Monday, July 14, 2008

കൊടങ്ങല്‍



പെനിവോര്‍ട്ട് കുടുംബത്തില്‍ വരുന്ന ചെടിയാണ്‌ കൊടങ്ങല്‍ അധവാ മണ്ഡൂകപര്‍ണ്ണി.
സര്വ്വസാധാരണമായി നാട്ടിന്‍പുറത്തെല്ലാം ഇവ പൊടിച്ചു വളരുന്നത് കാണാം.

വടക്കോട്ട് ചിലയിടങ്ങളില്‍ ഇതിനെ ബ്രഹ്മി എന്നു വിളിക്കുമെങ്കിലും ശരിയായ ബ്രഹ്മി (bacopa monnieri) ഇതല്ല. ആയുര്വ്വേദത്തിലും ചൈനീസ് മരുന്നിലും ചേരുവയായ കൊടങ്ങല്‍ രക്താതിസമ്മര്‍ദ്ദത്തിനും നാഡീവ്യൂഹശക്തിക്കും മുറിവുണക്കുന്നതിനും നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ഔഷധശക്തിയെക്കുറിച്ച് നടന്ന ശാസ്ത്രീയ പഠനങ്ങളും (http://www.ncbi.nlm.nih.gov/pubmed/11666128 ഉദാ.) ആശാവഹമായ തെളിവുകളാണ്‌ തരുന്നത്.

കൊടങ്ങല്‍ ശ്രീലങ്കന്‍, തായ് വിഭവങ്ങളിലെ ചേരുവയാകാറുണ്ട്. ഇതിന്റെ നീരുകുടിക്കുകയും സലാഡില്‍ ചേര്‍ക്കുകയും പല നാടുകളിലും ചെയ്യുന്നുണ്ട്.

ഇത്രയും പുസ്തകത്തില്‍ നിന്നുള്ളത്. നാട്ടില്‍ പൊതുവേ ഭക്ഷണത്തില്‍ കൊടങ്ങല്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. (സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടാത്തതുകൊണ്ടാണോ ആവോ) നിറയേ ഫൈബറും പോഷണവും നിറഞ്ഞ കൊടങ്ങലിന്റെ ഇല ചീര പോലെ തോരന്‍ വച്ചോ ചമ്മന്തിയില്‍ അരച്ചു ചേര്‍ത്തോ കഴിക്കാം. മലവേഗം മെച്ചപ്പെടും, അതായത് ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്റോം, മലബന്ധം, കുടല്പ്പുണ്ണ്, അസിഡിറ്റി, കോളൈറ്റിസ്/ക്രോണ്‍സ് തുടങ്ങി അര്‍ശ്ശസിനു വരെ നല്ല കുറവുണ്ടാകും (പരിചയമുള്ള പത്തിരുപതു പേരെ വച്ച് നടത്തിയ പ്ലാസിബോരഹിത പരീക്ഷണത്തിന്റെ ഫലം!) . രക്തസമ്മര്‍ദ്ദം മെച്ചപ്പെട്ടു എന്നും അവകാശപ്പെടുന്ന ആളുണ്ടെങ്കിലും ഒരു കാരണ-കാര്യ ബന്ധം ഉറപ്പിക്കാനായില്ല.

ഭക്ഷണത്തിലെ വൈവിദ്ധ്യമില്ലായ്മയും ജീവിതശൈലീരോഗങ്ങളും തമ്മിലുള്ള ബന്ധം വലുതാണ്‌, വല്ലപ്പോഴും ഇത്തിരി കൊടങ്ങല്‍ തോരന്‍ പരീക്ഷിക്കൂ, ഒരു മാറ്റമായിക്കോട്ടെ.

10 Comments:

Blogger Sathees Makkoth | Asha Revamma said...

ഞങ്ങളുടെ നാട്ടിൽ കൊടകൻ എന്നറിയപ്പെടുന്നു.

Monday, July 14, 2008  
Blogger കാളിയമ്പി said...

കൊടങ്ങലിന്റെ ഇല നാക്കിനടീല്വച്ച് ശക്തമായി ഊതിയാല്‍ വിസിലടിക്കാം എന്ന് സഹസ്രാഷ്ടാംഗതല്ല്‌യോഗം പറയുന്നു.

ദേവേട്ടാ..പുതിയ പോസ്റ്റുകള്‍ കണ്ടതില്‍ സന്തോഷം.

Monday, July 14, 2008  
Blogger കരീം മാഷ്‌ said...

