Saturday, January 29, 2011

കടവും അപകടവും

ഒരു സ്കൂള്‍ കുട്ടി ചോദിച്ചതാണ്‌ " ആളുകള്‍ കയ്യില്‍ കാശുള്ള‌പ്പോഴും ബിസിനസ്സ് നടത്താന്‍ കടമെടുക്കുന്നത് എന്തിനാണ്‌?"

ന്യായമായ ചോദ്യം. കയ്യില്‍ കാശുണ്ടെങ്കില്‍ പിന്നെ അതെടുത്ത് ബിസിനസ്സ് ചെയ്യരുമോ?

ഒരാള്‍ ഒരു ബിസിനസ്സ് തുടങ്ങുകയാണെന്നു വയ്ക്കാം. ചെറിയ ഒരു ഉപകരണം വില്‍ക്കാനാണ്‌ ഉദ്ദേശം. നല്ല ബിസിനസ്സ്. സാധനം ഒന്നിനു ഇരുന്നൂറ്റി ഇരുപത്തഞ്ച് രൂപയ്ക്ക് വാങ്ങി മുന്നൂറ്റി അമ്പതു രൂപയ്ക്ക് വില്‍ക്കാം. ഒരെണ്ണം വില്‍ക്കുമ്പോള്‍ നൂറ്റി ഇരുപത്തഞ്ചു രൂപ ലാഭം. ഒരു കൊല്ലം അയ്യായിരം എണ്ണം ന്യായമായും വിറ്റു പോകേണ്ടതാണ്‌. പതിനഞ്ചു ലക്ഷം  മുതല്‍ മുടക്കുണ്ട്.

ഇദ്ദേഹത്തിന്റെ ഒരാണ്ട് വരവു ചിലവ് നോക്കാം നമുക്ക്:


പതിനഞ്ചു ലക്ഷം രൂപ മുടക്കിയാല്‍ ഇദ്ദേഹത്തിനു മുടക്കിനു പതിനെട്ടു ശതമാനം ലാഭം കിട്ടും. നല്ലത്, പക്ഷേ ഇതേ ബിസിനസ്സ് ഇങ്ങനെ തന്നെ നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ എന്തു വഴി?

 ഈ വ്യക്തി പത്തു ലക്ഷം രൂപ ബാങ്കില്‍ നിന്നും പത്തു ശതമാനം പലിശയ്ക്ക് എടുക്കാന്‍ പദ്ധതി ഇടുന്നെന്ന് വയ്ക്കുക. ഒരാണ്ട് വരവു ചിലവ് ഇങ്ങനെ.
 
പദ്ധതി രണ്ട് പ്രകാരം ഇയാള്‍ ഇതേ ബിസിനസ്സ് അഞ്ചു ലക്ഷം രൂപ മാത്രം മുടക്കി മുടക്കു മുതലിനു മുപ്പത്തഞ്ച് ശതമാനം ലാഭം ഉണ്ടാക്കുന്നു!

ഇതെന്താണിങ്ങനെ? ഇയാളുടെ ബിസിനസ്സിനു പതിനെട്ടു ശതമാനം ലാഭമുണ്ട്. ബാങ്ക് ലോണിനു ചിലവ് പത്തു ശതമാനം പലിശയാണ്‌.

