Monday, October 30, 2006

പണമ്പുരാണം

[പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പാഠമാണ്‌. ബൂലോഗ വല്യപ്പന്മാരും വല്യമ്മമാരും കുത്തിയിരുന്നു വായിച്ച്‌ "അയ്യേ ഇതാണോ" എന്നാലോചിച്ചാല്‍ -എന്റെ പേരില്‍ കുറ്റമില്ല ഞാന്‍ പറഞ്ഞു മാറി നില്‍ക്കാന്‍ ഡിംഗ്‌ ഡോങ്ങ്‌ ഡിം"]

ക്ലാസ്സ് സാമ്പത്തിക ശാസ്ത്രമാണ്. സാമ്പത്തിക ശാസ്ത്രമെന്നാല്‍ സമ്പത്തിനെക്കുറിച്ചുള്ള ശാസ്ത്രം. സമ്പത്തിന്റെ അളവാണ് പണം. രാവിലേ എഴുന്നേറ്റപ്പോള് പല്ലു തേച്ച ബ്രഷ് മുതല്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ബെഞ്ച് വരെ പണം കൊടുത്തു വാങ്ങിയതാണ്. അറിഞ്ഞോ അറിയാതെയോ, നേരിട്ടോ അല്ലാതെയോ പണം വാങ്ങുകയും കൊടുക്കുകയും പണം കൊണ്ടു നേടിയവ ഉപയോഗിക്കുകയും ചെയ്യുന്നതാണ്, അതായത് പണം നേടുന്നതും പണം ഉപയോഗിക്കുന്നതുമാണ്, നമ്മുടെ നിത്യവൃത്തിയിലെ ഒട്ടുമിക്ക കാര്യങ്ങളും. അഞ്ചു കൊല്ലം മുന്നേ ടെലിവിഷനു മുടക്കിയ പണവും, അടുത്ത മാസം വൈദ്യുതി ബോര്ഡിനും കേബിള് റ്റീവിക്കാരനും കൊടുക്കേണ്ട പണവും, കസേര പണിത ആശാരിക്ക് എന്നോ കൊടുത്ത പണവും വീടിനു അടുത്ത ഇരുപതു കൊല്ലം ബാങ്കില്‍ കൊടുക്കേണ്ട പണവും കുറേശ്ശെ വിനിയോഗിച്ചാണ് ഇന്നലെ കപ്ലിങ്ങാടന്‍ എഴുതിയ ജംഗിള്‍ ബുക്ക് കാര്‍ട്ടൂണ്‍ സീരിയല്‍ കണ്ടത്.

പണമില്ലെങ്കില്‍ പിണം എന്ന അവസ്ഥ എങ്ങനെ ഉണ്ടായി? അതറിയണമെങ്കില്‍ പണം എന്തെന്നറിയണം.പണമെന്തെന്നറിയാന്‍ പണമെങ്ങനെ ഉണ്ടായെന്നും അറിയണം. ശരി, സാമ്പത്തിക ശാസ്ത്രം ഒന്നാമത്തെ ക്ലാസ്സ് അതിനെക്കുറിച്ചാണ്.

1. ക്രയവിക്രയങ്ങളുടെ ഉല്‍പ്പത്തി.
പണ്ടു പണ്ട് ഞാന് രാവിലേ എന്റെ ഗുഹയില്‍ നിന്നും കുന്തവുമെടുത്ത് വേട്ടക്കിറങ്ങി. ഒരു മാനിനെ കിട്ടിയെങ്കില്‍.. മാന്‍ സ്റ്റീക്ക്
വേണമെന്നു പറഞ്ഞു പിള്ളേരു എന്നും ബഹളമാ, പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, ഇതിന്റെ പിന്നാലെയോടാനുള്ള വേഗത എനിക്കില്ലാത്തതുകൊണ്ട് ഈ ജന്തുവിനെ കിട്ടാറില്ല. ദിവസം മുഴുവന് തപ്പി. കിം ഫലം, അല്ല പശു? ഒടുക്കം മടുത്ത് പൊന്തക്കുള്ളിലല്‍ നിന്നും കിട്ടിയ അഞ്ചെട്ടു മുയലിനെയും തല്ലിക്കൊന്നു തിരിച്ചു നടക്കുമ്പോള് "മാനാ ഹോ തും" എന്നൊരു പാട്ട്. നോക്കുമ്പോഴതാ ഉമേശന് ഗുരുക്കള്‍ നടന്നു പോകുന്നു. വെറുതേ കൈവീശിയല്ല. തോളത്ത് ഒരു മാനും. ഗുരുക്കള്‍ വലിയ ഓട്ടക്കാരനാണ്.

ഇങ്ങേരിതു തിന്ന് വയറിളകി പോകട്ടെ എന്നു പ്രാകി പോകാന്‍ തുടങ്ങുമ്പോള്‍ ഐഡിയാ! ഓടി മാനിനെ പിടിക്കുമെങ്കിലും ഇയ്യാള്ക്ക് പൊന്ത തപ്പി മുയലിനെ പിടിക്കാനറിയില്ല. അപ്പോള്‍ തനിക്കു മാന്‍ കൊതി ഉള്ളതുപോലെ ഗുരുക്കള്‍ക്ക് മുയല്‍ക്കൊതി കാണുമല്ലോ. ഈ മുയലിനെ എല്ലാം കൊടുത്താല് പകരം മാന്‍ തരുമോ ആവോ.

