈപി പ്രോജക്റ്റ് - 3


ചെടി എന്തെന്ന് മനസ്സിലായില്ല. വളരെ ചെറിയ വെള്ളപ്പൂക്കളുള്ള വയല്ച്ചുള്ളിയെപ്പോലെ തണ്ടുകളുള്ള ചെറു സസ്യം. കണ്ടെത്തിയത് കുണ്ടറയിലെ ഒരു വയലില്. കുഞ്ഞിപ്പൂക്കള് ആയിരക്കണക്കിനുള്ള ഒരു പടര്പ്പായാണ് ഇതിനെ കണ്ടത്

എന്റെ ഡിപീഈപി പ്രോജക്റ്റ് - 2



കിഴിക്കുത്തു മുല്ല/ കുലമറിച്ചി/ റങ്കൂണ്‍ വള്ളി.
ശാസ്തനാമം : quisqualis indica

കണ്ടെത്തിയത്, വീട്ടുപറമ്പ്- കുണ്ടറ
സന്ധ്യക്കു വിരിയുമ്പോള്‍ വെള്ളനിറവും അടുത്ത പ്രഭാതത്തില്‍ പിങ്കും വീണ്ടും സായാഹ്നമാകുമ്പോള്‍ ചുവപ്പും നിറമാകുന്ന മണമുള്ള പൂക്കള്‍ വിരയിക്കുന്ന ഈ ബര്‍മ്മക്കാരി അലങ്കാരച്ചെടിയായി ഇന്ത്യയിലെത്തുകയും ശേഷം വെളിപ്രദേശങ്ങള്‍ കയ്യേറുകയും ചെയ്തതാണ്‌.

Tuesday, April 14, 2009

എന്റെ ഡിപീഈപി പ്രോജക്റ്റ് - 1

പഠിച്ചത് സര്‍ക്കാര്‍ പള്ളിക്കൂടത്തിലാണെങ്കിലും ഡി പി ഈ പി പദ്ധതി നിലവില്‍ വരുന്നതിനും വളരെ മുന്നേ സ്കൂളിങ്ങ് കഴിഞ്ഞു പോയി. ഇതൊരു വയോജന പ്രോജക്റ്റ്. കുണ്ടറയിലെ എന്റെ വീട്ടിലും പരിസരത്തും മറ്റാവശ്യങ്ങള്‍ക്കായി പോയ വഴിയിലും കണ്ട നാടന്‍ പൂക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍. മൊത്തമായി വിജയിച്ചിട്ടില്ല. അറിയാത്ത പൂക്കളെയും ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റുകളെയും ആരെങ്കിലും പറഞ്ഞു തരുമെന്ന് പ്രതീക്ഷ.




പൂച്ചെടിയുടെ പേര്‍ : ശീമക്കൊങ്ങിണി
ശാസ്ത്രനാമം : stachytarpheta indica
കണ്ടെത്തിയ ഇടം : പാഞ്ചാലിമേട്, ഇടുക്കി.
സാധാരണ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരാറുള്ള ചെടി. അരയടി നീളമുള്ള പൂങ്കുലയില്‍ നിലകളായി വിരിയുന്ന രണ്ടുമൂന്നു നീല/വയലറ്റ് പുഷ്പങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞു.

Monday, July 14, 2008

ഇലുമ്പിക്കായ

ഇത് സാദാ ഇലുമ്പി (averrhoa bilimbi ). കാര്യവിവരങ്ങള്‍ അറിയാന്‍ മോളമ്മയുടെ പാവങ്ങളുടെ മുന്തിരി (Averrhoa bilimbi) എന്ന പോസ്റ്റ് നോക്കുക. ഇലുമ്പി, ഇലുമ്പന്‍ പുളി, പുളിഞ്ച്ചിക്കായ എന്നൊക്കെ പല പേരുണ്ട്



കേരളത്തില്‍ കൂടുതലും മേലേ കാണുന്ന ഇലുമ്പി ആണെങ്കിലും ഏതാണ്ട് ഇതേ മണഗുണങ്ങളുള്ള വലിപ്പം കൂടിയ മറ്റൊരിനവുമുണ്ട്, ആനയിലുമ്പി.



പുറം നാടുകളില്‍ സ്റ്റാര്‍ ഫ്രൂട്ട് എന്നു പേര്‍ വിളിക്കും ഇതിനെ. കുറുകേ ഛേദിച്ചാല്‍ നക്ഷത്രത്തിന്റെ (ശരിക്കുള്ളതല്ല, ക്രിസ്റ്റുമസ് നക്ഷത്രം കെട്ടില്ലേ, അതിന്റെ ) ആകൃതിയാണിതിന്‌. ശാസ്ത്രനാമം averrhoa carambola

ഉപയോഗം
ഇലുമ്പിക്കായകള്‍ അച്ചാറിടാം, മീന്‍‌കറിക്ക് പുളിയായി ചേര്‍ക്കാം, ചുമ്മാ ഉപ്പു ചേര്‍ത്ത് തിന്ന് വ്യാക്കൂണ്‍ അടക്കാം, മറ്റു സിട്രസ് പഴങ്ങളെപ്പോലെ വൈറ്റമിന്‍ സി സമൃദ്ധമാണ്‌. പുളിപ്പിച്ചാല്‍ അസ്സല്‍ വൈനും വാറ്റിയാല്‍ സൂപ്പര്‍ പട്ടയും കിട്ടും. (വൈന്‍ ഉണ്ടാക്കിയിട്ടുണ്ട്, വാറ്റ് പരീക്ഷിച്ചിട്ടില്ല)


