പൂച്ചപ്പഴം
പൂച്ചപ്പഴം അഥവാ കാട്ടുവഴന (ദ്വിധ നാമം syzygium zeylanicum ) തെന്നിന്ത്യയില്‍ ഇന്ത്യയില്‍ മാത്രം കാണുന്ന ചെടിയാണ്. യുണൈറ്റഡ് നേഷന്‍സ് എഫ് ഏ ഓ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം ഇത് വംശനാശ ഭീഷണി നേരിടുകയാണിന്ന്.
യൂക്കാലിപ്റ്റസ്, ചാമ്പ, ഗ്രാമ്പൂ എന്നിവയടങ്ങുന്ന myrtaceae എന്ന വന്‍ കുലത്തിലെ Syzuguim വംശത്തില്‍ വയണ, റോസ് ആപ്പിള്‍, മലബാര്‍ പ്ലം എന്നിവയുടെ കൂടെ പൂച്ചപ്പഴവും കൊച്ചു കുരണ്ടിപ്പുറത്ത് സ്ഥാനം പിടിച്ചിരിക്കുന്നു.
തൂവല്‍ക്കിടക്കപോലെ നിറയേ പൂക്കുന്ന ഈ ചെറുമരത്തില്‍ ഒരു വലിയ നിലക്കടലക്കുരുവിനോളം പോന്ന ധാരാളം വെളുത്ത കായ കുലയായി വര്‍ഷാവര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ വിളയും. ഏകദേശം കാട്ടുചാമ്പയുടെ സ്വാദുള്ള ഭക്ഷ്യയോഗ്യമായ കായകളാണ്.
നല്ല വെയിലും ധാരാളം ജലവും ആവശ്യമുള്ള ഈ കാട്ടുചെടി സാധാരണയായി കേരളത്തില്‍ ഉപവനങ്ങളിലും സര്‍പ്പക്കാവുകളിലുമാണ് വളര്‍ന്നു പോന്നിരുന്നത്. ഇവരണ്ടും ഏകദേശം മുഴുവനായി ഇല്ലാതായതോടെ ഈ മരവും മിക്കവാറും അപ്രത്യക്ഷമായി.
ചിത്രത്തില്‍ കാണുന്ന പൂച്ചമരം എന്റെ ചേട്ടനും ചേച്ചിയും ( ബ്ലോഗര്‍ പൂച്ചക്കുട്ടിയുടെ അച്ഛനമ്മമാര്‍) തദ്ദേശത്തിന്റെ സ്വാഭാവിക ബയോ ഡൈവേര്‍സിറ്റിയെ എന്തുവിലകൊടുത്തും നിലനിര്‍ത്തുമെന്ന തീരുമാനത്തിന്‍ മേല്‍ കൂമന്‍പള്ളിയില്‍ വളര്‍ത്തുന്നത്.
കല വേറൊരു ബ്ലോഗ്ഗില്‍ ഈ മരം ശരിക്കുമുണ്ടോ എന്നു ചോദിച്ചതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ പോസ്റ്റ് ഇത്. ഈ മരം ശരിക്കും ഇന്നുണ്ട്, പക്ഷേ എത്രകാലമാണാവോ. ഇതിനെ വെട്ടി കറ ഷീറ്റടിച്ചു വില്‍ക്കാനോ ഇതിന്റെ തടികൊണ്ട് വീടു വയ്ക്കാനോ, ഇതിന്റെ പഴം രാവിലേ പുട്ടില്‍ കുഴച്ചു തിന്നനോ മനുഷ്യനു കഴിയില്ലല്ലോ. പൂച്ചപ്പഴത്തിന്റെ ഭാവി ആശങ്കയിലാണ്
[പലരേയും ഈ ചിത്രം കാണിച്ച് എന്തെന്നു പറയാമോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരാളേ ഇതുവരെ പൂച്ചപ്പഴത്തെ തിരിച്ചറിഞ്ഞിട്ടുള്ളു. കുട്ടിക്കാലത്തിന്റെ മങ്ങിയ ഓര്‍മ്മകളില്‍ നിന്നും പൂച്ചപ്പഴത്തിനെ തിരിച്ചറിഞ്ഞ സുധച്ചേച്ചിക്ക് ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.]
