Saturday, June 28, 2008

നിശാഗന്ധി

കള്ളിച്ചെടികളെ പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന പതിവ്‌ പണ്ടൊന്നും നമുക്കില്ലായിരുന്നു. കള്ളിയുടെ സ്ഥാനം വേലിക്കലാണ്‌, ആടും പശുവും മനുഷ്യനും വേലികടന്നു വരാതെ നോക്കുന്ന മുള്‍ച്ചെടികള്‍, അത്രതന്നെ.

ഒരേയൊരപവാദമാണ്‌ നിശാഗന്ധി. മുള്ളു കൂര്‍പ്പിച്ച തടിയന്‍ തണ്ടുമൊന്നുമില്ലാത്ത ഈ മെലിഞ്ഞ കള്ളി വീട്ടുമുറ്റത്തൊരു മരത്തില്‍ പടര്‍ന്നു കയറി സൌരഭ്യമുള്ള നിശാപുഷ്പങ്ങള്‍ സമ്മാനിക്കുന്ന പ്രത്യേകിച്ച്‌ ഒരു പരിചരണവും ആവശ്യമില്ലാത്ത ചെടിയായതിനാലാവും അത്‌.തണ്ട് മുറിച്ച് നട്ടാല്‍ നിശാഗന്ധിയെ പ്രജനനം ചെയ്യിക്കാം.

നിശാഗന്ധി [ദ്വിധനാമം epiphyllum oxypetalum ] നൈറ്റ്‌ ബ്ലൂമിങ്ങ്‌ സിറിയസ്‌, ഓര്‍ക്കിഡ്‌ കാക്റ്റസ്‌, ക്വീന്‍ ഓഫ്‌ നൈറ്റ്‌ എന്നൊക്കെ പലപേരുകളില്‍ അറിയപ്പെടുന്നെങ്കിലും ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ പേര്‍ ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നാണ്‌. കാലിക്കോ പോലെ മറ്റു ചില പൂച്ചെടികളെയും ഡച്ച്‌മാന്‍'സ്‌ പൈപ്പ്‌ എന്നു ചിലര്‍ വിളിക്കുന്നതിനാല്‍ തെറ്റിദ്ധാരണയുണ്ടായേക്കാം,ശാസ്ത്രീയനാമം തന്നെ ശരണം.

epiphyllum എന്നാല്‍ phyllusസിന്റെ, അതായത്‌ ഇലകള്‍ക്കൂ മേല്‍ വളരുന്നത്‌ എന്നാണര്‍ത്ഥം, phylum - എന്ന വാക്കുമായി ഇതിനു ബന്ധമില്ല. oxy-petalum എന്നാല്‍ മുനമ്പിച്ച പൂവിതളുകള്‍ എന്നും.

പ്രഭാതം- നിലത്തേക്ക് കുനിഞ്ഞ് കിളിര്‍ത്ത മൊട്ട്

ഒറ്റനോട്ടത്തില്‍ പൂക്കള്‍ വിരിയുന്നത്‌ ഇലകളില്‍ നിന്നാണെന്ന് തോന്നും, എന്നാല്‍ നിശാഗന്ധിയുടെ ഇലകള്‍ പോലെ തോന്നുന്ന ഭാഗം ഇലയായും വര്‍ത്തിക്കുന്ന തണ്ടുകള്‍ (phylloclade) ആണ്‌.

സായാഹ്നം - വിടരാന്‍ തയ്യാറെടുത്ത് മുകളിലേക്ക് തലയുയര്‍ത്തിയ മൊട്ടുകള്‍


രാത്രി- രജനീഗന്ധി വിടരുന്നു




ഡച്ച് മാന്‍സ് പൈപ്പ് പോലെ തന്നെ തോന്നുന്നില്ലേ? വശത്തുനിന്നുള്ള വീക്ഷണം

ദാ പൂക്കള്‍, വലിപ്പമുള്ള വെണ്ണനിറത്തിനും വെള്ള നിറത്തിനും ഇടയിലെവിടെയോ ഉള്ള ആ നിറം അപ്പടി പകര്‍ത്താന്‍ എന്റെ കഴിഞ്ഞോ ആവോ.