പോയി ചോദിച്ചു. ഹാവൂ, പറഞ്ഞു മനസ്സിലാക്കാന് പെട്ട പാട്!. ആദ്യം മാനിനെ തരുമോ എന്നു ചോദിച്ചപ്പോള്‍ ഗദയെടുത്തു എന്റെ തലക്കടിക്കാന്‍ വന്നു. ഒരു തരത്തില്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ പുള്ളിക്കും ഭയങ്കര സന്തോഷമായി. മുയ്ക്കലുകളെ കൊടുത്തു മാനിനെ‍ വാങ്ങി.

"ആഹോ, ജോഹോ, ഹാ" എന്ന് യാത്രയും പറഞ്ഞ് രണ്ടു വഴിക്കു നടന്നു പോകുമ്പോള്‍ ദേ പിന്നേം ഐഡിയ. ഇത്രയും വലിയ മാനിനെ കൊണ്ടു വീട്ടില്‍ പോയാല് ആരു തിന്നു തീര്‍ക്കും? പകുതിയെങ്കിലും ചീഞ്ഞു പാഴാകും. ഇഞ്ചിപ്പെണ്ണ് താമസിക്കുന്ന ഏറുമാടത്തിന്റെ നാലു വശവും പച്ചക്കറി വളര്ത്തിയിട്ടുണ്ട്. മാനിന്റെ പകുതി വെട്ടി കൊടുത്ത് പച്ചക്കറി തരുമോന്നു ചോദിച്ചാലോ.

എന്റെ കണ്ടു പിടിത്തം- മാറ്റ കച്ചവടം അഥവാ ബാര്‍ട്ടര്‍ സിസ്റ്റം കാട്ടില്‍ മുഴുവന്‍ പരന്നു. ഇപ്പോ ജീവിതം എളുപ്പമാണ്. തനിയെ എല്ലാം കണ്ടുപിടിക്കുകയോ കൃഷി ചെയ്യുകയോ വേണ്ടാ. നമുക്കുള്ളത് കൊടുത്ത് വേണ്ടുന്നത് വാങ്ങാം.

2. കച്ചവടം വരുത്തിയ പുരോഗതി.
ഞാന്‍ രാവിലേ എഴുന്നേറ്റ് എന്റെ ഏറ്റവും വലിയ സ്കില്‍ ആയ പൊന്ത തപ്പല്‍ തുടങ്ങും. ഗുരുക്കളു മാനിന്റെ പിറകേ ഓട്ടം തുടങ്ങും, ഇഞ്ചി വെറുതേ അമ്പും വില്ലുമെടുത്ത് തെണ്ടണ്ടാ, തോട്ടം നോക്കി വീട്ടിലിരിക്കും, വിശാലന്‍ സില്ക്കിനെ തീറ്റാനിറങ്ങും, സിബു ചൂണ്ടയിടും, അരവിന്ദന് ചക്കയിടും, ദില്‍ബാന്‍ തേനെടുക്കും, ചന്ദ്രേട്ടന്‍ വിത്തു വിതക്കും, അനിലേട്ടന്‍ കിളികളെ ഏറിഞ്ഞിടും. വൈകുന്നേരം ഒരു റൌണ്ട് കച്ചവടം. എല്ലാവര്ക്കും എല്ലാമായി. അവനവന്റെ സവിശേഷ ശേഷികള് അനുദിനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ടു. പുതിയ രീതികള്‍ കൂടി കണ്ടുപിടിച്ചു. കിളി മുട്ട എടുക്കാന്‍ മരത്തില്‍ പൊത്തിപ്പിടിച്ചു കയറണ്ടാ പകരം കാട്ടുകോഴികളെ ഒരു കൂടുണ്ടാക്കി അടച്ച് തീറ്റയിട്ടു കൊടുത്താല് മതി എന്ന് അനിലേട്ടന് പരീക്ഷിച്ചറിഞ്ഞു. അരവിന്ദനും ദില്ബനും ഇപ്പോള് കാലില് വള്ളി കൂട്ടി കെട്ടിയാണ് മരം കയറ്റം, ഊര്‍ന്നു വീണു പോകുമെന്ന ഭയമേ വേണ്ട.

ചന്തകള്‍ സ്വാഭാവികമായും ഉണ്ടായി. എല്ലാവരും ഒരിടത്തു കൂടിയാല് കൈമാറ്റത്തിന് വളരെ കുറഞ്ഞ സമയം അല്ലേ എടുക്കൂ.

