Saturday, June 28, 2008

നിശാഗന്ധി

കള്ളിച്ചെടികളെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന പതിവ്‌ പണ്ടൊന്നും നമുക്കില്ലായിരുന്നു. കള്ളിയുടെ സ്ഥാനം വേലിക്കലാണ്‌, ആടും പശുവും മനുഷ്യനും വേലികടന്നു വരാതെ നോക്കുന്ന മുള്‍ച്ചെടികള്‍, അത്രതന്നെ.

ഒരേയൊരപവാദമാണ്‌ നിശാഗന്ധി. മുള്ളു കൂര്‍പ്പിച്ച തടിയന്‍ തണ്ടുമൊന്നുമില്ലാത്ത ഈ മെലിഞ്ഞ കള്ളി വീട്ടുമുറ്റത്തൊരു മരത്തില്‍ പടര്‍ന്നു കയറി സൌരഭ്യമുള്ള നിശാപുഷ്പങ്ങള്‍ സമ്മാനിക്കുന്ന പ്രത്യേകിച്ച്‌ ഒരു പരിചരണവും ആവശ്യമില്ലാത്ത ചെടിയായതിനാലാവും അത്‌.തണ്ട് മുറിച്ച് നട്ടാല്‍ നിശാഗന്ധിയെ പ്രജനനം ചെയ്യിക്കാം.

നിശാഗന്ധി [ദ്വിധനാമം epiphyllum oxypetalum ] നൈറ്റ്‌ ബ്ലൂമിങ്ങ്‌ സിറിയസ്‌, ഓര്‍ക്കിഡ്‌ കാക്റ്റസ്‌, ക്വീന്‍ ഓഫ്‌ നൈറ്റ്‌ എന്നൊക്കെ പലപേരുകളില്‍ അറിയപ്പെടുന്നെങ്കിലും ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ പേര്‍ ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നാണ്‌. കാലിക്കോ പോലെ മറ്റു ചില പൂച്ചെടികളെയും ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നു ചിലര്‍ വിളിക്കുന്നതിനാല്‍ തെറ്റിദ്ധാരണയുണ്ടായേക്കാം,ശാസ്ത്രീയനാമം തന്നെ ശരണം.

epiphyllum എന്നാല്‍ phyllusസിന്റെ, അതായത്‌ ഇലകള്‍ക്കൂ മേല്‍ വളരുന്നത്‌ എന്നാണര്‍ത്ഥം, phylum - എന്ന വാക്കുമായി ഇതിനു ബന്ധമില്ല. oxy-petalum എന്നാല്‍ മുനമ്പിച്ച പൂവിതളുകള്‍ എന്നും.

പ്രഭാതം- നിലത്തേക്ക് കുനിഞ്ഞ് കിളിര്‍ത്ത മൊട്ട്

ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത്‌ ഇലകളില്‍ നിന്നാണെന്ന് തോന്നും, എന്നാല്‍ നിശാഗന്ധിയുടെ ഇലകള്‍ പോലെ തോന്നുന്ന ഭാഗം ഇലയായും വര്‍ത്തിക്കുന്ന തണ്ടുകള്‍ (phylloclade) ആണ്‌.

സായാഹ്നം - വിടരാന്‍ തയ്യാറെടുത്ത് മുകളിലേക്ക് തലയുയര്‍ത്തിയ മൊട്ടുകള്‍


രാത്രി- രജനീഗന്ധി വിടരുന്നു




ഡച്ച് മാന്‍സ് പൈപ്പ് പോലെ തന്നെ തോന്നുന്നില്ലേ? വശത്തുനിന്നുള്ള വീക്ഷണം

ദാ പൂക്കള്‍, വലിപ്പമുള്ള വെണ്ണനിറത്തിനും വെള്ള നിറത്തിനും ഇടയിലെവിടെയോ ഉള്ള ആ നിറം അപ്പടി പകര്‍ത്താന്‍ എന്റെ കഴിഞ്ഞോ ആവോ.