ആരോഗ്യസംബന്ധം:
(മുന്നറിയിപ്പ്: ഞാന്‍ ഡോക്റ്ററല്ല, ഇത് വൈദ്യോപദേശവുമല്ല.)
ഇലുമ്പിക്കായയില്‍ വളരെ ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. പല ലോഹ അയോണുകളുമായി ചേര്‍ന്ന് ഇവ ഓക്സലേറ്റുകള്‍ ആകാന്‍ കഴിവുണ്ട് എന്നതിനാല്‍ വൃക്ക- അനുബന്ധ രോഗങ്ങളുള്ളവര്‍ ഇലുമ്പിക്കായ കഴിക്കുന്നത് നന്നല്ല. ആനയിലുമ്പി സ്ഥിരം സലാഡില്‍ പ്രത്യക്ഷപ്പെടാറുള്ള ഹവായി ദ്വീപുകളില്‍ വൃക്കരോഗമുണ്ടെന്ന് അറിയാതെ ഇത് കഴിച്ച് ക്ഷണം ആളുകള്‍ മരിച്ചു പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

"ഓക്സാലിക്ക് ആസിഡ് പോയിസണിങ്ങ്" എന്നൊക്കെ പറഞ്ഞുകളയുമെങ്കിലും ആരോഗ്യമുള്ള ഒരു കിഡ്ണി എങ്കിലും ഉള്ള മനുഷ്യരില്‍ ഇത് അപായമുണ്ടാക്കാന്‍ സാദ്ധ്യതയില്ലെന്നും ഇലുമ്പി പോലെയുള്ള ഭക്ഷണങ്ങള്‍ രോഗമില്ലാത്ത വൃക്കകളില്‍ ഓക്സലേറ്റ് അടിഞ്ഞു കൂടാന്‍ കാരണമാവില്ലെന്നുമാണ്‌ പൊതുവില്‍ വൈദ്യാഭിപ്രായം .

കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മറ്റൊരു വാദം ഇലുമ്പികളില്‍ ഒരു ന്യൂറോടോക്സിന്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമുള്ള വൃക്കകള്‍ ഇതിനെ അടിച്ചു ദൂരെക്കളയുമ്പോള്‍ അവശവൃക്കകള്‍ ഇതിന്‌ അടിമപ്പെടുന്നെന്നും ഈ വസ്തുവും ഓക്സാലിക്ക് ആസിഡും കൂടിയുള്ള ഇരട്ടവെടിയാണ്‌ ഇലുമ്പിക്കായ കഴിക്കുമ്പോള്‍ മാത്രം ക്ഷണമരണമുണ്ടാകുന്നതെന്നും ഉയര്‍ന്ന തോതില്‍ ഓക്സാലിക്ക് ആസിഡുള്ള ചീര കഴിച്ച് ഇന്നുവരെ രോഗം മൂര്‍ച്ഛിച്ചേക്കുമെന്നല്ലാതെ ഒറ്റ ഡോസില്‍ മരണം ആര്‍ക്കും സംഭവിക്കാത്തതെന്നുമാണ്‌ .

ഇതിലും വലിയ പ്രശ്നം ഇലുമ്പിക്കായ ഗ്രേപ്പ് ഫ്രൂട്ടിനെപ്പോലെ ശക്തമായ എന്‍സൈം ഇന്‍‌ഹിബിറ്റര്‍ ആണെന്നതാണ്‌. കൊളസ്റ്റ്റോള്‍ മരുന്നുകള്‍(സ്റ്റാറ്റിനുകള്‍) , ചില മനോരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി ചിലതിന്റെ ഡ്രഗ് മെറ്റബോളിസത്തെ തകിടം മറിച്ച് ഹൃദയസ്തംഭനത്തിനും കാരണമായേക്കാം.

അപായ ലക്ഷണം:
ആരെങ്കിലും ഇലുമ്പിക്കായ കഴിച്ച് പെട്ടെന്ന് എക്കിള്‍ ശര്‍ദ്ദി തകലറങ്ങി വീഴല്‍ തളര്‍ന്നു പോകല്‍, നെഞ്ചുവേദന, ബോധക്കേട്, ശ്വാസതടസ്സം എന്നീ ലക്ഷണം കാണിച്ചാല്‍ ഉടനടി ആശുപത്രിയിലെത്തിക്കുക, ജീവന്‍ രക്ഷാനടപടികള്‍ എത്രയും പെട്ടെന്ന് ചെയ്യാനാവേണ്ടതാണ്‌.

ചുരുക്കം:
1.ഇലുമ്പിക്കായ കഴിക്കാമോ?
തീര്‍ച്ചയായും.

2.എത്ര കഴിക്കാം?
കുറേ കഴിച്ചാല്‍ അസിഡിറ്റി ആകും ചിലര്‍ക്ക്, വേറേ എന്താ.

3.എല്ലാവര്‍ക്കും കഴിക്കാമോ?
പാടില്ല. വൃക്ക രോഗമുള്ളവര്‍, എന്തെങ്കിലും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നീ ആളുകള്‍ ഇലുമ്പിക്കായ ഉപയോഗിക്കാനേ പാടില്ല, ആപത്തായേക്കാം.

4. അല്ല, ഇനി ഞാന്‍ അറിയാതെ എനിക്കു വല്ല വൃക്കരോഗവുമുണ്ടെങ്കിലോ, കഴിക്കാത്തതല്ലേ നല്ലത്?

അങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ ശ്വാസം വലിക്കാന്‍ പോലും ഭയക്കേണ്ടിവരില്ലേ? എന്റെ ഒരു വീക്ഷണം അങ്ങനെ ആണ്‌.

കൊടങ്ങല്‍



പെനിവോര്‍ട്ട് കുടുംബത്തില്‍ വരുന്ന ചെടിയാണ്‌ കൊടങ്ങല്‍ അധവാ മണ്ഡൂകപര്‍ണ്ണി.
സര്വ്വസാധാരണമായി നാട്ടിന്‍പുറത്തെല്ലാം ഇവ പൊടിച്ചു വളരുന്നത് കാണാം.