3. സേവനങ്ങളുടെ ജനനം.
ഇന്ഡ്യാ ഹെറിറ്റേജ് എന്നയാള്‍ക്ക് അറിയാത്ത പച്ച മരുന്നുകളില്ല. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, പുള്ളിക്ക് ഇഷ്ടമുള്ളവര്‍ക്കേ അതു കൊടുക്കുമായിരുന്നുള്ളു. ഇപ്പോള്‍ കുറുക്കന്‍ കടിച്ചാല്‍ പുള്ളിയുടെ ഗുഹക്കു മുന്നില്‍ കരഞ്ഞു കാത്തിരിക്കണ്ടാ, മരുന്നുണ്ടാക്കാനുള്ള ആട്ടിന്‍ മാംസം കൊടുത്താല്‍ മതി ഇങ്ങോട്ടു വന്ന് ചികിത്സിക്കും. ആടില്ലേ? ഓടണ്ടാ, യാത്രാമൊഴിക്ക് മുയലു കൊടുത്ത് ആടുവാങ്ങാം. സേവനങ്ങളുടെ ഉല്പ്പത്തിയും കച്ചവടം കണ്ടു പിടിച്ചതോടെ അങ്ങനെ തുടങ്ങി. അനംഗാരീടെ പാട്ടൊന്നു കേള്‍ക്കാന്‍ അയാളു പോകുന്നയിടത്തെല്ലാം പോയി കാത്തു നില്ക്കണ്ടാ, തടിയുള്ള ബീഡി രണ്ടെണ്ണം കൊടുത്താല്‍ സ്പോട്ടില്‍ തുടങ്ങും പാട്ട്. സാക്ഷിക്കും കുമാറിനും ഓരോ പൊതി അരി കൊടുത്താല്‍ ഗുഹയുടെ ഭിത്തി മുഴുവന് പടം- ആന കുതിര മുതല്‍ നമ്മുടെ പടം വരെ വരച്ചു തരും.

സാധനം കൊടുത്താല്‍ നമുക്കു വേണ്ടി തല്ലുന്നവന്‍ മുതല്‍ നമ്മുടെ കാര്യം ദൈവത്തോട് സംസാരിക്കുന്നവന്‍ വരെ ഉണ്ടായി. എന്തൊരു മാറ്റം!

4. മൂല്യവും ചരക്കും വേര്‍പിരിയുന്നു
എനിക്കു കുമ്പളങ്ങാ വാങ്ങണം. നേരേ പോയി മുയലുമെടുത്ത് ചന്തക്ക്. അവിടെ ആര്‍ പി കുമ്പളങ്ങാ വില്ക്കുന്നുണ്ട്, പക്ഷേ അവര്‍ക്ക് അരിയാണു വേണ്ടത്. ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പുണ്ടെന്നു പറഞ്ഞിട്ടും കൂശ്മാണ്ഡം നഹി ദേത്തി ഹി ഹൂ ഹാ. ചന്ദ്രേട്ടന്റെ കടയില്‍ അരിയുണ്ട്, പക്ഷേ പക്ഷേ പുള്ളിക്കു ചെമ്മീന്‍ വേണം, സിബുവിന്റെയടുത്ത് ചെമ്മീനുണ്ട് പക്ഷേ മൂപ്പര്‍ക്ക് കറിവേപ്പില വേണം. ഒടുക്കം സൂവിന്റെ കയ്യില്‍ മുയലേല്‍പ്പിച്ചു കറിവേപ്പില വാങ്ങി സിബുവിനു കൊടുത്തു ചെമ്മീന്‍ വാങ്ങി ചന്ദ്രേട്ടനെ ഏല്പ്പിച്ച് അരിവാങ്ങി ആര്‍പ്പിക്കു കൊടുത്തു കുമ്പളങ്ങാ വാങ്ങി. ചന്തയില്‍ ഇരുന്ന് രണ്ടു ചിരട്ട വെള്ളവും കുടിച്ചു. എന്തൊരു മിനക്കേട്.

എന്താണ് ഇതിനൊരു പരിഹാരം? എന്റെ മുയലിന്റെ വില- മൂല്യം അതുപോലെ കുമ്പളങ്ങയുടെയും മത്തങ്ങയുടെയും ചെമ്മീനിന്റെയും പാട്ടിന്റെയും ചികിത്സയുടെയും വില ഒരടയാള ചിഹ്നം ആക്കിയാലോ? കല്ലു പെറുക്കി വയ്ക്കാന്‍ പറ്റില്ല, നാട്ടുകാരനെല്ലാം വഴീല്‍ കിടക്കുന്ന കല്ലും പെറുക്കി വരും - കള്ള നാണയം!! അപ്പോള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള എന്തെങ്കിലും വേണം. കടലിലെ കവിടി ആയാലോ? ഞാന് മുയലിനെ ഇഷ്ടമുള്ളയിടത്ത് കൊടുത്ത് കവിടി വാങ്ങും. ഇഷ്ടമുള്ള സ്ഥലത്ത് ചെല്ലുമ്പോള്‍ അപ്പോള്‍ തോന്നുന്നത് കവിടി കൊടുത്ത് വാങ്ങും.

ഈ സൌകര്യത്തെക്കാള്‍ വളരെ വലിയ ഒന്ന് പണം കൊണ്ടുണ്ടായി. മിച്ചമൂല്യം സൂക്ഷിച്ചു വയ്ക്കാം, സമ്പാദിച്ചു വച്ച് ഒറ്റയടിക്കു ചിലവാക്കാം, മൂല്യം പലിശക്ക് കടം വാങ്ങി കച്ചവടം ചെയ്യാം, മൂല്യം അടുത്ത തലമുറക്കു കൈമാറാം! പണം മനുഷ്യനു പുതിയൊരു ശക്തി നല്കി. അവനെ മുതല്‍ ആളുന്നവന്‍ ആക്കി. മുതലാളികള്‍ അതു ചിലവാക്കി പട്ടാളത്തെയും പണിശാലകളെയും ഗവേഷകരേയും വിലക്കെടുത്തു പുതിയ രാജാക്കന്‍മാര്‍ ഭീഷണിയാല്‍ കൊച്ചു രാജ്യം ഭരിക്കുന്ന ഗുണ്ടകളായിരുന്നില്ല. വന്‍മുതലാളിമാരായിരുന്നു. ശംഖും കല്ലും ജിറാഫിന്റെ വാലും തിമിംഗലത്തിന്റെ പല്ലുമൊക്കെ നാണയമായിരുന്നത് മെല്ലെ സ്വര്‍ണ്ണവും
വെള്ളിയും ചെമ്പും കൊണ്ട് രാജമുദ്രയോടെയുള്ള അംഗീകൃത നാണയങ്ങളായി.