കൊടങ്ങൾ ഇന്റേണൽ പ്ലാണ്ടിംഗിനുപയോഗിച്ചു പരാജയപ്പെട്ടിരുന്നു.
ചട്ടിയിൽ വളർത്താൻ നല്ലഭംഗിയാണ്.
പുതിയപൊസ്റ്റിട്ടില്ലങ്കിൽ “ദേവനെന്ന” നാമം മറ്റു പലരും അടിച്ചോണ്ടു പോകും
ജാഗ്രതൈ!

Monday, July 14, 2008  
Blogger Sanal Kumar Sasidharan said...

കോഴിത്തീനം വരുമ്പോള്‍ ഇതിന്റെ ഇലയും ഉള്ളിയും കൂടി അരച്ച്കൊടുത്ത് ചികിത്സിക്കുന്ന ഡോക്ടറുണ്ട് എന്റെ വീട്ടില്‍ :)

Tuesday, July 15, 2008  
Blogger Typist | എഴുത്തുകാരി said...

എന്റെ വീട്ടിലും ഉണ്ടു് ഈ ചെടി. കൊടങ്ങല്‍ എന്നല്ല ഇവിടെ പറയുക (എന്താണെന്നു് ഓര്‍മ്മയില്ല)
അതിന്റെ ഉപയോഗങ്ങളൊന്നും അറിയില്ലായിരുന്നു.
തോരന്‍ വച്ചു നോക്കട്ടെ.

Tuesday, July 15, 2008  
Blogger ഭക്ഷണപ്രിയന്‍ said...

എന്റെ മുത്തശ്ശന്‍ പറഞ്ഞു തന്നൊരു വിദ്യയുണ്ട് . എന്നും രാവിലെ ഒരു കുടങ്ങല്‍ ഇലയില്‍ ഒരുകുരുമുളക് മണി വച്ച് വിഴുങ്ങുക. ഓര്‍മ്മ ശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കാന്‍ നല്ലതാണത്രേ.

Tuesday, July 15, 2008  
Blogger Unknown said...

ദേവേട്ടാ വളരെക്കാലത്തിനു ശേഷമാണിവിടെ :)


ഞങ്ങളുടെ നാട്ടില്‍ ഇതിനു മുത്തിള്‍ എന്നാണു പറയുക. എല്ലാക്കാലത്തും ഈര്‍പ്പം നിലനില്‍ക്കുന്ന വയല്‍ വരമ്പുകളിലും കമുകിന്‍ തോട്ടങ്ങളിലും ധാരാളമായ്യി വളരുന്നത് കാണാം.

ദേവേട്ടന്‍ സൂചിപ്പിച്ചതു പോലെ ബ്രഹ്മിയുടെ മിക്കവാറും ഗുണഗണങ്ങള്‍ ഇതിനുമുണ്ടെന്നും വിശ്വസിക്കപെടുന്നു.ഓര്‍മ്മക്കുറവുള്ളവരേയും ചെറിയ മാനസികാസ്വാസ്ഥ്യമുള്ളവരേയും പരാമര്‍ശിക്കുമ്പോള്‍ തലയില്‍ മുത്തിളരച്ചിടുന്ന കാര്യം പറയുന്നത് കേട്ടിട്ടുണ്ട് മുന്‍ തലമുറാക്കാര്‍.

തേങ്ങയും പച്ചമുളകും അല്പം ഉപ്പും പുളിയും ചേര്‍ത്തരച്ച് ചമ്മന്തിയായും ഉപയോഗിക്കാറുണ്ട്.
പണ്ട് സ്കൂളില്‍ നിന്നെത്തുമ്പോള്‍ അമ്മ വിളമ്പി വെക്കുമായിരുന്ന മുത്തിള്‍ ചമ്മന്തിയും കഞ്ഞീയും കുടിച്ച ആ ബാല്യകാലം ഓര്‍മ്മയിലെത്തുമ്പോള്‍ തന്നെ വരും തലമുറയ്ക്കിതൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണല്ലോയെന്ന വേവലാതിയും ബാക്കി നില്‍ക്കുന്നു.

Monday, September 29, 2008  
Blogger Jayasree Lakshmy Kumar said...

ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും ഈ ഇൻഫൊർമേഷൻസ് എല്ലാം പുതിയത്

Thursday, April 16, 2009  
Blogger seperation of love said...

മുയൽ ചെവിയൻ ആണോ ഇത്?

Wednesday, July 03, 2019  
Blogger Unknown said...

കൊടുങ്ങൽ കിഡ്നി സ്റ്റോണിന് ഉപയോഗിക്കാൻ പറ്റുമോ

Wednesday, February 09, 2022  

Post a Comment

<< Home