വടക്കോട്ട് ചിലയിടങ്ങളില്‍ ഇതിനെ ബ്രഹ്മി എന്നു വിളിക്കുമെങ്കിലും ശരിയായ ബ്രഹ്മി (bacopa monnieri) ഇതല്ല. ആയുര്വ്വേദത്തിലും ചൈനീസ് മരുന്നിലും ചേരുവയായ കൊടങ്ങല്‍ രക്താതിസമ്മര്‍ദ്ദത്തിനും നാഡീവ്യൂഹശക്തിക്കും മുറിവുണക്കുന്നതിനും നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ഔഷധശക്തിയെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളും (http://www.ncbi.nlm.nih.gov/pubmed/11666128 ഉദാ.) ആശാവഹമായ തെളിവുകളാണ്‌ തരുന്നത്.

കൊടങ്ങല്‍ ശ്രീലങ്കന്‍, തായ് വിഭവങ്ങളിലെ ചേരുവയാകാറുണ്ട്. ഇതിന്റെ നീരുകുടിക്കുകയും സലാഡില്‍ ചേര്‍ക്കുകയും പല നാടുകളിലും ചെയ്യുന്നുണ്ട്.

ഇത്രയും പുസ്തകത്തില്‍ നിന്നുള്ളത്. നാട്ടില്‍ പൊതുവേ ഭക്ഷണത്തില്‍ കൊടങ്ങല്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. (സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടാത്തതുകൊണ്ടാണോ ആവോ) നിറയേ ഫൈബറും പോഷണവും നിറഞ്ഞ കൊടങ്ങലിന്റെ ഇല ചീര പോലെ തോരന്‍ വച്ചോ ചമ്മന്തിയില്‍ അരച്ചു ചേര്‍ത്തോ കഴിക്കാം. മലവേഗം മെച്ചപ്പെടും, അതായത് ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്റോം, മലബന്ധം, കുടല്പ്പുണ്ണ്, അസിഡിറ്റി, കോളൈറ്റിസ്/ക്രോണ്‍സ് തുടങ്ങി അര്‍ശ്ശസിനു വരെ നല്ല കുറവുണ്ടാകും (പരിചയമുള്ള പത്തിരുപതു പേരെ വച്ച് നടത്തിയ പ്ലാസിബോരഹിത പരീക്ഷണത്തിന്റെ ഫലം!) . രക്തസമ്മര്‍ദ്ദം മെച്ചപ്പെട്ടു എന്നും അവകാശപ്പെടുന്ന ആളുണ്ടെങ്കിലും ഒരു കാരണ-കാര്യ ബന്ധം ഉറപ്പിക്കാനായില്ല.

ഭക്ഷണത്തിലെ വൈവിദ്ധ്യമില്ലായ്മയും ജീവിതശൈലീരോഗങ്ങളും തമ്മിലുള്ള ബന്ധം വലുതാണ്‌, വല്ലപ്പോഴും ഇത്തിരി കൊടങ്ങല്‍ തോരന്‍ പരീക്ഷിക്കൂ, ഒരു മാറ്റമായിക്കോട്ടെ.

Saturday, June 28, 2008

നിശാഗന്ധി

കള്ളിച്ചെടികളെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന പതിവ്‌ പണ്ടൊന്നും നമുക്കില്ലായിരുന്നു. കള്ളിയുടെ സ്ഥാനം വേലിക്കലാണ്‌, ആടും പശുവും മനുഷ്യനും വേലികടന്നു വരാതെ നോക്കുന്ന മുള്‍ച്ചെടികള്‍, അത്രതന്നെ.

ഒരേയൊരപവാദമാണ്‌ നിശാഗന്ധി. മുള്ളു കൂര്‍പ്പിച്ച തടിയന്‍ തണ്ടുമൊന്നുമില്ലാത്ത ഈ മെലിഞ്ഞ കള്ളി വീട്ടുമുറ്റത്തൊരു മരത്തില്‍ പടര്‍ന്നു കയറി സൌരഭ്യമുള്ള നിശാപുഷ്പങ്ങള്‍ സമ്മാനിക്കുന്ന പ്രത്യേകിച്ച്‌ ഒരു പരിചരണവും ആവശ്യമില്ലാത്ത ചെടിയായതിനാലാവും അത്‌.തണ്ട് മുറിച്ച് നട്ടാല്‍ നിശാഗന്ധിയെ പ്രജനനം ചെയ്യിക്കാം.

നിശാഗന്ധി [ദ്വിധനാമം epiphyllum oxypetalum ] നൈറ്റ്‌ ബ്ലൂമിങ്ങ്‌ സിറിയസ്‌, ഓര്‍ക്കിഡ്‌ കാക്റ്റസ്‌, ക്വീന്‍ ഓഫ്‌ നൈറ്റ്‌ എന്നൊക്കെ പലപേരുകളില്‍ അറിയപ്പെടുന്നെങ്കിലും ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ പേര്‍ ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നാണ്‌. കാലിക്കോ പോലെ മറ്റു ചില പൂച്ചെടികളെയും ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നു ചിലര്‍ വിളിക്കുന്നതിനാല്‍ തെറ്റിദ്ധാരണയുണ്ടായേക്കാം,ശാസ്ത്രീയനാമം തന്നെ ശരണം.

epiphyllum എന്നാല്‍ phyllusസിന്റെ, അതായത്‌ ഇലകള്‍ക്കൂ മേല്‍ വളരുന്നത്‌ എന്നാണര്‍ത്ഥം, phylum - എന്ന വാക്കുമായി ഇതിനു ബന്ധമില്ല. oxy-petalum എന്നാല്‍ മുനമ്പിച്ച പൂവിതളുകള്‍ എന്നും.