പണത്തിനു മീതെ പരുന്തും പറക്കില്ലെന്നു കണ്ടതോടെ മനുഷ്യനു പണമായി എല്ലാം. മുപ്പതു വെള്ളിക്കാശിനു ദൈവപുത്രനെ വരെ ഒറ്റിക്കൊടുത്തു. അങ്ങനെ പണത്തിനു നീതിയും നിയമവുമൊക്കെ ആവശ്യമായി വന്നു. അക്കഥയൊക്കെ നിങ്ങള് കുറച്ചു കൂടി വലിയ കുട്ടികളാകുമ്പോള്‍ നമുക്ക് പറയാം.

5. നോട്ടുകള്‍ കഥപറയുന്നു.
മിക്കവരും പ്രോമിസ്സറി നോട്ട് കണ്ടിട്ടുണ്ടാവുമല്ലോ? "ഞാന്‍ അതുല്യക്ക് അഞ്ഞൂറു രൂപ കൊടുക്കാനുണ്ട്", " ഒക്റ്റോബര്‍ പത്താം തീയതി ഞാന്‍ അതുല്യക്ക് അഞ്ഞൂറു രൂപ തന്നുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു" " ഒക്റ്റോബര്‍ പത്താം തീയതി, ഈ കടലാസ്സുമായി വരുന്ന ആളിനു ഞാന്‍ അഞ്ഞൂറു രൂപ കൊടുക്കാം". ഇതൊക്കെയാണു പ്രോമിസ്സറി നോട്ട് അതയത് വാ വാഗ്ദാന പത്രം.

എന്നാല് ഒരുമാതിരി രാജ്യങ്ങളിലെല്ലാം " ഈ കടലാസ്സുമായി വരുന്ന ആളിനു ഞാന്‍ നൂറു രൂപ കൊടുക്കാം എന്നു വാഗ്ദാനം ചെയ്യുന്നു" എന്നൊരു പ്രോ നോട്ട് എഴുതാന്‍ നിയമമനുവദിക്കില്ല. ഒന്നുകില്‍ ആളിന്റെ പേരു വേണം, അല്ലെങ്കില് ഒരു തീയതി വേണം, രണ്ടും കൂടിയായാലും വിരോധമില്ല. പക്ഷേ “ഈ പേപ്പറുമായി വരുന്നയാളിനു ഞാന്‍ Rs. 100 കൊടുത്തോളാം” എന്ന് കൊള്ളാവുന്ന ഒരുത്തന്‍ എഴുതിയ പ്രോമിസ്സറി നോട്ട് പണത്തിനു പകരം ഉപയോഗിക്കാം, പണം തരുമെന്ന ഉറപ്പ് പണത്തിനു തുല്യമല്ലേ. അമ്പതു കാശ് എപ്പോള് വേണമെങ്കിലും തരാം എന്ന "കറന്‍സി"യുള്ള (അര്ത്ഥം അ പൊതുവില്‍ അംഗീകരിക്കുന്നത് എന്ന്) പ്രോമിസ്സറി നോട്ട് പണം തന്നെ. കറന്‍സി നോട്ട് എന്ന സാധനത്തിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളു. ഇനി ആ പൊതുജനം എഴുതരുതെന്ന് നിയമമുള്ള പ്രോമിസ്സറി നോട്ടിലെ വാചകം ഒന്നു ഇംഗ്ലീഷിലേക്ക് തര്ജ്ജിമ ചെയ്തേ. "I promise to pay the bearer the sum of one hundred rupees"- ഉറപ്പായും ഈ പ്രോമിസ്സ് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഇല്ലേ? റിസര്വ് ബാങ്ക് ഗവര്ണറാണ് ഇന്ത്യയില്‍ ഈ നോട്ട് ഒപ്പിടുന്നത്.

പ്രാകൃതമായ കറന്‍സികള്‍ മുന്നേ ഉണ്ടായിരുന്നെങ്കിലും ആയിരത്തഞ്ഞൂറു വര്ഷം മുന്നേ ചൈനയിലെ സോങ്ങ് സാമ്രാജ്യമാണ് ശരിയായ രീതിയില്‍ പേപ്പര്‍ കറന്‍സി ആദ്യമായി ഇറക്കിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും ക്ഷാമമുള്ള കാലത്ത് അതിനു പകരം രാജാവൊപ്പിട്ട വാഗ്ദ്നാനപത്രം മതിയെന്ന് അവര് തീരുമാനിച്ചു. സൂക്ഷിക്കാന്‍ എളുപ്പം, മൂല്യം സ്വര്ണ്ണമായി കെട്ടിക്കിടക്കുകയുമില്ല. പേപ്പര്‍ കറന്‍സി ഒരടയാള ചിഹ്നം മാത്രമാണല്ലോ. അതിനാല്‍ സ്വര്ണ്ണം പോലെ അതിനൊരു ആഗോള തലത്തില് ഒറ്റ വില ഉണ്ടാകില്ല എന്നത് പണപ്പെരുപ്പത്തിനു കാരണമായി. ആയിരം വര്‍ഷം നില നിന്ന ചൈനീസ് നോട്ട് ഒടുവില്‍ കഠിനമായ പണപ്പെരുപ്പക്കാലത്ത് മിംഗ് ചക്രവര്ത്തി നിറുത്തലാക്കി. എങ്കിലും ആ രീതി ലോകം മുഴുവന് അനുകരിച്ചു.