പൂച്ചരോമം പോലെയുള്ള ഈ മരത്തിന്റെ പൂക്കളുടെ ചിത്രം വിഷ്ണുപ്രസാദിനു പൂമ്പാറ്റച്ചിത്രമായി സമര്‍പ്പിച്ചു കഴിഞ്ഞതാണ്. ആവര്‍ത്തനം ക്ഷമിക്കുമല്ലോ.
26 Comments:
ഇതിനു് കിഴക്കന്‍ കൊല്ലം പ്രദേശത്തു് ആമ്പക്കാ, ജാമ്പക്കാ എന്നു പറയുമോ എന്നൊരു സംശയം.
സസ്യങ്ങളെ ഈ മട്ടില്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്
ചെയ്തുകൂടേ...
ദേവാ.. പ്രോഫയില്‍ ഫോട്ടോ ആയി കൊടുത്തിരിക്കുന്നത് ഏതു പഴം?
കരീം മാഷ്ക്ക് തെറ്റി ;)
അത് തെച്ചി(റ്റി)പ്പഴം.
(ഇനി എനിക്കാണോ തെറ്റിയതു ദേവാ?)
ദേവാ ഇത് വെള്ള ചാമ്പയാണ്. ഇതിന്റെ ചുവന്ന നിറത്തിലുള്ളതുമുണ്ട്. എന്റെ വീട്ടില്‍ ഇവനുണ്ടായിരുന്നു.
അയ്യോ വെള്ളച്ചാമ്പയല്ല മാഷേ, ഈ കായകള്‍ക്ക് ഒരു കപ്പലണ്ടിക്കുരുവിന്റെ വലിപ്പമേയുള്ളു, പടം ഇത്തിരി അടുത്ത് എടുത്തതുകൊണ്ടാണേ വലുതായി തോന്നിയത്. ഇവനു വഴണ മരത്തോടാണ് ബന്ധം കൂടുതല്‍
[എന്റെ പ്രൊഫൈലില്‍ കാണുന്ന, കരീം മാഷ് ചോദിച്ച, അനിലേട്ടന്‍ പറഞ്ഞ തെറ്റി/ തെച്ചി/ ചെക്കി പഴത്തെക്കാള്‍ ചെറുതാണിത്.]
ദേവാ. വിഷ്ണുപ്രസാദ് പറഞ്ഞത് ശരിയാ. നമ്മുടെ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് വേണം. ബോധനിലവാരം ഉയര്‍ത്താന്‍ അതു വളരെ സഹായിക്കും. ഞാനീ ചെടിയോ പഴമോ കണ്ടിട്ടു പോലുമില്ല. പരിചയപ്പെടുത്തിയതിനു നന്ദി.
ദേവാ,
പരിചയപ്പെടുത്തിയതിനു നന്ദി!
പൂച്ചപഴം എന്നു കേട്ടിട്ടു പോലുമില്ലായിരുന്നു.പൂച്ചവാലന്‍ എന്നൊരു പൂച്ചെടി അറിയാം.
ഞാനും ഇങ്ങനെ ഒരു ചെടിയെപറ്റി കേട്ടിട്ടില്ലായിരുന്നു....അന്ന്യം നില്‍ക്കാന്‍ സാധ്യതയുള്ള ഈ ചെടിയെപറ്റി എഴുതിയതിന് അഭിനന്ദനങ്ങള്‍ ദേവേട്ടാ.......
ദേവാ,
ഇതിന്‍ ഞങ്ങളുടെ നാട്ടില്‍ കീരിപ്പഴം എന്നു പറയും. വെളുത്ത് പല്ലിമുട്ട പോലെയുള്ള പഴങ്ങള്‍ തൊട്ടാല്‍ മഞ്ഞു പോലെ തോന്നും. കുന്നിന്‍ പ്രദേശങ്ങളില്‍ കുറ്റിച്ചെടി പോലെ ധാരാളമുണ്ടായിരുന്നു. പൂച്ചപ്പഴം എന്ന പേരില്‍ മറ്റൊരു പഴം നാട്ടിലുണ്ട്. അത് ഒരു വള്ളിയാണ്‍. പൂച്ചക്കണ്ണ് പോലെ മഞ്ഞച്ച പഴങ്ങള്‍. ഇനി മറ്റു ചില നാട്ടുപഴങ്ങള്‍ കൂടി:
1) ഞാറപ്പഴം - ഇടത്തരം മരം. ഞാവല്‍പ്പഴത്തിന്റെ നിറത്തില്‍, പല്ലിമുട്ടയുടെ വലിപ്പത്തില്‍ പഴങ്ങള്‍. ഏകദേശം ഞാവല്‍പ്പഴത്തിന്റെ സ്വാദ്.