പ്രഭാതം- നിലത്തേക്ക് കുനിഞ്ഞ് കിളിര്‍ത്ത മൊട്ട്

ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത്‌ ഇലകളില്‍ നിന്നാണെന്ന് തോന്നും, എന്നാല്‍ നിശാഗന്ധിയുടെ ഇലകള്‍ പോലെ തോന്നുന്ന ഭാഗം ഇലയായും വര്‍ത്തിക്കുന്ന തണ്ടുകള്‍ (phylloclade) ആണ്‌.

സായാഹ്നം - വിടരാന്‍ തയ്യാറെടുത്ത് മുകളിലേക്ക് തലയുയര്‍ത്തിയ മൊട്ടുകള്‍


രാത്രി- രജനീഗന്ധി വിടരുന്നു




ഡച്ച് മാന്‍സ് പൈപ്പ് പോലെ തന്നെ തോന്നുന്നില്ലേ? വശത്തുനിന്നുള്ള വീക്ഷണം

ദാ പൂക്കള്‍, വലിപ്പമുള്ള വെണ്ണനിറത്തിനും വെള്ള നിറത്തിനും ഇടയിലെവിടെയോ ഉള്ള ആ നിറം അപ്പടി പകര്‍ത്താന്‍ എന്റെ കഴിഞ്ഞോ ആവോ.




രാത്രിയല്ലേ, ഇരുട്ടല്ലേ. മണത്തില്‍ മോഹിതനായി വരുന്ന പോളിനേറ്റിങ്ങ് ഏജന്റ് കണ്ണു പിടിക്കാതെ പോയാലോ, തീപ്പെട്ടിക്കൊള്ളി പോലെ വലിയ ഒരടുക്ക് സ്റ്റേമനും നീരാളിയുടെ ആകൃതിയില്‍ ഗൈഡ് വയറിങ്ങ് നടത്തിയ സെവന്റി എം എം കാര്പെലും ഉണ്ടാക്കി നിര്‍ത്തുക തന്നെ പോം വഴി. ഇനി ഉന്നം തെറ്റി പോകരുതല്ലോ.



വീണ്ടും പ്രഭാതം. ദേ പെര്‍ഫ്യൂം ഫാക്റ്ററി കം ഔട്ട്ലെറ്റ് അടച്ചു. വാടിയ പൂവ്.


[എന്തെങ്കിലും പോസ്റ്റു വന്നിട്ടു വര്‍ഷമൊന്നു കഴിഞ്ഞ, ഗൂഗിള്‍ പോലും സ്പാമെന്നു വിളിച്ച് തള്ളിയ ഈ ബ്ലോഗിലെ അഗ്രിഗേറ്ററുകള്‍ ലിസ്റ്റ് ചെയ്യാത്ത കഴിഞ്ഞ പോസ്റ്റ് ഇട്ട ദിവസം തന്നെ തപ്പിക്കണ്ടെത്തി കമന്റിയ ജയരാജനു ഈ നിശാഗന്ധി സമര്‍പ്പിക്കുന്നു ]

Saturday, June 14, 2008

തൊണ്ടിപ്പഴം

"ചൊടികള്‍ തൊണ്ടിപ്പഴം പോലെ" എന്നു കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. തൊണ്ടിപ്പഴം കണ്ടിട്ടില്ലാത്തവര്‍ക്കും ശ്രദ്ധിച്ചിട്ടില്ലാത്തവര്‍ക്കുമായാണ്‌ ഈ പോസ്റ്റ്.

തൊണ്ടി (Sterculia foetida) Malvaceae കുടുംബത്തിലെ ഒരു വൃക്ഷമാണ്‌. നാല്പ്പതു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ കൂറ്റന്‍ മരം തെക്കേ ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നീ ഭൂഭാഗങ്ങളിലുണ്ട്. ഇന്ത്യയില്‍ വേനലില്‍ പൂക്കുകയും മഴക്കാലത്തിനു തൊട്ടുമുന്നേ കായ്കളാവുകയുമാണ്‌ പതിവ്. താഴത്തെ ചിത്രത്തിലെ തൊണ്ടി വളര്‍ച്ചയെത്തിയിട്ടില്ലെങ്കിലും കായ്ച്ചു തുടങ്ങി.

പഴത്തിന്റെ തൊണ്ടിന്റെ മനോഹരമായ നിറമാണ് “തൊണ്ടി” എന്ന പേര്‍ ഇതിനു നല്‍കാന്‍ കാരണമായത്. അകത്ത് കറുത്ത നിറത്തിലെ വലിയ കുരുക്കള്‍ ഉണ്ടാകുന്നത് തൊണ്ടി പാകമാകുന്നതോടെ പൊട്ടിത്തുറന്ന് വീഴുന്നു. പാകം കഴിഞ്ഞ് പൊട്ടിത്തുറന്ന കായകളാണ് ചിത്രത്തില്‍.

മേഘദൂതത്തില്‍ കാളിദാസനാണ് ആദ്യമായി നായികയുടെ അധരത്തെ തൊണ്ടിപ്പഴത്തോട് ഉപമിച്ചുകണ്ടത്. ശേഷമൊരുപാട് പേര്‍ അതെടുത്ത് ഉപയോഗിക്കുകയും ചെയ്തു. ശ്രദ്ധേയമായിത്തോന്നിയത് അദ്ദേഹത്തിന്റെ പ്രകൃതിനിരീക്ഷണ പാടവമാണ്. കൃത്യമായി പക്വതവന്ന തൊണ്ടിപ്പഴത്തിനു മാത്രമേ അധരരൂപമുള്ളു. അത്തരമൊരു പടം കയ്യിലില്ലാത്തതിനാല്‍ ഒരു പച്ചക്കായയുടെ ചിത്രം കൊടുക്കുന്നു, പഴുത്ത നിറം അതില്‍ സങ്കല്‍പ്പിച്ചു നോക്കൂ...