ഒരുപാട് ഇനിയും പറയാനുണ്ട്. പണം സത്യമോ അതോ മിഥ്യയോ? ആരാണ് പണത്തിന്റെ വില നിശ്ചയിക്കുന്നത്, എങ്ങനെ പല രാജ്യത്തിന്റെ നോട്ടുകള്ക്ക് പല വില ആയി, പണത്തിന്റെ നാളെയെന്ത്? പണത്തിന്റെ നിയമമെന്താണ്? എപ്പോഴാണ് പണം ഒരു കരാറിന് ആവശ്യമില്ലാത്തത്? fiat അല്ലെങ്കില് ശാസനം എങ്ങനെ സ്വര്‍ണ്ണ തുല്യമായി? നിമിഷങ്ങള്‍ തോറും മാറുന്ന എക്സ്ച്ചേഞ്ച് റേറ്റുകള്‍ ആര് എന്തിനു തീരുമാനിക്കുന്നു.. കുട്ടികള് ഉറക്കം തൂങ്ങി തുടങ്ങി.. അതെല്ലാം വേറൊരു ക്ലാസ്സിലാക്കാം.

26 Comments:

Blogger സു | Su said...

അയ്യേ ഇതാണോ? ;)

ഒക്ടോബര്‍ പത്ത് കഴിഞ്ഞത് നന്നായി. ഇല്ലെങ്കില്‍ അതുല്യേച്ചി വന്നേനെ അഞ്ഞൂറു രൂപ ചോദിക്കാന്‍. ;)

Monday, October 30, 2006  
Blogger കുറുമാന്‍ said...

കൊള്ളാലോ പണമ്പുരാണം. ഇങ്ങനെ ഒരു മാഷ് ഞാന്‍ പഠിക്കണ കാലത്ത് എന്നെ പഠിപ്പിക്കാനുണ്ടായിരുന്നെങ്കില്‍ ഞാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുധാനന്തര ബിരുധം എടുത്തേനെ (ഉവ്വ് ഒലത്തിയേനെ).

പിന്നെ സൂവേ, അഞൂറ് അതുല്യേച്ചിക്ക് ഒക്റ്റോബര്‍ 10ന്‍ഉ കൊടുക്കാം എന്നു പറഞ്ഞതും ഒക്കെ വെറുതേയാന്നോ വിജാരിച്ചത്. പണ്ട് ആവേശത്തില്‍ മൂന്നു ബഡ്വൈസറ് കൊടുക്കാം എന്നു പറഞ്ഞത് ഇടിവാള്‍ നവംബര്‍ 10നു വാങ്ങാന്‍ ഇരിക്കുകയാ അതിന്റെ കൂടെ ഇതും കൊടുക്കാന്‍ ഇമ്മിണി പുളിക്കും അല്ലെ ദേവേട്ടാ?

Monday, October 30, 2006  
Blogger പച്ചാളം : pachalam said...

ദേവേട്ടാ “സാധനം കൊടുത്താല്‍ നമുക്കു വേണ്ടി തല്ലുന്നവന്‍ മുതല്‍ ” ഇവിടെയെങ്കിലും ഔദ്യോഗിക ഗുണ്ടയായ എന്‍റ പേരെഴുതാമായിരുന്നൂ...പോട്ടെ സാരമില്ല.

എന്തായാലും കൊള്ളാം നല്ല പോസ്റ്റ്!

(കുറുമാന്‍റെ കമന്‍റ് ഹ ഹ കിടിലന്‍)

Monday, October 30, 2006  
Blogger ഉമേഷ്::Umesh said...

കലക്കന്‍ പോസ്റ്റ്, തേവരേ!

കുമ്പളങ്ങാ വാങ്ങാന്‍ പെട്ട പാടു കലക്കി. അപ്പോള്‍ അങ്ങനെയാണു പണമുണ്ടായതു്‌, അല്ലേ?

Monday, October 30, 2006  
Blogger ഡാലി said...

നല്ല പോസ്റ്റ് ദേവേട്ടാ: സാമ്പത്തിക ശാസ്ത്രം മാത്രല്ല, പണവുമായി ബന്ധപ്പെട്ടതൊന്നും എനിക്ക് ശരിയാവൂല്ലാ. എന്നാലും ഈ ക്ലാസ്സിലുറങ്ങിയില്ല. അപ്പോ എനിക്ക് 10 വയസ്സിന്റെ ബുദ്ധിയേ ഉള്ളൊ! ഹാ! എന്തരോ ആവട്ടെ. പണം സത്യമാണൊ, മിഥ്യയാണൊ എന്നറിഞ്ഞട്ട് വേണം ബാക്കി :).

അരവിന്ദനും, ദില്‍ബനും, വള്ളികള്‍ കൂട്ടികെട്ട് കാലിലിട്ട് മരം കേറണ കാഴ്ച ഹാ! എതാ കാഴ്ച.