രാത്രിയല്ലേ, ഇരുട്ടല്ലേ. മണത്തില്‍ മോഹിതനായി വരുന്ന പോളിനേറ്റിങ്ങ് ഏജന്റ് കണ്ണു പിടിക്കാതെ പോയാലോ, തീപ്പെട്ടിക്കൊള്ളി പോലെ വലിയ ഒരടുക്ക് സ്റ്റേമനും നീരാളിയുടെ ആകൃതിയില്‍ ഗൈഡ് വയറിങ്ങ് നടത്തിയ സെവന്റി എം എം കാര്പെലും ഉണ്ടാക്കി നിര്‍ത്തുക തന്നെ പോം വഴി. ഇനി ഉന്നം തെറ്റി പോകരുതല്ലോ.



വീണ്ടും പ്രഭാതം. ദേ പെര്‍ഫ്യൂം ഫാക്റ്ററി കം ഔട്ട്ലെറ്റ് അടച്ചു. വാടിയ പൂവ്.


[എന്തെങ്കിലും പോസ്റ്റു വന്നിട്ടു വര്‍ഷമൊന്നു കഴിഞ്ഞ, ഗൂഗിള്‍ പോലും സ്പാമെന്നു വിളിച്ച് തള്ളിയ ഈ ബ്ലോഗിലെ അഗ്രിഗേറ്ററുകള്‍ ലിസ്റ്റ് ചെയ്യാത്ത കഴിഞ്ഞ പോസ്റ്റ് ഇട്ട ദിവസം തന്നെ തപ്പിക്കണ്ടെത്തി കമന്റിയ ജയരാജനു ഈ നിശാഗന്ധി സമര്‍പ്പിക്കുന്നു ]

10 Comments:

Blogger ബഹുവ്രീഹി said...

ഡേവ്രാഗ്ഗ് മച്ഛാന്‍..

ചിവാസ് റീഗലും കള്ളും സമ്മിശ്രം "നിശാഗന്ധ"വും ആസ്വദിച്ചു സേവിച്ചു. വലിയവനാരാന്നു ചൊയ്ചാല്‍ “കള്ള‘ന്‍“ തന്നെ‍. തൊട്ടുകൂട്ടാന്‍ പോസ്റ്റൊന്നും ഇടാതിരുന്നതുകൊണ്ട് "തൊണ്ടിപ്പഴം" തൊട്ടുകൂട്ടേണ്ടി വന്നു. വല്ല കൊഴപ്പോണ്ടാവ്വ്വോ?

Sunday, June 29, 2008  
Blogger ജയരാജന്‍ said...

ദേവേട്ടാ ഞാന്‍ സെന്റിയായി :)
വെറുമൊരു സാദാ വായനക്കാരനായ എനിക്കും ഒരു സമര്‍പ്പണമോ?
താങ്ക്യൂ, താങ്ക്യൂ :)
നിശാഗന്ധി വീട്ടിലുമുണ്ടായിരുന്നു; പക്ഷേ പേര്‌ അനന്തശയനം എന്നോ മറ്റോ ആയിരുന്നു എന്നാണ്‌ ഓര്‍മ; ഇന്ത്യയില്‍ നേരമൊന്ന് വെളുത്തോട്ടെ; ചേച്ചിയെ വിളിച്ച് കണ്‍ഫേം ചെയ്തേക്കാം :)
പിന്നെ, അഗ്രഗേറ്ററിനെയൊന്നും ഞാന്‍ കാര്യമായി ആശ്രയിക്കാറില്ല; ഇഷ്ടപ്പെട്ട കുറച്ച് ബ്ലോഗുകള്‍ വീക്കെന്‍ഡ്‌സില്‍ സ്ഥിരമായി ചെക്ക് ചെയ്യും; അത്ര തന്നെ. കഴിഞ്ഞ പോസ്റ്റ് പോസ്റ്റി 10-14 ദിവസം കഴിഞ്ഞാണ്‌ ഞാന്‍ കാണുന്നത്; പോസ്റ്റിയ അന്ന് തന്നെ കണ്ടില്ല :(

Sunday, June 29, 2008  
Blogger ആഷ | Asha said...

