Monday, August 28, 2006

തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!*

അപ്പോ ഇന്നു സാമൂഹ്യപാഠം. ആദ്യം ഗുരുകുലത്തില്‍ ചെന്ന് വിദ്യവരുന്ന വഴികണ്ടുപിടിക്കുക. "വിദ്യ വരുന്ന വഴി എനിക്കറിയാം, രാവിലേ ടൈപ്പിംഗ്‌ കഴിഞ്ഞു ചന്തക്കവല വഴി വരും" എന്നു പറഞ്ഞാല്‍ ശരിപ്പെടുത്തിക്കളയും ഞാന്‍.

ശരി. കണ്ടല്ലോ?നാലു കാലേല്‍ ആണു വിദ്യ വരുന്നത്‌ (ഭഗവാനെ ഇവളു വെള്ളമടിയും തുടങ്ങിയോ?) ഗുരുവൊരുത്തനു കാലേ തരാന്‍ കഴിയൂ. ബാക്കി കൂട്ടുകാരോടു ചോദിച്ചോ സ്വയം കണ്ടു പിടിച്ചോ അനുഭവം കൊണ്ടോ എങ്ങനാണെന്നു വച്ചാല്‍ അതുപോലെ കണ്ടു പിടിക്കണം. അസ്സീസ്സി ഗൈഡ്‌, വിദ്യാര്‍ത്ഥിമൂത്രം സര്‍വഞ്ജാനകോശി, മനോരോഗം വാരിക, ഫ്രീ വൈ ഫൈ എനേബിള്‍ഡ്‌ ടൌണ്‍ഷിപ്പ്‌ അങ്ങനെ നൂറ്റി നാലെണ്ണം കൂടി മൈനര്‍ കൈവഴികളായി ഒഴുകിയെത്തുന്നുണ്ടെന്നും എലന്തൂര്‍ ഗുരുക്കള്‍ പറയുന്നു.

അതു വഴികള്‍. ഒരു വഴി വെട്ടിയാല്‍ അതിലേ സാര്‍ത്ഥവാഹക സംഘം കയറി വരില്ലല്ലോ, ഈ വഴി ആള്‍ സഞ്ചാരമുണ്ടാവാന്‍ എന്നതാ ഒരു വഴി?

ഈ വഴിയെല്ലാം വന്ന് അകത്ത്‌ കറങ്ങുന്ന ഒരു റൌണ്ടെബൌട്ട്‌ ഉണ്ട്‌. അത്‌ പ്രജ്ഞ. ഈ പ്രജ്ഞ തെളിയാത്ത കൊജ്ഞാണന്മാരുടെ വഴിയെല്ലാം വെട്ടിത്തുറന്നിട്ടാലും കാര്യമില്ല. “പോത്തിന്റെ ചെവിയില്‍ വേദമോതി, പൊട്ടന്റെ മുന്നില്‍ ചെന്നു ശംഖു വിളിച്ചു” എന്നൊക്കെ ചില പഴഞ്ചൊല്ലുകള്‍ കേട്ടിട്ടില്ലേ.

പ്രജ്ഞയുടെ വിളക്ക്‌ സഹജമായി എല്ലാവര്‍ക്കുമുണ്ട്‌. അതിന്റെ തിരി തെളിക്കാന്‍ ഏറ്റവും പറ്റിയത്‌ അച്ഛനമ്മമാരാണ്‌. പൂര്‍ണ്ണപ്രജ്ഞരായ ഒട്ടുമിക്ക ആളുകളും അച്ഛനെന്നു പറയുമ്പോള്‍ ആശായപരമായ,
ആദര്‍ശപരമായ, താത്വികമായ, വൈഞ്ജാനികമായ, ദാര്‍ശനികമായ ഔന്നത്യത്തിലുള്ള ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ്‌ കാണാറ്‌. അപൂര്‍വ്വമായേ എന്റെയച്ഛന്‍ വലിയൊരു കവലച്ചട്ടമ്പി അല്ലെങ്കില്‍ കൈക്കൂലിക്കാരന്‍, വ്യഭിചാരി, സീരിയലുകളുടെ ആരാധകന്‍, ക്ഷുദ്രവാസനകളുള്ളവന്‍ എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളൂ.