Monday, October 30, 2006  
Blogger ദിവ (diva) said...

ദേവേട്ടാ,

ഇത്‌ ഇഷ്ടപ്പെട്ടു. അവസാന പാരഗ്രാഫില്‍ പറഞ്ഞത്‌ ഓരോന്നായി പോസ്റ്റിയിരുന്നെങ്കില്‍........ ചുമ്മാ വായിക്കാമായിരുന്നു

നന്ദി.

Monday, October 30, 2006  
Blogger ഖാദര്‍ (പ്രയാണം) said...

12 കൊല്ലം മൂന്‍പ് ഇതൊന്നു വയിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എക്ണൊമിക്സ് വെറും 95 മാര്‍ക്കിന് തോറ്റുപോകില്ലായിരുന്നു.
പണം സത്യമോ അതോ മിഥ്യയോ? എന്തായാലും വേണ്ടില്ല,ദീപസ്തംബം മഹശ്ചര്യം നമുക്കും കിട്ടണം അത്

Monday, October 30, 2006  
Blogger സന്തോഷ് said...

നല്ല പോസ്റ്റ്, ദേവാ!

Monday, October 30, 2006  
Blogger അനംഗാരി said...

ദേവാ, ഇതു മനോഹരം. നന്നായിരിക്കുന്നു.

Monday, October 30, 2006  
Blogger പടിപ്പുര said...

ദേവന്‍, നല്ല ക്ലാസ്‌.
അടുത്തതെപ്പോഴാണ്‌?

Monday, October 30, 2006  
Blogger Sul | സുല്‍ said...

പുതിയ പരീക്ഷണമാണൊ ബൂലോകനെഞ്ചത്ത്. നന്നായിരിക്കുന്നു ദേവാ. ഇതുപോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പണ്ട് പറ്റിയിരുന്നെങ്കില്‍!!!!.

ബൂലോകത്തിലേക്ക് ചിന്ന പിള്ളേര്‍സിനും സ്വാഗതം.

Monday, October 30, 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

ദേവേട്ടാ ഇത് അസ്സലായി... പഠിപ്പിക്കുന്ന കാലത്ത് ആരെങ്കിലും ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍...

അടുത്ത ഭാഗങ്ങള്‍ വല്ലാതെ വൈകാതെ പ്രതീക്ഷിക്കട്ടേ ?

Monday, October 30, 2006  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഇല്ല ദേവേട്ടാ ഒട്ടും ഉറങ്ങിയില്ല. പെട്ടന്ന് തീര്‍ന്നു പോയല്ലോ എന്നു തോന്നി. അപ്പോള്‍ ഇതിന്റെ ബാക്കി എപ്പോഴാ?

സ്കൂളുകളില്‍ ഇതേ പോലെക്കെ സാമ്പത്തികശാസ്ത്രം പഠിപ്പിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു.

Monday, October 30, 2006  
Blogger പട്ടേരി l Patteri said...

ഉറങ്ങിയില്ല ...പക്ഷെ ഉറക്കം കെടുത്തി :)
പതിനൊന്നാം പിറന്നാള്‍ ആഘോഷിച്ച ഓര്‍മയുള്ളതിനാല്‍ ഞാന്‍ ഇതു വായിച്ചിട്ടേ ഇല്ല. ഞാന്‍ മാറി നിന്നു
ഡിംഗ്‌ ഡോങ്ങ്‌ ഡിം
കൂടുതല്‍ പോരട്ടേ....

Monday, October 30, 2006  
Blogger അതുല്യ said...

ദേവഗുരുവേ അറിവുകള്‍ ലളിതമായി പറയുമ്പോള്‍ നല്ലവണ്ണം (എനിക്കല്ല, വെറും 46 കിലോ) ഗ്രസിയ്കാന്‍ കഴിയുന്നു. ഉമേഷിനോട്‌ പറഞ്ഞത്‌ തന്നെ... അപ്പു ചെക്കനു ഇതൊക്കെ ഇത്ര ലളിതമായി തന്നെ പറഞ്ഞ്‌ കൊടുക്കാന്‍ ഒരു ഇംഗ്ലീഷ്‌ തര്‍ജമ കിട്ടുമോ? (എന്നെ ചീത്തയാക്കിയത്‌ വക്കാരിയാണു, എല്ലാം എനിക്ക്‌ ഇംഗ്ലീഷില്‍ കിട്ടുമായിരുന്നു :(

ഇങ്ങനെ എഴുതുവാന്‍ ഒരു തലയുണ്ടായിരുന്നെങ്കില്‍.... (ഒഹ്‌.. ഒന്നും ചെയ്യില്ല, 20 വയസ്സാവുമ്പോ കെട്ടിച്ച്‌ വിട്ട്‌ കുട്ടികളുമായി... വെണ്ടയ്ക സാമ്പാര്‍... കാബേജ്‌ തോരന്‍..... ഒക്കെ വയ്കാമായിരുന്നു.)

പിന്നെ തരാനുള്ളത്‌ 500 അല്ലാന്ന് ഒന്ന് കൂടി ഊന്നി പറയട്ടെ. നാട്ടിലെ നാലാം നില മാളിക പണിതീരാതെ കിടയ്കുന്നു. കിട്ടിയാ വലിയ ഉപകാരമായിരുന്നു.