ഞാന്‍ ചിന്ത വഴിയാണ് വന്നത്. ബ്ലോഗറുടെ പേരില്ലെങ്കിലും പോസ്റ്റിന്റെ പേരുണ്ടായിരുന്നു അവിടെ.

കള്ളിചെടിയാണോ അപ്പോ ഈ നിശാസുന്ദരി.
എന്റെ വീട്ടില്‍ മൂന്നാം വട്ടം 4 മൊട്ടുകളുമായി പൂക്കാനൊരുങ്ങി നില്‍ക്കയാണെന്റെ നിശാഗന്ധി. :)

നിശാഗന്ധി നീയെത്ര സുന്ദരി!

3,4,5 ഫോട്ടോസ് അസ്സലായി.

Monday, June 30, 2008  
Blogger ഹരീഷ് തൊടുപുഴ said...

കൊള്ളാം ചേട്ടാ, വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു വളരെയേറെ നന്ദി...

Monday, June 30, 2008  
Blogger siva // ശിവ said...

എന്റെ വീട്ടിലും ഈ ചെടിയുണ്ട്.

ഇതില്‍ പൂവുകള്‍ വിടരുന്നത് ഞാന്‍ ആദ്യമായി കാണുന്നത് ദാ ഇപ്പോഴാണ്.

ഞാന്‍ നോക്കുമ്പോഴൊക്കെ മൊട്ടുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ.

ഇപ്പോള്‍ മനസ്സിലായി....ഇനി രാത്രി ശ്രദ്ധിക്കാം.

ഈ നല്ല ഫോട്ടോകള്‍ക്ക് നന്ദി.

സസ്നേഹം,

ശിവ

Monday, June 30, 2008  
Blogger അഭയാര്‍ത്ഥി said...

നിശാഗന്ധി വിടര്‍ന്ന്‌ അനുരാഗസൗരഭ്യം പടര്‍ത്തുകയും,നിശാസുരഭികള്‍ വസന്തസേനകള്‍ നടനമാടാന്‍ വരികയും,
നിശാഗന്ധി നീയെത്ര ധന്യയാകയും,
നിശാഗന്ധി ആഡിറ്റോറിയത്തില്‍ പോവുകയും,രജനീഗന്ധ നിലാവില്‍ മയങ്ങിനില്‍ക്കയും ഒക്കെ എന്നേപ്പോലെ കുറേ മണക്കൂസന്മാര്‍ ചെയ്തിട്ടുണ്ടെങ്കിലും,ബാബര്‍ പറഞ്ഞപോലെ അതിതാണ്‌ അതിതാണ്‌ എന്ന്‌ ദേവന്‍ പറയുന്നത്‌ വരെ
കാണാനൊത്തിരുന്നില്ല.

ഗംഭീരമായിക്കുന്നു.മുന്ന്‌ പോസ്റ്റും

Monday, June 30, 2008  
Blogger Kunjipenne - കുഞ്ഞിപെണ്ണ് said...

മനോഹരം

Monday, August 25, 2008  
Blogger Jayasree Lakshmy Kumar said...

This comment has been removed by the author.

Thursday, April 16, 2009  
Blogger Jayasree Lakshmy Kumar said...

‘നിശാഗന്ധി നീയെത്ര ധന്യ..’

അയല്വക്കത്തെ ചേച്ചിയുടെ വീട്ടിൽ പൂ വിരിഞ്ഞപ്പോൾ, വിഷ്ണുഭഗവാൻ പ്രസാദിക്കുന്നതാണെന്ന് പറഞ്ഞ് ചേച്ചി രാത്രി ചന്ദനത്തിരിയെല്ലാം കത്തിച്ചു വച്ച് ഭക്തിയോടെ നോക്കിയിരുന്നു പൂ വിരിയിച്ചെടുത്തപ്പോൾ കൂടെ പോയി നോക്കിയിരുന്നു കണ്ടിട്ടുണ്ട്

Thursday, April 16, 2009  
Blogger വിഷ്ണു പറവൂർ said...

ഒരു പൂക്കാലത്തിനു വേണ്ടി ഞാനും കാത്തിരിക്കുന്നു

Sunday, June 30, 2019  

Post a Comment

<< Home