രാത്രിയല്ലേ, ഇരുട്ടല്ലേ. മണത്തില്‍ മോഹിതനായി വരുന്ന പോളിനേറ്റിങ്ങ് ഏജന്റ് കണ്ണു പിടിക്കാതെ പോയാലോ, തീപ്പെട്ടിക്കൊള്ളി പോലെ വലിയ ഒരടുക്ക് സ്റ്റേമനും നീരാളിയുടെ ആകൃതിയില്‍ ഗൈഡ് വയറിങ്ങ് നടത്തിയ സെവന്റി എം എം കാര്പെലും ഉണ്ടാക്കി നിര്‍ത്തുക തന്നെ പോം വഴി. ഇനി ഉന്നം തെറ്റി പോകരുതല്ലോ.



വീണ്ടും പ്രഭാതം. ദേ പെര്‍ഫ്യൂം ഫാക്റ്ററി കം ഔട്ട്ലെറ്റ് അടച്ചു. വാടിയ പൂവ്.


[എന്തെങ്കിലും പോസ്റ്റു വന്നിട്ടു വര്‍ഷമൊന്നു കഴിഞ്ഞ, ഗൂഗിള്‍ പോലും സ്പാമെന്നു വിളിച്ച് തള്ളിയ ഈ ബ്ലോഗിലെ അഗ്രിഗേറ്ററുകള്‍ ലിസ്റ്റ് ചെയ്യാത്ത കഴിഞ്ഞ പോസ്റ്റ് ഇട്ട ദിവസം തന്നെ തപ്പിക്കണ്ടെത്തി കമന്റിയ ജയരാജനു ഈ നിശാഗന്ധി സമര്‍പ്പിക്കുന്നു ]

Saturday, June 14, 2008

തൊണ്ടിപ്പഴം

"ചൊടികള്‍ തൊണ്ടിപ്പഴം പോലെ" എന്നു കേട്ടിട്ടില്ലാത്തവര്‍ വിരളമായിരിക്കും. തൊണ്ടിപ്പഴം കണ്ടിട്ടില്ലാത്തവര്‍ക്കും ശ്രദ്ധിച്ചിട്ടില്ലാത്തവര്‍ക്കുമായാണ്‌ ഈ പോസ്റ്റ്.

തൊണ്ടി (Sterculia foetida) Malvaceae കുടുംബത്തിലെ ഒരു വൃക്ഷമാണ്‌. നാല്പ്പതു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ കൂറ്റന്‍ മരം തെക്കേ ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നീ ഭൂഭാഗങ്ങളിലുണ്ട്. ഇന്ത്യയില്‍ വേനലില്‍ പൂക്കുകയും മഴക്കാലത്തിനു തൊട്ടുമുന്നേ കായ്കളാവുകയുമാണ്‌ പതിവ്. താഴത്തെ ചിത്രത്തിലെ തൊണ്ടി വളര്‍ച്ചയെത്തിയിട്ടില്ലെങ്കിലും കായ്ച്ചു തുടങ്ങി.

പഴത്തിന്റെ തൊണ്ടിന്റെ മനോഹരമായ നിറമാണ് “തൊണ്ടി” എന്ന പേര്‍ ഇതിനു നല്‍കാന്‍ കാരണമായത്. അകത്ത് കറുത്ത നിറത്തിലെ വലിയ കുരുക്കള്‍ ഉണ്ടാകുന്നത് തൊണ്ടി പാകമാകുന്നതോടെ പൊട്ടിത്തുറന്ന് വീഴുന്നു. പാകം കഴിഞ്ഞ് പൊട്ടിത്തുറന്ന കായകളാണ് ചിത്രത്തില്‍.