2) മുള്ളിന്‍പഴം - കുറ്റിച്ചെടി. നിറയെ മുള്ള്. മുള്ളിന്റെ കുത്തു കിട്ടിയാല്‍ അങ്ങേലോകം കാണും. കറുത്ത ചെറിയ പഴങ്ങള്‍.
3) തൊണ്ടിപ്പഴം - ഇടത്തരം മരം. ചെറിയ ചവര്‍പ്പുള്ള പഴങ്ങള്‍.
വേണുമാഷേ
ഓരോ കാട്ടുചെടിക്കും ഓരോ സ്ഥലത്ത് ഓരോ പേരാ. പക്ഷേ നമ്മുടെ അനംഗന്‍ പറഞ്ഞപോലെ ഇനി ഇതു കണ്ട് വെള്ളച്ചാമ്പയാണെന്ന് ധരിച്ചതാണോ ആവോ.
അനിലേട്ടന്‍- കരീം മാഷ് തങ്ങളില്‍ തീര്‍ത്തു!
വിഷ്ണുപ്രസാദ്, കൂമന്‍സ്
ആധികാരികമായി എഴുതാന്‍ മാത്രമൊന്നും എനിക്കറിയില്ല. അറിയാവുന്നത് എഴുതാന്‍ സന്തോഷമേയുള്ളു. ചെടികളുടെ കാര്യത്തില്‍ ആധികാരികമായി എഴുതണമെങ്കില്‍ ചന്ദ്രേട്ടനോ മറ്റോ ഏറ്റെടുക്കുകയേ നിവൃത്തിയുള്ളു.
ബിജോയ്, സപ്താ, നന്ദി. പൂച്ചവാലന്‍ ചെടി എനിക്കും അറിയാം.
കേരളീയാ,
പല്ലിമുട്ട, അതു തന്നെ!!!! ഈ പഴത്തിനെ എന്തുമായി ഉപമിക്കുമെന്ന് (കാവ്യഭാവന ഇല്ലാത്ത) ഞാന്‍ ഇരുന്നു കറങ്ങി അവസ്സാനം കപ്പലണ്ടിയില്‍ എത്തിപ്പോയതാ.
പൂച്ചപ്പഴം എന്ന പേരിലെ വള്ളി എനിക്കറിഞ്ഞുകൂടാ.
കൊല്ലത്തൊക്കെ ഞാവലിനു ഞാറപ്പഴമെന്നും പറയും. ചെറിയ ഞാവലിനു കാട്ടു ഞാറക്കായ എന്നും.
മുള്ളിന്‍ പഴം. തീര്‍ച്ചയായും അറിയാം. ഇതിന്റെ ചെടിക്ക് "കഠാരമുള്ളന്‍" എന്നാണ് ഞങ്ങള്‍ പറയുക.
തൊണ്ടിപ്പഴം . ഇപ്പോഴും പരിസരത്തൊക്കെ ഈ മരം ഉണ്ടെങ്കില്‍ അത്യാവശ്യമായി ഒരു ചിത്രം ഇടണേ (എന്റെ നാട്ടില്‍ കാണാനില്ല)
"ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍ ചൊടികള്‍ തൊണ്ടിപ്പഴം പോല്‍..." എന്ന ശ്ലോകമിട്ട ശേഷം ഉമേഷു ഗുരുക്കള്‍ ഒരു തൊണ്ടിപ്പഴം കാണാന്‍ ഇവിടൊക്കെ
അന്വേഷിച്ചിരുന്നു.
അപ്പോ വിഷ്ണുപ്രസാദും കൂമന്‍സും പറഞ്ഞ പ്രോജക്റ്റ് കേരളീയന്‍ ഏറ്റെടുക്കുമോ?
ഈ പൂച്ചപ്പഴം പത്തായത്തില്‍ സൂക്ഷിച്ചാല്‍ എലി വരില്ല എന്നു പറയുന്നത് ശരിയാണൊ?
ഇതാണപ്പോള്‍ പൂച്ച പഴം! ഞാന്‍ കേട്ടീട്ടുമില്ല കണ്ടീട്ടുമില്ല, ആഹാ!
ചാമ്പയല്ല നൂറുതരം. ചമ്പയുടെ ഇല ഇങ്ങനെയല്ല.