"Perfect and THE BEST".

Monday, October 30, 2006  
Blogger മുല്ലപ്പൂ || Mullappoo said...

ദേവേട്ടാ,
വായിച്ചു. ഒന്നല്ല.പല ആവര്‍ത്തി.
സാമ്പത്തിക ശാസ്ത്രം ഇത്ര നന്നായി പറയുന്നു.
ഞാനിതു കട്ടി പകര്‍പ്പ് ആക്കുന്നു. ഇനിയും വായിക്കാന്‍.
ഈ ക്ലാസ്സില്‍ ഒന്നാം ബെഞ്ചില്‍ ഒന്നാം സ്ഥാനം ഞാന്‍ ബുക്ക് ചെയ്യണു.

അവസാന ഖണ്ഡികയിലെ എല്ലാം, ഓരോ പോസ്റ്റ് ആക്കുമൊ?

Monday, October 30, 2006  
Blogger ദില്‍ബാസുരന്‍ said...

ദേവേട്ടാ,
കിടിലന്‍ പോസ്റ്റ്! ഉപമകള്‍ നന്നായി രസിച്ചു.

ചന്തകള്‍ സ്വാഭാവികമായും ഉണ്ടായി.
ഇത് ആരെക്കുറിച്ചാണെന്ന് മാത്രം മനസ്സിലായില്ല. :-)

Tuesday, October 31, 2006  
Blogger Radheyan said...

സാമ്പത്തിക ശാസ്ത്രം കൊള്ളാം.നമ്മുടെ ഈ ബോറന്‍ വിഷയം ഇത്ര രസകരമായും കൈകാര്യം ചെയ്യാം അല്ലെ.പ്രത്യേകിച്ചും പഠിപ്പിക്കുമ്പോള്‍.

മൈക്രോയും മാക്രോയും മാക്രിയുമായിട്ട് ബാക്കി ഇക്കൊണോമിക്സും കൂടി പോരട്ടെ.

കൂലിക്ക് തല്ലിക്കുന്ന ക്വട്ടേഷന്‍ ഇക്കൊണോമിക്സ് വളരെ പുരോഗമിച്ചു

Tuesday, October 31, 2006  
Blogger വേണു venu said...

പണമ്പുരാണം. വളരെ ലളിതമായ പ്രദിപാതനം.മാഷേ ഒത്തിരി കാര്യങ്ങള്‍ മനസ്സിലായി. ആ അവസാനപാരഗ്രാഫിലെ ചെറിയ വലിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

പണമില്ലെങ്കില്‍ പിണം.
പണത്തിനു മേല്‍ പക്ഷിയും പറക്കില്ലാ.

ഈ ചൊല്ലില്‍ പതിരില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ടു്.
പണം ഇല്ലാത്തവന്‍ ‍ പട്ടിയാണു്.
പണം ഏതു പട്ടിക്കും ഉണ്ടാക്കാം.

Tuesday, October 31, 2006  
Blogger Siju | സിജു said...

ഈ വിദ്യ എവിടെ നിന്നും പടിച്ചു..
മുയലിനെ പിടിക്കുന്നതേ.
qw_er_ty

Tuesday, October 31, 2006  
Blogger Satheesh :: സതീഷ് said...

ദേവേട്ടാ, നല്ല പോസ്റ്റ്! ഇത്രയൊക്കെ എഴുതിയ സ്ഥിതിക്ക് ഇതിന്റെ അടുത്ത ഭാഗം എപ്പോഴാണെന്നും കൂടി പറയാമായിരുന്നു!
ഉമേഷ്ജി, മാനിനെയും തോളത്തിട്ടും കൊണ്ടുള്ള ആ വരവ് വിചാരിച്ചിട്ട് സഹിക്കുന്നില്ല!! :-)

Tuesday, October 31, 2006  
Blogger കലേഷ്‌ കുമാര്‍ said...

ദേവഗുരോ, കാല്‍ക്കല്‍ സാഷ്ടാംഗപ്രണാമം!
കലക്കന്‍ പോസ്റ്റ്!

കടുകട്ടി കാര്യങ്ങള്‍ എങ്ങനെ ഇത്ര രസകരമായി അവതരിപ്പിക്കാന്‍ കഴിയുന്നു?
ബാക്കി കൂടെ പറയൂ.....

Tuesday, October 31, 2006  
Blogger പൊന്നമ്പലം said...

വണക്കം ദേവേണ്ണാ...

സൂപ്പര്‍.. പിന്നെ ഒരു കാര്യം... അപേക്ഷയാണേ....അടുത്ത ലക്കം ഉടന്‍ വേണം... ഷേര്‍ മാര്‍ക്കറ്റിലെ കാര്യങ്ങള്‍, എങ്ങനെ ഷേര്‍ വാങ്ങാം, വില്‍ക്കാം, എന്തൊക്കെ ഡോക്കുമെന്റ്സ് വേണം, എങ്ങനെ ട്രെന്ഡ് മനസ്സിലാക്കാം, ഏതൊക്കെ വെബ്ബ് സൈറ്റുകള്‍ ഗൈഡ് ആക്കാം തുടങ്ങിയ ഇന്‍ഫൊ ഉണ്ടെങ്കില്‍ സഹായകമായി.
എനിക്ക് ഈ പരിപാടി ഉടന്‍ തുടങ്ങണം എന്നുണ്ട് അതു കൊണ്ടാണ്...
കൂട്ടത്തില്‍, ആരെങ്കിലും ടാക്സ് സേവിങ്ങിനെ കുറിച്ചു കൂടി എഴുതൂ...