 അതായത് ബാങ്ക് ലോണിനെക്കാള്‍ കൂടിയ ലാഭമുള്ള ബിസിനസ്സ് ആണെങ്കില്‍ ലോണ്‍ നല്ലതാണെന്ന് വരുന്നു. എങ്കില്‍ പിന്നെ പണം മുടക്കുന്നതെന്തിന്‌, ലോണല്ലേ എപ്പോഴും നല്ലത് എന്ന് തോന്നുന്നോ? വരട്ടെ, എല്ലാ ബിസിനസ്സിനും റിസ്ക് ഉണ്ട്.    അയ്യായിരം യൂണിറ്റ് വില്‍ക്കാമെന്നു കരുതി ഇദ്ദേഹം കട തുറന്നപ്പോള്‍ അടുത്ത് വേറൊരുത്തന്‍ ഇതേല്‍ സ്വല്പ്പം ലോ ക്വാളിറ്റി ആണെങ്കിലും വില കുറവുള്ള ചൈനീസ് ഉപകരണം വില്‍ക്കാന്‍ തുടങ്ങി. വിചാരിച്ചതുപോലെ അയ്യായിരം വില്‍ക്കാന്‍ അതുകാരണം കഴിഞ്ഞില്ല,  മൂവായിരത്തി ഒരുനൂറ് എണ്ണമേ വിറ്റുള്ളൂ. നമുക്ക് രണ്ട് പദ്ധതിയും ഒന്നുകൂടെ നോക്കാം.










കടമില്ലെങ്കില്‍ ബിസിനസ്സ് ഒരു തരത്തില്‍ ഓടിപ്പോകുന്നുണ്ട്, പക്ഷേ കടമെടുത്താല്‍ സംഗതി നഷ്ടമാകും.

കടത്തിന്റെ കളി കൊണ്ട് ലാഭം കൂട്ടുന്ന ഇടപാടിനു ഫൈനാല്‍ഷ്യല്‍ ലീവറേജ് എന്നാണു പറയുക. ലാഭത്തില്‍ നിന്നും അടയ്ക്കേണ്ട പലിശ നിശ്ചിതമാണ്‌, നിങ്ങള്‍ എന്തു ചെയ്താലും ബാങ്കിനു തിരിച്ചടവും വേണം പലിശയും വേണം. ലീവറേജ് കൂടുന്തോറും റിസ്കും കൂടി വരും. ലീവറേജ് എത്ര വേണം എന്നു നിശ്ചയിക്കുന്നതിലെ ഒരു പ്രധാന മാനദണ്ഡം നിങ്ങളുടെ ഓപ്പറേഷന്‍ എത്ര കണ്ട് അത് താങ്ങും എന്നതാണ്‌.

ഫൈനാന്‍ഷ്യല്‍ ലീവറേജ് എന്താണെന്നു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഒരു ലളിത ഉദാഹരണം മാത്രമാണ്‌. ശരിക്കുള്ള ബിസിനസ്സില്‍, പ്രത്യേകിച്ച് വന്‍ കമ്പനികള്‍ എത്ര മുടക്കണം എത്ര കടമെടുക്കണം എന്നു നിശ്ചയിക്കുന്നത് വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ്‌. അതിനു സ്പെഷ്യലിസ്റ്റുകള്‍ തന്നെയുണ്ട്.

ഇനി-എന്തുകൊണ്ട് ബ്ലേഡില്‍ നിന്നു കടമെടുക്കുന്ന ബിസിനസ്സുകള്‍ പൊളിയാന്‍ സാദ്ധ്യത വളരെക്കൂടുന്നു? ഇവര്‍ മുപ്പതു മുതല്‍ നാല്പ്പത് ശതമാനം വരെ ഒക്കെ പലിശ വാങ്ങുന്നു. ഇത്രയും ലാഭം-മുടക്ക് ശതമാനമുള്ള ബിസിനസ്സുകള്‍ തീരെ കുറവാണെന്നു മാത്രമല്ല, ഇത്രയും പലിശയുള്ള കടം കൊണ്ട് എന്തു ചെയ്താലും അതിലെ ഫൈനാന്‍ഷ്യല്‍ റിസ്ക് മൂലം ബിസിനസ്സില്‍ വരുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിധം മാരകമായിരിക്കും.

ഒട്ടും കടമെടുക്കാത്തവര്‍  അവസരം നഷ്ടപ്പെടുത്തും പക്ഷേ  വകതിരിവില്ലാത്തെ കടമെടുക്കുന്നവര്‍ ബിസിനസ്സ് തന്നെ നഷ്ടപ്പെടുത്തും എന്നു ചുരുക്കം