ഞങ്ങളുടെ നാട്ടില്‍ കൊരങ്ങന്‍ പഴവും കൊരങ്ങന്‍ കായയും ഉണ്ട്. പിന്നെ പലരും പറഞ്ഞപോലെ പൂച്ചവാലന്‍ പൂവും, കോഴിവാലന്‍ പൂവും.
അയനി ചക്ക പോലും കണ്ടത് ചന്ദ്രേട്ടന്റെ ബ്ലോഗിലാ.
ഒരു സസ്യബ്ലോഗ് അത്യാവശ്യം ദേവേട്ടാ.
ഞാവല്‍പ്പഴവും മുള്ളിന്‍ പഴവും കണ്ടിട്ടുണ്ട് പക്ഷെ പൂച്ചപ്പ്ഴവും, പൂച്ച്മരവും ആദ്യമായിട്ടാണു് കേള്‍ക്കുന്നത്. സുദീര്‍ഘമായ വിവരണത്തിന്‍ നന്ദീ..
'പൂച്ചക്കുട്ടിയ്ക്കാ' ഞങ്ങള്‍ -( ഹരിപ്പാട് പ്രദേശത്ത് ആ പേരാണ്) സ്കൂളില്‍ പോകുന്ന വഴിക്കും മറ്റും ധാരാളം തിന്നിട്ടുള്ളതാണേ.പഴുത്തതിന് നല്ല സ്വാദാണ്. ഇതു വള്ളി അല്ല ഒരു തരം കുറ്റിച്ചെടി ആണ്
ദേവേട്ടാ, ഇത് വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണെന്നിപ്പോഴാ അറിയുന്നത്. പിന്നെ ഇതൊരു കുറ്റിച്ചെടിയല്ലേ, മരമാണോ.. ഒരു പത്തു വര്‍ഷം പഴയ ഒരെണ്ണം വീട്ടിലുണ്ട്. പക്ഷേ ഇപ്പോഴും അത് ഒരു ചെറിയ ചെമ്പരത്തിയുടെ അത്രയുമേയുള്ളൂ
അതിനിപ്പൊ "പൂച്ചയുണ്ട് സൂക്ഷിക്കുക" എന്ന് പത്തായപ്പലകയില്‍ എഴുതിയാല്‍ മതിയല്ലോ മറിയം?
സസ്യ ബ്ലോഗ് അത്യാവശ്യമാണെന്ന് എനിക്കുമറിയാം ഡാലിയേ. പക്ഷേ സസ്യശാത്രം പഠിച്ച ആരെങ്കിലും അതിനിറങ്ങി തിരിച്ചാലേ നടക്കൂ..
ഇന്‍ഡ്യാ ഹെറിറ്റേജ്,
ഇപ്പോഴുമുണ്ടോ ഇത് അവിടെയൊക്കെ.
കുഞ്ഞന്‍സേ
മരം എന്നുദ്ദേശിച്ചത് പനപോലെ വളരുമെന്നല്ല, ഒരു ചെമ്പരുത്തിയോളമൊക്കെയേ ഉള്ളു. വീട്ടില്‍ നില്‍ക്കുന്നത് ഒരു ചാമ്പമരത്തോളം വളര്‍ന്നു. അത്രയൊക്കെയേ ഇത് പരമാവധി പോകു എന്നു തോന്നുന്നു.
(കുഞ്ഞന്‍സിന്റെ വീട്ടിലുള്ളത് മുറിക്കക്കല്ലേ കേട്ടോ. ചിലപ്പോ പണ്ട് വെച്ചൂര്‍ പശു എവിടെയുണ്ടെന്നു തിരക്കി ആളുകള്‍ ഓടിയതു പോലെ പൂച്ചപ്പഴം തിരക്കി ശാസ്ത്രജ്ഞരോടുമ്പോ.. "എന്റെ വീട്ടില്‍ വാടാ പയലുകളേ" എന്ന് കുഞ്ഞന്‍സിനു പറയാന്‍ പറ്റിയേക്കും..