മക്കള്‍ക്കും അനന്തിരവര്‍ക്കും, കൊച്ചുമക്കള്‍ക്കും അയലത്തെ കുട്ടികളുടെയും മനസ്സില്‍ ജ്ഞാനത്തിന്റെ നാളം കൊളുത്താന്‍ നമുക്കാവും. ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ.

വിഷയം ( സ്കോപ്പ്‌, അജെന്‍ഡ എന്നൊക്കെ പറയുന്നത്‌ )കുട്ടികള്‍ അസ്സിമിലേറ്റ്‌ ചെയ്യുകയാണ്‌ (യൂങ്ങും ഫ്രാഡുമൊന്നും പറഞ്ഞതല്ല, എന്റെ തന്നെ ഐഡിയ) അതിലെ ആസക്തിയാണ്‌ അവനെ/ അവളെ നയിക്കുന്നതെന്ന് സത്യവേദം പറയുന്നു. കുട്ടികളുടെ വിഷയത്തില്‍ ഡോക്റ്റര്‍ പട്ടത്തിനും സ്ത്രീധനത്തിനും അഡിഡാസ്‌ ഷൂവിനും എസ്‌ ക്ലാസ്സ്‌ ബെന്‍സിനും ഡീ ബീയര്‍ ഡയമണ്ടിനും, 916 സ്വര്‍ണ്ണാഭരണത്തിനും, കോളനിയിലെ ഏറ്റവും വലിയ വീടിന്റെ ഉടമസ്ഥതക്കും പുറമേ ഞ്ജാനം, സത്യം, നന്മ, സമൂഹം എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്‌. ലോകം അവനവനിലേക്ക്‌ ചുരുങ്ങി പോകാതിരിക്കാന്‍, നാളെക്കു വേണ്ടി എന്തെങ്കിലും മിച്ചം വച്ചേക്കാന്‍..
അപ്പോ ഇന്നത്തെ ഗൃഹപാഠം. അവനവന്‍ തന്നെ കണ്ടുപിടിക്കുക. (ഒരു വരി പഠിപ്പിച്ചാല്‍ നാലു വരി തനിയേ പഠിക്കേണ്ടും പാഠം താന്‍ സാമൂഹ്യപാഠം. )

എന്താണു വിദ്യ? എന്താണു പ്രജ്ഞ?
പ്രജ്ഞയില്ലാതെ വിദ്യക്ക്‌ അര്‍ത്ഥമില്ലാത്തത്‌ എന്തുകൊണ്ട്‌?

എങ്ങനെ ഒരു വിദ്യ സ്വായത്തമാക്കാം? എന്തു തരം വിദ്യകള്‍ നിങ്ങള്‍ പഠിക്ക്കേണ്ടതും പഠിപ്പിക്കേണ്ടതും പഠിക്കാന്‍ പ്രേരിപ്പിക്കേണ്ടതുമുണ്ട്‌?

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനായി നടക്കുന്നിതു ചിലര്‍
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം
(പിറകി ഇരുന്നു അടക്കി ചിരിച്ച ആ മൂക്കണാഞ്ചന്‍ എന്താ പറഞ്ഞതെന്ന് എനിക്കു മനസ്സിലായി "സാറേ ഇങ്ങനെ അവനവനെ കുറിച്ച്‌ പാടാതെ" എന്നല്ലേ)എന്നു പാടിയ കവി ആര്‌?

വിദ്യാപതി ആരെന്നറിയാമോ കുട്ടികളേ? ഈ ഞാന്‍ തന്നെ!!
എന്റെ ഭാര്യയുടെ പേരാണു വിദ്യ.

(*പാഠം പഠിക്കും ഞാന്‍ സിന്താവാ സിന്താവാ തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!എന്നത്‌ അയ്യപ്പ പണിക്കരുടെ കാര്‍ട്ടൂണ്‍ കവിത സീരീസിലെ ആണോ അതോ ഏ എസ്സിന്റെ കാര്‍ട്ടൂണോ? ഈയിടെ ഓര്‍മ്മ ഒട്ടും പിടിക്കുന്നില്ല. സന്തോഷ്‌, ബ്രഹ്മി ഉണ്ടോ?)