“തന്വീ ശ്യാമാ ശിഖരദശനാ പക്വബിംബാധരോഷ്ഠീ
മദ്ധ്യേ ക്ഷാമാ ചകിതഹരിണീപ്രേക്ഷണാ നിന്മനാഭീ..”
എന്ന് യക്ഷന്‍ തന്റെ കാമിനിയെ വര്‍ണ്ണിക്കുന്നു. പക്വത വന്ന ബിംബം- തൊണ്ടിപ്പഴത്തോടാണ് ദാസേട്ടന്‍ നായികയുടെ അധരോഷ്ഠിയുടെ സാമ്യം കാണുന്നത്. ഇത്തിരി മുന്നേയായ പഴം പച്ചയും ഇത്തിരി വാര്‍ദ്ധക്യം ബാധിച്ച പഴം തൊള്ള പൊളിച്ചു കരയുന്ന കുഞ്ഞിന്റെ വായ പോലെയും ഇരിക്കും.

ആ പക്വം കാണാനുള്ള പക്വത മേഘദൂതം വിവര്‍ത്തനം ചെയ്തവര്‍ക്കില്ലാതെപോയെന്നു വേണം മനസ്സിലാക്കാന്‍.
“മാനഞ്ചും കണ്ണ്, തൊണ്ടിച്ചൊടി, ശിഖരമണിപ്പല്ലു പോര്‍ക്കൊങ്കമൊട്ടാ‍ാലാനമ്രം മേനി...”
എന്നെഴുതിയ ജി ശങ്കരക്കുറുപ്പും
“ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍ ചൊടികള്‍ തൊണ്ടിപ്പഴം പോള്‍ വിളങ്ങുവോള്‍
അരിയകൊച്ചരിപ്പല്ലും ഭയന്നമാന്‍ മിഴികളും നി‌മ്നനാഭിയുമുള്ളവള്‍...” എന്നു പരിഭാഷിച്ച കവിയും (വലിയ കോയിത്തമ്പുരാനാണോ?) ആ പക്വത്തിന്റെ പ്രാധാന്യം കണ്ടില്ലെന്നു വേണം കരുതാന്‍.


പണ്ടുപണ്ട്, ഏജ് ഓഫ് എമ്പയര്‍ എക്സ്പാന്‍ഷനും സോളിറ്റയറും വരുന്നതിനു മുന്നേ ഓഫീസില്‍ ഒരു പണിയും ഇല്ലാതെയിരിക്കുമ്പോള്‍ കളിച്ച ഡിഗ്ഗറിന്റെ ഓര്‍മ്മ വരുന്നോ ഈ പൊളിഞ്ഞ തൊണ്ടിയുടെ തൊണ്ട് കാണുമ്പോള്‍?

[പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു മരം പരിചയപ്പെടുത്തിയ ആഷയ്ക്കു സമര്‍പ്പിച്ചു]

Monday, December 04, 2006

കടച്ചീട്ട്‌

കടത്തില്‍ കുരുങ്ങുന്നതില്‍ ഒരു നാട്ടുകാരും പിന്നോക്കമല്ല, മലയാളിയും തഥൈവ. നാട്ടിന്‍പുറത്ത്‌ ജീവിക്കുമ്പോള്‍ ഐ ആര്‍ ഡി പി ലോണില്‍ കുരുങ്ങും, പട്ടണത്തില്‍ കഴുത്തില്‍ സ്വയമിടുന്ന കുരുക്ക്‌ കണ്‍സ്യൂമര്‍ ലോണായി, നഗരത്തില്‍ ക്രെഡിറ്റ്‌ കാര്‍ഡും കൂടിയായി. ഗള്‍ഫ്‌ മലയാളികള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടക്കെണിയില്‍ കുരുങ്ങുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതാന്‍ ഫോണില്‍ ഒരാള്‍ ആവശ്യപ്പെട്ടതിനാല്‍ പണത്തിന്റെ വഴിയെന്ന സീരീസില്‍ ഉദ്ദേശിച്ച പല അദ്ധ്യായങ്ങളും ചാടി കടന്ന് പ്ലാസ്റ്റിക്ക്‌ പണത്തില്‍ എത്തേണ്ടിവന്നതാണ്‌.

ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കടച്ചീട്ട്‌- ഡൈനേര്‍സ്‌ ക്ലബ്‌ കാര്‍ഡ്‌ നിലവിലായിട്ട്‌ അന്‍പത്തഞ്ചു വര്‍ഷം കഴിയുന്നു. ബാങ്ക്‌ ഓഫ്‌ അമേരിക്ക വിസ കാര്‍ഡെന്ന മര്‍ച്ചന്റ്‌ ക്രെഡിറ്റ്‌ ബാങ്കിംഗ്‌ രീതിക്ക്‌ ലൈസന്‍സിംഗ്‌ ഏര്‍പ്പെടുത്തിയിട്ട്‌ മുപ്പതും. നാഗരിക മനുഷ്യന്റെ ജീവിത ശൈലിയെ മാറ്റാന്‍ ക്രെഡിറ്റ്‌ കാര്‍ഡിന്‌ ആയി.

ക്രെഡിറ്റ്‌ കാര്‍ഡ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
1. പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍ വഴി:
കടച്ചീട്ട്‌ വഴി കച്ചവടം നടത്താന്‍ താല്‍പ്പര്യമുള്ള കച്ചവടക്കാര്‍ അത്തരം ക്രയങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ടെര്‍മിനല്‍ - പോയിന്റ്‌ ഓഫ്‌ സെയില്‍ മെഷീന്‍, എതെങ്കിലും മര്‍ച്ചന്റ്‌ ബാങ്കറില്‍ നിന്നും വാങ്ങി വയ്ക്കുന്നു. (ടെലെഫോണ്‍ വഴിയും വയര്‍ലസ്സ്‌ വഴിയും കച്ചവ്വടക്കാരന്റെ കാര്‍ഡ്‌ മെഷീനെ ബാങ്കിന്റെ നെറ്റ്‌ വര്‍ക്കുമായി ബന്ധിപ്പിക്കാം) .