ഞാന്‍ ഈയിടെ എഴുതിയ കഥയില്‍ പൂച്ചപ്പഴത്തിന്റെ പരാമര്‍ശമുണ്ടായിരുന്നു.ചില വായനക്കാര്‍ പൂച്ചപ്പഴം എന്താണെന്ന് ചോദിച്ചപ്പോള്‍ ഗൂഗിളില്‍ പോയി ചിത്രം അന്വേഷിക്കുന്നതിനിടെ എത്തപ്പെട്ടതാണ് ഇവിടെ.ഈ പഴം ഞാന്‍ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എന്റെ നാട്ടില്‍ ധാരാളം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എങ്ങും കാണാനുമില്ല. എന്തായാലും ഈ ബ്ലോഗു കാനാനിടയായത്തില്‍ സന്തോഷം
ഏറണാകുളം ഏരിയയിൽ മുൾബെറി പഴത്തെ ആണ് പൂച്ചപ്പഴം എന്ന് പറയുന്നത്
http://mysunnyhappygarden.blogspot.in/2009/07/mulberry-fruits.html
In my home i plant one sapling.
If someone nweds its sapling contact the Bitanical Garden Palode
Yes ഇത് ഞാൻ ഈ അടുത്ത കാലത്ത് അനുഷിച്ച് ചെന്ന് but നിരാശ ആയിരുന്നു.ഈ പിക് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ
ഞാറ പഴോം പൂച്ച പഴോം ഈ ഭൂമിയിൽ നിലനിൽക്കുന്നു എന്നറിഞ്ഞതിൽ ..ഹോ... Happy
പൂച്ചപ്പഴത്തെക്കുറിച് പലരോടും അന്വേഷിച്ചു.അങ്ങിനെയാണ് അവസാനം ഗൂഗിൾ സെർച്ച് ചെയ്യുന്നത്.വളരെ നന്ദിയുണ്ട്. കുറഞ്ഞപക്ഷം കുട്ടികൾക്ക് പടമെങ്കിലും കാണിച്ചുകൊടുക്കാമല്ലോ..
ആർകെങ്കിലും ഇ പഴത്തിന്റെ തൈകൾ വേണമെങ്കിൽ താഴെ ലിങ്ക് കൊടുക്കുന്നു
https://www.greensofkerala.com/p/poocha-pazham-cat-fruit-seedling-live-fruit-plant/
എൻറെ കുട്ടിക്കാലത്ത് ഞങ്ങളുടെ മലയിൽ ഏക്കറുകളോളം മല മുഴുവൻ വെളുപ്പിച്ചുകൊണ്ട് പൂച്ചപ്പഴം ഉണ്ടായി നിൽക്കുമായിരുന്നു.ഇടയ്ക്കിടയ്ക്ക് ഞാറപ്പഴവും ഉണ്ടാകും.അപൂർവമായി കുര്യൻ പഴവും ചെത്തിപ്പഴവും. ഇന്ന് ആ മല മുഴുവൻ റബറാണ്. ഞങ്ങൾ വലിയ കലം കൊണ്ടുപോയാണ് പൂച്ചപ്പഴവും ഞാറപ്പഴവും പറിച്ചിരുന്നത്. വെറുതെ ഒന്നിച്ച് വായിൽ ഇട്ട് ഒന്ന് ചപ്പി തുപ്പി കളയും. ചെറിയ ഒരു മധുരം മാത്രമാണ് ഉള്ളത്.ഏതാണ്ട് പുളിപ്പില്ലാത്ത ചാമ്പക്കയുടെ ഇനത്തിൽ വരും.
എൻറെ കുട്ടിക്കാലത്ത് ഞങ്ങളുടെ മലയിൽ ഏക്കറുകളോളം മല മുഴുവൻ വെളുപ്പിച്ചുകൊണ്ട് പൂച്ചപ്പഴം ഉണ്ടായി നിൽക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാറപ്പഴവും ഉണ്ടാകും. അപൂർവമായി മഞ്ഞനിറത്തിൽ കുലകൾ ആയിട്ട് കുരീൽ പഴവും ചെത്തിപ്പഴവും. ഇന്ന് ആ മല മുഴുവൻ റബറാണ്. ഞങ്ങൾ വലിയ കലം കൊണ്ടുപോയാണ് പൂച്ചപ്പഴവും ഞാറപ്പഴവും പറിച്ചിരുന്നത്. വെറുതെ ഒന്നിച്ച് വായിൽ ഇട്ട് ഒന്ന് ചപ്പി തുപ്പി കളയും. ചെറിയ ഒരു മധുരം മാത്രമാണ് ഉള്ളത്.ഏതാണ്ട് പുളിപ്പില്ലാത്ത ചാമ്പക്കയുടെ ഇനത്തിൽ വരും.
Post a Comment
<< Home