നന്ദി

Wednesday, November 01, 2006  
Blogger ദേവന്‍ said...

അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ബൂലോഗത്ത്‌ ചെറിയ കുട്ടികള്‍ക്ക്‌ പടവും പാട്ടുമൊക്കെ കുറച്ചുണ്ട്‌, ബാക്കിയെല്ലാം വലിയ ബൂലോഗര്‍ക്കാണല്ലോ എന്നൊരു തോന്നലുണ്ടായപ്പോഴാണ്‌ അപ്പു പച്ചാന കണ്ണനാദി കുറച്ചു മുതിര്‍ന്ന കുട്ടികള്‍ക്ക്‌ വേണ്ടി ഒരു ് സാഹസത്തിനു മുതിര്‍ന്നത്‌.

പണം സത്യത്തില്‍ ഉണ്ടോ എന്ന ചോദ്യം കമന്റിട്ടതില്‍ കുറേപ്പേരെ ആകര്‍ഷിക്കുന്നെന്ന് തോന്നിയതിനാല്‍ അടുത്ത അദ്ധ്യായം അതാക്കാം.

ശര്‍മ്മതുല്യേ, പരിഭാഷ ഈ മെയിലേല്‍ അയക്കാം എനിക്ക്‌ ഇംഗ്ലീഷ്‌ ബ്ലോഗ്ഗില്ല കാരണം ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗില്ല എന്നാണ്‌ തല്‍ക്കാലത്തെ തീരുമാനം.

പൊന്നമ്പലമേ,
ഷെയര്‍ മാര്‍ക്കറ്റിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌ എഴുതാന്‍ പറ്റിയ ആള്‍ പട്ടേരിയാണ്‌, എന്നാലും ഞാനും അതില്‍ കൂടാം (മടി പിടിച്ചു നടക്കുന്ന ബ്ലോഗന്മാരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കാന്‍ വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍ പ്രകാരം പട്ടേരിയെ നമുക്ക്‌ കോടതി കേറ്റാം)ഇങ്കം ടാക്സില്‍ എന്റെ പിടിത്തം വിട്ടു കിടക്കുകയാണ്‌ എന്നാലും ശ്രമിക്കാം.

ദില്‍ബാ,
ചന്തകള്‍ എന്നു പറഞ്ഞതും എന്നെ വിളിച്ചോ എന്നു ചോദിച്ച്‌ പച്ചാളം ഓടി വന്നത്‌ കണ്ടില്ലേ?!

രാധേയാ,
തീയറി ക്ലാസുകള്‍ എന്നാല്‍ മുന്‍പേ പോകുന്ന വിദ്യാര്‍ത്ഥി ക്ലാസ്സില്‍ കേട്ട്‌ വിഴുങ്ങി പിന്നെയയാള്‍ അദ്ധ്യാപകനായി അടുത്ത തലമുറയുടെ ക്ലാസ്സില്‍ ശര്‍ദ്ദിച്ചു വയ്ക്കുന്ന ഒരു ശീലമാണ്‌ കോളേജുകളില്‍ വരുന്നത്‌.
അതു മാറാത്തതു മൂലം പഠിച്ചത്‌ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ഒരുപാടു ബിരുദനും ബിരുദാനന്തരനും കലാലയമിറങ്ങി അവനവനും നാടിനും പ്രയോജനം ഇല്ലാതെ പോകുന്നു. ഞാന്‍ പഠിച്ച പല കാര്യങ്ങളും ഇന്ന് എനിക്ക്‌ അര്‍ത്ഥരഹിതമായ വിവരം മാത്രമായി പോയി. അദ്ധ്യാപകന്‍ ടെക്സ്റ്റ്‌ ബുക്കിന്റെ ഓഡിയോ വേര്‍ഷന്‍ ആയിപ്പോയതിനു ഗുരുക്കന്മാരെ ഒരിക്കലും പഴിക്കില്ല, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുഴപ്പമാണേ പറയൂ ഞാന്‍.

സിജു
പൊന്ത തപ്പി മുയലിനെ പൊക്കുന്ന വിദ്യ കാട്ടിത്തന്നത്‌ ചിന്നാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പെടുന്ന കൂട്ടാര്‍ കാട്ടിലെ പെരുമാന്‍ എന്ന ഗിരിവര്‍ഗ്ഗക്കാരന്‍ ആണ്‌. തീയറിറ്റിക്കല്‍ അറിവു മാത്രമേ എനിക്കുള്ളു, മുയലിനെ പിടിച്ച്‌ തിന്നാന്‍ ഇതുവരെ തോന്നിയിട്ടില്ല, പാവം ജീവി!

Monday, November 20, 2006  
Blogger sanju said...

Can i get ur mail id?or please contact me on sanjupariyarath@gmail.com

Friday, April 30, 2010  
Blogger Roshan PM said...

പണം വന്ന വഴി ഇപ്പോഴാണ് മനസിലായത്, ഇത് വരെ പോണ വഴിയേ അറിയാരുന്നുള്ളൂ. നന്ദി ദേവൻ

Tuesday, November 12, 2013  

Post a Comment

Links to this post:

Create a Link

<< Home