ഉപഭോക്താവ്‌ തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌( മിക്കവാറും മൂന്നേ അരയ്ക്കാലിഞ്ച്‌ നീളവും രണ്ടേ അരയ്ക്കാല്‍ ഇഞ്ച്‌ വീതിയുമുള്ള കാന്തിക റേന്തയും ചിലപ്പോള്‍ സെക്യൂരിറ്റി ചിപ്പും ഘടിപ്പിച്ച പ്ലാസ്റ്റിക്ക്‌ ചീട്ട്‌) കച്ചവടക്കാരനു നല്‍കുമ്പോള്‍ അയാള്‍ അത്‌ യന്ത്രതിന്റെ നിശ്ചിത ചാലില്‍ ഉരച്ച്‌ കിട്ടേണ്ട പണവും ചേര്‍ക്കുന്നു. ഇലക്ര്ട്രോണിക്ക്‌ സന്ദേശം വഴി കാര്‍ഡ്‌ മെഷീനിന്‌ മര്‍ച്ചന്റ്‌ ബാങ്കറിലൂടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നെറ്റ്വര്‍ക്കില്‍ കയറി ഈ കാര്‍ഡ്‌ നിലവില്‍ ഉണ്ടോ എന്നും അതിന്റെ ഉടമക്ക്‌ ഇത്രയും കട പരിധി കാര്‍ഡ്‌ കൊടുത്ത ബാങ്ക്‌ അനുവദിച്ചിട്ടുണ്ടോ എന്നും ചെക്ക്‌ ചെയ്യാനാവും. ശേഷം മെഷീന്‍ ഈ പണമിടപാടിനെ ഒരു ഇലക്ട്രോണിക്ക്‌ ട്രാന്‍സാക്ഷന്‍ ആയി രേഖപ്പെടുത്തുന്നു. ഈ ഈടപാടില്‍ ഒരു ചെറിയ ശതമാനം (മിക്കാവാറും 1.5%) മര്‍ച്ചന്റ്‌ ബാങ്കിന്‌ കച്ചവടക്കാരനില്‍ നിന്നും കമ്മീഷന്‍ ആയി ലഭിക്കും.

ഈ ഇടപാടിന്‌ ഒരു രശീതി പ്രിന്റ്‌ ചെയ്ത്‌ ശീട്ടുടമയുടെ ഒപ്പിട്ടു വാങ്ങുക പതിവാണ്‌. ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതെ ഇത്‌ സൂക്ഷിക്കുന്നു. എന്നാല്‍ ഈ ഒപ്പില്ലെങ്കിലും ഈ ഇടപാടിന്‌ ഒരു വത്യാസവും വരുന്നില്ല.

2. ഇന്റര്‍നെറ്റ്‌, ദീര്‍ഘദൂര വിക്രയങ്ങള്‍
ശീട്ട്‌ മെഷീനില്‍ ഉരക്കുന്നതിനു പകരം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്‌ കാര്‍ഡിന്റെ നമ്പര്‍ കൊടുത്ത്‌ മുകളില്‍ പറഞ്ഞ ട്രാന്‍സാക്ഷന്‍ നടത്താനാവും. ഷോപ്പിംഗ്‌ കാര്‍ട്ട്‌ എന്ന് പൊതുവില്‍ അറിയുന്ന എലക്ട്രോണിക്ക്‌ വാണിജ്യ സംവിധാനത്തിന്റെ ഭാഗമായാണ്‌ സാധാരണ ക്രെഡിറ്റ്‌ കാര്‍ഡ്‌ പ്രോസസ്സിംഗ്‌ ഓണ്‍ലൈന്‍ ചെയ്യാറ്‌.

മര്‍ച്ചന്റ്‌ ബാങ്ക്‌ കാര്‍ഡ്‌ ഉടമയുടെ ബാങ്കിനെ ഈ വിക്രയങ്ങള്‍ കൈമാറി പണം കൈപറ്റുന്നു. ബാങ്ക്‌ അത്‌ ഉടമയുടെ അക്കൌണ്ടില്‍ കൂട്ടിച്ചേര്‍ത്ത്‌ കടമായി കണക്കു കൊള്ളിക്കുകയും ഒന്നിച്ചോ തവണയായോ ഈടാക്കുകയും ചെയ്യുന്നു.

കടച്ചീട്ടിന്റെ ഗുണങ്ങള്‍
സാധന സേവനങ്ങള്‍ വാങ്ങുന്നത്‌ രൊക്കം പണം കൈവശമില്ലാത്തത്‌ തടസ്സപ്പെടുത്തില്ല.

ബാങ്കുകളുടെ ബില്ലിംഗ്‌ സൈക്കിള്‍ (മിക്കപ്പോഴും 56 ദിവസം വരെ) കാലത്ത്‌ പറ്റു തുക പലിശയില്ലാത ഹ്വസ്വ കാല കടം ആകുന്നു.

ഇന്റര്‍നെറ്റില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളും മറ്റും ബുക്ക്‌ ചെയ്യാനും ക്രെഡിറ്റ്‌ കാര്‍ഡുകളാലെ സാധിക്കുന്നു.

രാജ്യാന്തര യാത്രികര്‍ പല നാട്ടിലെ പണം കൊണ്ടു നടക്കേണ്ടത്‌ ഒഴിവായി കിട്ടുന്നു.

കടച്ചീട്ടിന്റെ അപകടങ്ങള്‍
നിങ്ങളില്‍ ഒരു കമ്പത്സീവ്‌ ഷോപ്പര്‍-കണ്ട കടച്ചാണിയെല്ലാം വേണമെന്ന് തോന്നുന്ന ഉപഭോക്താവ്‌- ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ ക്ഷണം മൂക്കറ്റം കടത്തില്‍ മുക്കാന്‍ ക്രെഡിറ്റ്‌ കാര്‍ഡിനാവും.