മേഘദൂതത്തില്‍ കാളിദാസനാണ് ആദ്യമായി നായികയുടെ അധരത്തെ തൊണ്ടിപ്പഴത്തോട് ഉപമിച്ചുകണ്ടത്. ശേഷമൊരുപാട് പേര്‍ അതെടുത്ത് ഉപയോഗിക്കുകയും ചെയ്തു. ശ്രദ്ധേയമായിത്തോന്നിയത് അദ്ദേഹത്തിന്റെ പ്രകൃതിനിരീക്ഷണ പാടവമാണ്. കൃത്യമായി പക്വതവന്ന തൊണ്ടിപ്പഴത്തിനു മാത്രമേ അധരരൂപമുള്ളു. അത്തരമൊരു പടം കയ്യിലില്ലാത്തതിനാല്‍ ഒരു പച്ചക്കായയുടെ ചിത്രം കൊടുക്കുന്നു, പഴുത്ത നിറം അതില്‍ സങ്കല്‍പ്പിച്ചു നോക്കൂ...


“തന്വീ ശ്യാമാ ശിഖരദശനാ പക്വബിംബാധരോഷ്ഠീ
മദ്ധ്യേ ക്ഷാമാ ചകിതഹരിണീപ്രേക്ഷണാ നിന്മനാഭീ..”
എന്ന് യക്ഷന്‍ തന്റെ കാമിനിയെ വര്‍ണ്ണിക്കുന്നു. പക്വത വന്ന ബിംബം- തൊണ്ടിപ്പഴത്തോടാണ് ദാസേട്ടന്‍ നായികയുടെ അധരോഷ്ഠിയുടെ സാമ്യം കാണുന്നത്. ഇത്തിരി മുന്നേയായ പഴം പച്ചയും ഇത്തിരി വാര്‍ദ്ധക്യം ബാധിച്ച പഴം തൊള്ള പൊളിച്ചു കരയുന്ന കുഞ്ഞിന്റെ വായ പോലെയും ഇരിക്കും.

ആ പക്വം കാണാനുള്ള പക്വത മേഘദൂതം വിവര്‍ത്തനം ചെയ്തവര്‍ക്കില്ലാതെപോയെന്നു വേണം മനസ്സിലാക്കാന്‍.
“മാനഞ്ചും കണ്ണ്, തൊണ്ടിച്ചൊടി, ശിഖരമണിപ്പല്ലു പോര്‍ക്കൊങ്കമൊട്ടാ‍ാലാനമ്രം മേനി...”
എന്നെഴുതിയ ജി ശങ്കരക്കുറുപ്പും
“ഉടലൊതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍ ചൊടികള്‍ തൊണ്ടിപ്പഴം പോള്‍ വിളങ്ങുവോള്‍
അരിയകൊച്ചരിപ്പല്ലും ഭയന്നമാന്‍ മിഴികളും നി‌മ്നനാഭിയുമുള്ളവള്‍...” എന്നു പരിഭാഷിച്ച കവിയും (വലിയ കോയിത്തമ്പുരാനാണോ?) ആ പക്വത്തിന്റെ പ്രാധാന്യം കണ്ടില്ലെന്നു വേണം കരുതാന്‍.


പണ്ടുപണ്ട്, ഏജ് ഓഫ് എമ്പയര്‍ എക്സ്പാന്‍ഷനും സോളിറ്റയറും വരുന്നതിനു മുന്നേ ഓഫീസില്‍ ഒരു പണിയും ഇല്ലാതെയിരിക്കുമ്പോള്‍ കളിച്ച ഡിഗ്ഗറിന്റെ ഓര്‍മ്മ വരുന്നോ ഈ പൊളിഞ്ഞ തൊണ്ടിയുടെ തൊണ്ട് കാണുമ്പോള്‍?

[പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു മരം പരിചയപ്പെടുത്തിയ ആഷയ്ക്കു സമര്‍പ്പിച്ചു]