പലപ്പോഴും പണം അധികമുള്ള കാലത്തു വാങ്ങാം എന്നു മുന്നോട്ടു തള്ളുന്ന കാര്യങ്ങള്‍ പണമുണ്ടാവും മുന്നേ വാങ്ങിപ്പോകാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കാരണക്കാരനാവുന്നു.

താങ്ങാവുന്നതിലും വലിയൊരു ജീവിത രീതി നയിക്കാന്‍ ചിലര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌
കാരണമാവുന്നു (കുറച്ചു കാലത്തേക്കേ ഇതു പറ്റൂ എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ)

ഗള്‍ഫു മലയാളിക്ക്‌ പണം കുത്തിയൊലിച്ചു പോകുന്ന നാട്ടില്‍പ്പോക്ക്‌, ബന്ധുക്കളുടെ കല്യാണം മുതലായ അവസരങ്ങളില്‍ ഈ ശീട്ട്‌ എരിതീയില്‍ സ്നേഹപൂര്‍വ്വം പെട്രോള്‍ ഒഴിച്ചു തരുന്നു.

മുടങ്ങുന്ന തവണകള്‍ക്കുള്ള പിഴ, ഒളിച്ചുവച്ച ചാര്‍ജ്ജുകള്‍, ബാക്കിക്കടത്തില്‍ കൊള്ളപ്പലിശ എന്നിങ്ങനെ പല രീതിയില്‍ ബാങ്ക്‌ നിങ്ങളെ പിഴിയാനുള്ള സാദ്ധ്യത.

കാര്‍ഡിനെ എങ്ങനെ മെരുക്കാം?
1. ആദ്യമായി, ആവശ്യമുള്ള ലിമിറ്റ്‌ മാത്രമുള്ള ഒന്നോ പരമാവധി രണ്ടോ കാര്‍ഡ്‌ മതി. ആവശ്യമെന്നാല്‍ ഒരുമാസത്തെ സാധാരണ ജീവിതച്ചിലവും പിന്നെ വല്ലപ്പോഴും ഒരിക്കല്‍ വരുന്ന കണ്‍സ്യൂമര്‍ സാധനങ്ങളുടെയോ വിനോദയാത്രയുടെയോ ചിലവ്‌ താല്‍ക്കാലികമായി താങ്ങാനുള്ള ഒരു തുകയും വരവു വയ്ക്കാന്‍ മാത്രം പോന്ന പണം. ഒരു മാസത്തെ വരവു ചിലവ്‌ കണക്ക്‌ കുറിച്ചു വച്ചാല്‍ ഈ തുകയെ കൃത്യമായിത്തന്നെ ബാക്കി ഭേദഗതികള്‍ വരുത്തി നിശ്ചയിക്കാന്‍ ആവും.

2. മുകളിലെ ലിമിറ്റ്‌ മറ്റ്‌ ആശ്രിത ചീട്ടുകള്‍ - ഭാര്യക്കോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ എടുത്തു കൊടുത്ത കാര്‍ഡ്‌ ഉള്‍പ്പടെ കൂട്ടി വേണം കണക്കാക്കാന്‍.

3. ഗണ്യമായ ചിലവുള്ള കണ്‍സ്യൂമര്‍ ഡ്യൂറബിളുകളെ ബാങ്ക്‌ ലോണ്‍ വഴി വാങ്ങുന്നതാന്‌ ആദായകരം. പലിശക്കെണിയെക്കുറിച്ച്‌ താഴെ കുറിച്ചിരിക്കുന്നത്‌ വായിക്കുക. മാത്രമല്ല, ഇത്തരം ഇടപാടുകളില്‍ കടകള്‍ മിക്കപ്പോഴും മര്‍ച്ചന്റിന്റെ കമ്മീഷനും കൂടി വിലയില്‍ കൂട്ടിച്ചേര്‍ത്ത്‌ ഈടാക്കും. ഉദാഹരണം ദുബായിലെ സ്വര്‍ണ്ണ വ്യാപാരികള്‍ ഏതാണ്ട്‌ മൊത്തത്തില്‍ ഈ പാസ്സ്‌ ഓണ്‍ രീതി അവലംബിക്കുന്നു .

4. സുഖഭോഗകേന്ദ്രങ്ങളില്‍- ബാറുകള്‍, മുജ്‌റാ കേന്ദ്രങ്ങള്‍ (ദില്‍ബന്‍ കേള്‍ക്കുന്നുണ്ടോ) തുടങ്ങിയ സ്ഥലങ്ങളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുന്നവര്‍ക്ക്‌ താമസമില്ലാതെ നൈലോണ്‍ റോപ്പ്‌ വാങ്ങാം.

5. കാര്‍ഡില്‍ ബാക്കി വയ്ക്കുന്ന തുകക്ക്‌ മാസാമാസം 2 ശതമാനം മുതല്‍ മേല്‍പ്പോട്ട്‌ കൂട്ടുപലിശ ഈടാക്കും നിങ്ങളുടെ ബാങ്ക്‌ അതായത്‌ വര്‍ഷത്തില്‍ 27 ശതമാനത്തോളം. ബ്ലേഡ്‌ പലിശയ്ക്കടുത്തുവരുന്ന ഈ ചാര്‍ജ്ജിനു കാര്‍ഡന്റെ നട്ടെല്ലൊടിക്കാനാവും. കാര്‍ഡില്‍ പണം ബാക്കിയാവുന്തോറും നമ്മള്‍ കൂടുതല്‍ കടത്തില്‍ മുങ്ങിക്ക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ബാങ്കിന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇനത്തിലെ ആദായം ഈ പലിശ, സര്‍വീസ്‌ ചാര്‍ജ്ജുകള്‍ തവണ മുടക്കല്‍ പിഴ എന്നിവ ആയതിനാല്‍ ചില ബാങ്കുകളെങ്കിലും പരമാവധി നിങ്ങളെ കടക്കെണിയില്‍ പെടുത്താന്‍ ശ്രമിക്കും, ക്ലീന്‍ കാര്‍ഡില്‍ കാര്യമായി ഒന്നും ബാങ്കിനു തടയില്ല.

6. സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുക. ചില രാജ്യങ്ങളില്‍ കടകളിലെ ജീവനക്കാര്‍ കാര്‍ഡ്‌ വിവരം പുറത്തുള്ള അജ്ഞാതര്‍ക്ക്‌ കൈമാറി ഉടമസ്ഥര്‍ക്ക്‌ സ്ഥിരം ചതിവു പറ്റാറുണ്ട്‌ പലപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ വരെ നിങ്ങളുടെ കാര്‍ഡ്‌ ഉപയോഗിക്കപ്പെട്ട്‌ ധനനഷ്ടത്തെക്കാള്‍ വലിയ അപകടങ്ങളില്‍കൂടി ചെന്നു പെട്ടേക്കാം.

7. ഇന്റര്‍നെറ്റില്‍ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ ആരാണ്‌ മര്‍ച്ചന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ (ഉദാ- വേരിസൈന്‍ മുതലായ കൊള്ളാവുന്നവര്‍ ആണോ) എന്തുമാത്രം സെക്വര്‍ ആണ്‌ നമ്പര്‍ പുറത്തു കൊടുക്കുന്നത്‌ എന്നൊക്കെ ഉറപ്പുവരുത്തുക. മാത്രമല്ല ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ മാത്രമായി ചെറിയ വളരെ ചെറിയ പരിധിയുള്ള, ഓരോ ട്രാന്‍സാക്ഷനും പരമാവധി വച്ച, നെറ്റ്‌ യൂസ്‌ ഇന്‍ഷ്വറന്‍സുമുള്ള ഒരു കാര്‍ഡ്‌ വയ്ക്കുന്നത്‌ ബുദ്ധിയായിരിക്കും.

അപായ സൂചനകള്‍
1. മിനിമം തിരിച്ചടവ്‌ മാത്രമായി കാര്‍ഡ്‌ ഏറെക്കാലം നിലനിന്നാലോ
2. ഒരു ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും പണം വലിച്ച്‌ മറ്റൊന്നിന്റെ തവണ അടയ്ക്കേണ്ടി വന്നാലോ
3. തവണകള്‍ പണമില്ലാത്തതിനാല്‍ മുടങ്ങാന്‍ തുടങ്ങിയാലോ
4. ഓരോ കാര്‍ഡ്‌ നിറയുന്നതിനാല്‍ അടുത്തതിലേക്ക്‌ പോകേണ്ടി വന്നാലോ
നിങ്ങള്‍ ഉറപ്പായും കടക്കെണിയില്‍ പെടാന്‍ പോകുന്നു.
ഈ അവസ്ഥയില്‍ നല്ല പോം വഴി കാര്‍ഡ്‌ ബാലന്‍സിനെ ഒരു ടേം ലോണ്‍ ആക്കി മാറ്റിയ ശേഷന്‍ കാര്‍ഡ്‌ ക്യാന്‍സല്‍ ചെയ്യുകയാണ്‌. തല്‍ക്കാലം കാര്‍ഡ്‌ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക്‌ ത്രാണിയില്ല.

ചുരുക്കം
വരവിനു മുന്നേ ചെലവു ചെയ്യാനുള്ള സംവിധാനമാണ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌. അതുപയോഗിക്കും മുന്നേ സമീപ ഭാവിയിലെ വരവ്‌ എണ്ണി തിട്ടപ്പെടുത്തി വയ്ക്കുക. മര്‍ഫിച്ചന്റെ തത്വം ഓര്‍മ്മയുണ്ടല്ലോ?
"When your outgo exceeds your income, your upkeep will be a downfall"

വാല്‍ക്കഷണം:
നാട്ടില്‍ പോയ വഴി ഒരു സുഹൃത്തിന്റെ അനിയനെ കണ്ടു. അവന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ കഫേ നടത്തുന്നു. കച്ചവറ്റം എങ്ങനെ ഉണ്ടെന്നു തിരക്കി
"കുറേ ഡെഡിക്കേറ്റഡ്‌ യൂസര്‍മാര്‍ ഉണ്ട്‌. നമ്മടെ രായണ്ണന്‍ ആണ്‌ മെയിന്‍ കസ്റ്റമര്‍" അവന്‍ പറഞ്ഞു.
"ആര്‌ തൊട്ടി രായനോ? അവന്‍ ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു? പടം കാണുകയാണോ?"
"അല്ലല്ല. രായണ്ണന്‌ ഇപ്പോള്‍ വണ്ടിയുടെയും ക്രെഡിറ്റ്‌ കാര്‍ഡിന്റേയും ഡിഫാള്‍ട്ടികളെ പിടിക്കുന്ന പണിയാ. എന്നും രാവിലേ വന്ന് ബാങ്ക്‌ പോര്‍ട്ടലുകളില്‍ ലോഗ്‌ ചെയ്യും എന്നിട്ട്‌ ഇടിക്കാനുള്ള ആളുകളുടെ ലിസ്റ്റ്‌ എടുത്തു പോകും. വൈകുന്നേരം വീണ്ടും വന്ന് ഫീഡ്‌ ബാക്ക്‌ മെയില്‍ അയക്കും-
party1 - done, party 2 - pending, party 3 trying ..
[ക്രെഡിറ്റ്‌ കാര്‍ഡിലെ പണം കൊടുക്കാന്‍ ഉള്ളവരെ ആഗോള തലത്തില്‍ അരിച്ച്‌ കണ്ടുപിടിക്കാന്‍ അവര്‍ക്ക്‌ സംവിധാനങ്ങളുണ്ട്‌]